Friday, 1 July 2011

ezhuth july 2011contents

 എഡിറ്റോറിയൽ
മാത്യൂ നെല്ലിക്കുന്ന്

സുനിൽ സി ഇ

ഇന്ദിരാ ബാലൻ

സി വി വിജയകുമാർ

ഹരിദാസ് വളമംഗലം

സാജു പുല്ലൻ

നിഷ ജി

 ആർ മനു

ഇസ്മൈൽ മേലടി

രാജനന്ദിനി


കെ. ജി. ഉണ്ണികൃഷ്ണൻ

കെ. എസ്. ചാർവാകൻ

വിജയകുമാർ കുനിശ്ശേരി

സനൽ ശശിധരൻ

രാജേഷ് ചിത്തിര

 കെ. ബാലകൃഷ്ണശാസ്ത്രി


വേണു വി ദേശം

ടി.എ.ശശി

തേവന്നൂർ മണിരാജ്


എം. കെ. ഹരികുമാർ/ശൈലേഷ് തൃക്കളത്തൂർ

സംസ്കാരം;മറവിയുടേതും

എം. കെ. ഹരികുമാറുമായി അഭിമുഖം: ശൈലേഷ് തൃക്കളത്തൂർ

ഇന്നത്തെ കലാകാരന്മാർക്ക്‌ അവർ പങ്കാളിത്തംവഹിച്ച സൃഷ്ടികൾ രണ്ടാമതൊന്നുകൂടി കാണാനുള്ള അവസരമില്ല. ആഖ്യാനങ്ങളുടെ സ്ഥൂലതയാണ്‌ കാരണം. കലാകാരന്മാർ സേവനദാദാക്കളാണ്‌ - എം.കെ.ഹരികുമാർ

ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?

= എം.കെ.ഹരികുമാർ: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു എന്ന്‌ മാത്രം.
 ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്‌, അത്‌ എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്‌. വെറുതെ കളയാനൊക്കില്ല.. അത്‌ ഒന്നിലധികം വസ്തുക്കളെ മുൻനിർത്തി ഏതാണ്‌ നല്ലത്‌ എന്ന്‌ നോക്കി തിരഞ്ഞെടുക്കുന്നുണ്ട്‌. ഒന്ന്‌ എപ്പോഴും പ്രാമാണ്യത്തോടെ മുൻനിരയിൽ വരുന്നു. അപ്പോഴും അതിനേക്കാൾ നല്ലത്‌ ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ്‌ പോകുന്നത്‌. കാലമാണ്‌ ഇതിനു സഹായിക്കുന്നത്‌. ഈ നിമിഷത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ട്‌. അത്‌ കഴിഞ്ഞാൽ കാലം അതിനെ വിസ്മൃതിയിൽ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന്‌ അവശേഷിക്കുന്നു.
 ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കൾപോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്‌. കല്ല്‌ ഓരോ നിമിഷത്തിലും പുതിയതാണ്‌. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച്‌ മാറും. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ട്‌. ഏത്‌ വേണമോ, മറ്റെല്ലാം അതിൽ നിന്ന്‌ നീക്കിയാൽ മതി.
 ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ്‌ അങ്ങനെ നിൽക്കാൻ ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌, സ്വരം എന്ന വാക്കിൽ സ്വരം എന്ന ആശയമുണ്ട്‌. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്‌. ഇത്‌ ജീർണതയാണ്‌. മറ്റൊന്നിനെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകൾ സംവാദത്തെയും സമന്വയത്തെയും വളർച്ചയെയും തളർത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നാകുന്നതാണ്‌ വളർച്ച. ജീവിതം ഈ വളർച്ചയാണ്‌. അല്ലെങ്കിൽ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീർണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാൻ ഇതാവശ്യമാണ്‌. വാക്കുകൾ, ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്‌, മറ്റൊന്നാകുമ്പോൾ അത്‌ ജലാത്മകതയാകും. ഒഴുക്ക്‌ എന്ന സ്വഭാവവും നവീകരണവും അതിൽ ഉണ്ടാകുന്നു.
ചോദ്യം:  ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിർമ്മാണവും എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?
= എം.കെ.ഹരികുമാർ: ഇന്ന്‌ ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പാർട്ട്മെന്റായി  കാണാനാവില്ല. ജനതകൾ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിർമ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്‌. ആധുനിക ജീവിതം ദീർഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതിൽ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത്‌ ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.
ചോദ്യം :  ജീവിതത്തെ ആകെ കാണാൻ കഴിയുന്നില്ലെങ്കിൽ, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്‌?
= എം.കെ.ഹരികുമാർ: ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട്‌ എന്നത്‌ ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത്‌ സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട്‌ സ്വപ്നം എന്ന നിലയിലാണ്‌ പണിയുന്നത്‌. അറുപത്‌ വയസ്സിനോടടുപ്പിച്ച്‌ വീട്‌ വയ്ക്കുന്നവർ, അത്‌ പൂർത്തിയാക്കിയശേഷം പിന്നെയും വീട്‌ വിട്ട്‌ പോകുന്നു. വീട്‌ ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക്‌ വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്‌. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട്‌ വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത്‌ മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന്‌ വലിയൊരു സമൂഹമാണ്‌.
 വീടിന്റെ ഒരു ഭാഗം അതിഥികൾക്ക്‌ വാടകയ്ക്ക്‌ കൊടുക്കുന്നവരും, റസ്റ്റോറന്റ്‌ നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്‌. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട്‌ റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട്‌ ഹോട്ടലാക്കി ബിസിനസ്സ്‌ നടത്തുന്നവരുണ്ട്‌. ഇതെല്ലാം വ്യതിയാനങ്ങളാണ്‌. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്‌. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്‌. ദീർഘകാലം നിലനിൽക്കുന്നത്‌ എന്നത്‌ വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന്‌ ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന്‌ മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച്‌ മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത  ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു. മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ്‌ സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്‌. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്‌, മേൽത്തരമെന്ന്‌ അവകാശപ്പെടുന്നത്‌ എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്‌. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്‌. പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ്‌ ബ്രാൻഡിംഗിനുള്ള മറ്റ്‌ മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്‌. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ്‌ പുതിയ രോഗികളെ സൃഷ്ടിക്കുന്നത്‌. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന്‌ ചെക്ക്‌ ചെയ്യാനുള്ളവയാണ്‌. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്‌. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു.  ഇവർ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താൻ വേണ്ടി  ഇപ്പോൾ ടെസ്റ്റുകൾക്ക്‌ വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ്‌ ടെസ്റ്റുകൾക്കാണ്‌. യഥാർത്ഥ രോഗികൾക്ക്‌ ഇന്ന്‌ ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു.
 പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്‌. എന്തും രോഗമാണ്‌. കുഴപ്പമാണ്‌, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത്‌ പോകുന്ന കാലമാണിത്‌.
ചോദ്യം: ബ്രാൻഡുകളിൽ കടിച്ചുതൂങ്ങി ജീവിക്കുന്നത്‌ നിരാസവും നിർമ്മാണവുമാണോ?
= നിരാസവും നിർമ്മാണവും സ്വഭാവ വിശേഷങ്ങളാണ്‌. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത്‌ മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ്‌ ആഘോഷിക്കുന്നത്‌; ഭൂതകാലത്തെയല്ല എന്ന്‌ പറയാനാണ്‌ ഞാൻ ശ്രമിച്ചത്. ബ്രാൻഡുകൾക്ക്‌ അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്‌. ചിലർ, അവർ പിന്തുടരുന്ന  ബ്രാൻഡ്‌, ഉപദേഷ്ടാവ്‌, സ്ഥാപനം മാത്രമാണ്‌ ശരിയെന്ന്‌ ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്‌. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ്‌ ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്‌.
ചോദ്യം:  ഇന്നത്തെ മാധ്യമങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത്‌.?
= പുതിയ സാങ്കേതികവിദ്യ, പുതിയതരം കേൾവിക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിച്ചിട്ടുണ്ട്‌. കാഴ്ചയും കേൾവിയും,  എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള ഉത്തരവാദിത്തവും വിധിയുമാണ്‌. മാധ്യമങ്ങൾ നിർമ്മിക്കുന്നത്‌ അരാഷ്ട്രീയതയാണ്‌. ഒരു യാഥാർത്ഥ്യത്തിനും വേണ്ടി അവ നിലകൊള്ളുന്നില്ല. അവ സൂപ്പർമാർക്കറ്റാണ്‌. പലതും അവിടെ ഷോപ്പിംഗ്‌ നടത്താം. വാർത്തകൾപോലും ഇന്ന്‌ ഷോപ്പിംഗിന്റെ ഭാഗമാണ്‌. ഒരു ചാനലിൽ  ഇഷ്ടമുള്ളത്‌ അഞ്ചോ പത്തോ മിനിട്ട്‌ കാണാം. അത്‌ ബോറടിച്ചാൽ അടുത്ത ചാനലിലുള്ളത്‌ ഷോപ്പിംഗ്‌ ചെയ്യാം. വലിയ സമരങ്ങളൊക്കെ, ചാനലുകൾക്ക്‌ വേണ്ടിയാണെന്ന തോന്നൽ ഉണ്ടാകുന്നു. രാഷ്ട്രീയസംഭവങ്ങൾ ചാനലുകൾക്ക്‌ മുമ്പിലിരുന്ന്‌ ആളുകൾ വിനോദപരിപാടിയായാണ്‌ വീക്ഷിക്കുന്നത്‌. തീർച്ചയായും ഉപകരണങ്ങൾ ഉണ്ടാക്കിയ പുതിയ സംസ്കാരമാണിത്‌. മാധ്യമങ്ങൾ, വാർത്തയുണ്ടെന്ന്‌ കണ്ടാൽ എത്ര വേണമെങ്കിലും യാഥാസ്ഥിതികമാകും.
ചോദ്യം:  കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാൾ ആണോ?
= ഷോപ്പിംഗ്‌ മാൾ ഇന്ന്‌ സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേൽത്തരം ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിൽ നിരത്തിയിരിക്കുന്നത്‌ കാണുന്നത്‌, വിനോദവും വിജ്ഞാനവുമാണ്‌. കൺസ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്‌. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവർ ഷോപ്പിംഗ്‌ മാളുകളിലെ ബ്രാൻഡഡ്‌ ലേഡീസ്‌ ഷോറൂമുകളിൽ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉൽപന്നങ്ങൾ എന്തിനാണെന്ന്പോലും അവർക്കറിയില്ലായിരിക്കും. പെൺകുട്ടികളും ആൺകുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ്‌ വസ്തുക്കൾ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങൾ ശേഖരിക്കാനുണ്ട്‌. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്‌. അതുകൊണ്ട്‌ മാളുകൾ വിജ്ഞാനവേദിയുമാണ്‌. അവിടെ നൂറുകണക്കിന്‌ പേർക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോർട്ടുകൾ' ഉണ്ട്‌. അലങ്കരിച്ച ആകർഷകമായ ആ ഫുഡ്കോർട്ടുകളിൽ സ്വസ്ഥമായിരുന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കുന്നത്‌ പുതിയ സാംസ്കാരികാനുഭവമാണ്‌. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്‌. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓർഡർ കൊടുത്താലേ തയ്യാറാക്കൂ. ഓർഡർ കൊടുത്ത്‌ ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്‌, വീട്ടനുഭവം കൂടിയാണ്‌. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവർത്തനമാണ്‌. ചിലപ്പോൾ അഞ്ചോ ആറോ പേർ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാൽ ആധുനിക ഫുഡ്കോർട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ്‌  പാർക്കിലോ  ഉപഭോക്താവിന്‌, കലാസ്വാദകന്‌, കാണിക്ക്‌ കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാൾ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കൺസ്യൂമർ' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്‌.
ചോദ്യം: ഇതെല്ലാം താങ്കൾ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?
= അനുഭവങ്ങൾ തുണ്ടുകളാണ്‌. ബൃഹത്തായ അനുഭവങ്ങൾക്കായി മൂന്നോ നാലോ മണിക്കൂർ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വൻ സിനിമകൾ കാണാൻ, മറ്റെല്ലാം മാറ്റിവച്ച്‌ മണിക്കൂറുകൾ ചെലവഴിക്കാൻ ഇന്ന്‌ പലർക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തിൽ, മണിക്കൂറുകൾ വെറുതെ ഇരുന്ന്‌ കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക്‌ കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ്‌ നാം ശ്രമിക്കുക. അതുകൊണ്ട്‌ തുണ്ടുകൾ, അത്‌ റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷൻ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്‌.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉൽപന്നങ്ങൾ കൂടിയാണ്‌.
ചോദ്യം:  സംസ്കാരത്തിന്റെ നിർമ്മാതാവ്‌ എന്ന നിലയിൽ ഇന്നത്തെ കലാകാരനെ താങ്കൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?
= ഇന്നത്തെ കലാകാരൻ കലയുടെ സ്രഷ്ടാവല്ല. അയാൾക്കതിനു കഴിയില്ല. അയാൾ വസ്തുക്കൾ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ്‌ കലയുണ്ടാക്കുന്നത്‌. ഒന്നിനും ഒറ്റയ്ക്ക്‌ കലയാകാൻ കഴിയില്ല. അത്‌ എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിർമ്മാണത്തിൽ കലയുണ്ട്‌. പക്ഷേ, അത്‌ കളയാണെന്ന്‌ അവകാശപ്പെടാൻ തേനീച്ചകൾ ശ്രമിക്കുന്നില്ല. കാരണം, ആ നിർമ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്‌. അത്‌ നമ്മെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. മഴവില്ലിൽ, പുലരിയിൽ എല്ലാം കലയുണ്ട്‌. പാമ്പ്‌ ഇഴയുന്നതിൽപ്പോലും കലയുണ്ട്‌. ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യൻ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ്‌ കലയുടെ അർത്ഥം തേടേണ്ടത്‌. പലനിറങ്ങളെ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേർത്ത്‌ ഒരിടത്ത്‌ കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത്‌ കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകൾ, പെയിന്റിംഗുകൾ എന്നിവ ഉപയോഗിച്ച്‌ പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അർത്ഥം ഒരിടത്ത്‌ ഒന്നിച്ച്‌ അണിനിരക്കുന്നതോടെ മാറി മറ്റൊരു അർത്ഥമുണ്ടാകുന്നു. ഇതാണ്‌ നിരാസവും നിർമ്മാണവും. പരമ്പരാഗതമായി വാക്കുകൾക്കുള്ള അർത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകർത്ത്‌ പുതിയ അർത്ഥം സൃഷ്ടിക്കാനായാൽ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അർത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയിൽ നിരസിച്ച്‌, കലാകാരൻ പുനർനിർമ്മിക്കുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.
ചോദ്യം: സാങ്കേതിക ഉപകരണങ്ങൾ ജീവിതത്തിൽ അമിത പ്രാധാന്യം നേടുമ്പോൾ കലയുടെ ആത്മീയത മരിക്കുകയല്ലേ?
=  കലയുടെ അത്മീയത പുസ്തകങ്ങളിൽ നിന്ന്‌ മാത്രം ജനിക്കുന്നതല്ല. ആളുകൾക്ക്‌ പങ്കാളിത്തമുള്ള കലയാണ്‌ ഇന്ന്‌ അവർ തേടുന്നത്‌. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകൾക്ക്‌ മുമ്പിൽ നിൽക്കാൻ ഇന്ന്‌ അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കടന്നുചെന്നിരിക്കയാണ്‌. ഇത്‌ ഇന്നത്തെ കലയുടെ ജനാധിപത്യമാണ്‌. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഭക്ഷ്യവിഭവങ്ങൾ (കേക്കുകൾ, കറികൾ) എന്നിവയിലെല്ലാം കലയുടെ ടച്ച്‌ ഇന്ന്‌ നിർബന്ധമാണ്‌. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പർശമാണ്‌ എവിടെയും. എന്താണ്‌ ഈ സംസ്കാരം? ഇത്‌ ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേൽ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്‌. മെഡിക്കൽ പരിശോധനകൾക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന്‌ സംസ്കാരവൽക്കരിക്കുന്നു. കമ്പ്യൂട്ടർ ടെംപ്ലേറ്റുകൾ എത്ര കലാപരമായാണ്‌ തയ്യാറാക്കുന്നത്‌! ഏറ്റവും അതിശയിപ്പിക്കുന്നത്‌, മൊബെയിൽ ഫോണുകളും ഇലക്ട്രോണിക്സ്‌ ഉൽപന്നങ്ങളുമാണ്‌. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികൾ എന്നപോലെ കലാവസ്തുക്കളുമാണ്‌. സാങ്കേതികമായ അറിവ്‌, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നൽകി. കല ഇന്ന്‌ പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത്‌ സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കല  ഇന്ന്‌  ആളുകളുടെ ഉപഭോക്തൃവസ്തുവാണ്‌. അവരത്  പ്രത്യേകം ചതുരത്തിൽ ഒരുക്കി നിർത്തിയല്ല ഉൾക്കൊള്ളുന്നത്‌. കലയാണെന്ന്  പറഞ്ഞ്‌ ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത്‌ സംസ്കാരമായി അവരുടെയുളളിൽ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകൾ രൂപകൽപന ചെയ്യുന്നതിൽ ഡിസൈനിംഗും കലയുമുണ്ട്‌. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ  ഇന്ന്‌ പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേർന്നാണ്‌ വസ്തുവിന്റെ ഉപയോഗം സമകാലീനമായ  സംസ്കാരവൽക്കരണമായി മാറുന്നത്‌. കല വസ്തുവിലേക്ക്‌ ചേർക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേർന്നാണ്‌ സംസ്കാരവൽക്കരണത്തിനു ശക്തിവർദ്ധിപ്പിക്കുന്നത്‌.
ചോദ്യം:  വ്യാജയാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കൾ എഴുതിയതോർക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാർത്ഥ്യങ്ങൾ ആളുകൾ വിശ്വസിക്കുമോ?
= ഇക്കാലത്ത്‌ ആർക്കാണ്‌ വിശ്വസിക്കാൻ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകൻ സകല പ്രതിസന്ധികളെയും തരണം ചെയ്ത്‌, അനേകം പേരെ വകവരുത്തി മുന്നേറുന്നത്‌ ആളുകൾ തലകുലുക്കി സമ്മതിക്കുന്നു. എന്നാൽ അതിൽ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തിൽ ധൂർത്താണ്‌. വിശ്വാസത്തിനു മുടക്ക്‌ മുതൽ കൂടുതലുണ്ട്‌. ദൈവത്തിൽപ്പോലും ആളുകൾ വിശ്വസിക്കുന്നില്ല; വേണമെങ്കിൽ ദൈവം നമ്മളിൽ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളിൽ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങൾ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദർശിപ്പിക്കുകയാണ്‌ ഇന്നത്തെ ഭക്തൻ ചെയ്യുന്നത്‌. ദൈവം അവനിൽ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മനോഭാവം മാധ്യമങ്ങളും പുലർത്തുന്നു.
 മാധ്യമങ്ങൾ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒന്നും അവർ വിശ്വസിക്കുന്നില്ല. നമുക്ക്‌ വേണമെങ്കിൽ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവർ പിന്മാറുന്നു. പിന്നീടത്‌ നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകർ (വായനക്കാർ) വാർത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്‌, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്‌. അതുകൊണ്ട്‌ പ്രേക്ഷകർക്ക്‌ യഥാർത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡൽഹിയിൽ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം കൊച്ചിയിലെത്തി അത്‌ നിഷേധിച്ച ശേഷം കൂടുതൽ വിശദീകരണം നൽകി. അതും പ്രശ്നമായപ്പോൾ തിരുവനന്തപുരത്ത്‌ മുന്നാമതൊരു വ്യാഖ്യാനം കൂടി നൽകി. ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയിൽ, ഒരാൾ തന്നെ വ്യാഖ്യാനിക്കുമ്പോൾ അത്‌ സിനിമാറ്റിക്കാവുന്നു, യാഥാർത്ഥ്യമല്ല. മൂന്ന്‌ വ്യാഖ്യാനങ്ങളും കണ്ട്‌ ആസ്വദിച്ചശേഷം പ്രേക്ഷകൻ തൃപ്തിയോടെ ഉറങ്ങാൻ പോകുന്നു. നേതാവ്‌ കൂടുതൽ ലൈവാകാൻ ഇത്‌ സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ്‌ ഇന്ന്‌ നേതൃസ്ഥാനത്ത്‌ മാത്രമല്ല ഉള്ളത്‌, ലൈവാക്കുക എന്ന ചുമതല   അദ്ദേഹത്തിനുണ്ട് . ലൈവാകാൻ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങൾ (അത്‌ പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവൽക്കരിക്കുന്നു.
 രാഷ്ട്രീയം ഇന്ന്‌ ടെക്നോളജിയുടെ സഹായത്തോടെയാണ്‌ സംസ്കാരമാകുന്നത്‌. ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കിൽ ഇന്ന്‌ രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്‌.
ചോദ്യം:  എന്താണ്‌ നവാദ്വൈതം? അത്‌ ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?
= നിമിഷത്തിലാണ്‌ ജീവിതമെന്ന്‌ പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്‌, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്‌. ഓരോ നിമിഷം  കഴിയുന്തോറും കാലത്തിന്റെ വളർച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട്‌ ആ കാലത്തിനു പൂർവ്വസ്ഥിതിയിലേക്ക്‌ മടങ്ങാൻ കഴിയില്ല. നവാദ്വൈതത്തിലും ഈ വളർച്ചയുണ്ട്‌. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്‌. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും  വളരുകയാണ്‌. പുതുതാകാൻ വിധിക്കപ്പെട്ട നമുക്ക്‌ പഴയ വഴികളിലൂടെ എത്തിച്ചേരാൻ ഒരിടമില്ല. ഇതാണ്‌ ഏകാന്തത. വഴികളിൽ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട്‌ ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക്‌ പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്.
 ഏത്‌ വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്‌. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന്‌ പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്‌. സ്വന്തം അവസ്ഥയിലേക്ക്‌ വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്‌, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും.
 കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മൾ കൊടുക്കുന്ന അർത്ഥം കൂടിയുണ്ട്‌. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്‌, മനുഷ്യന്‌ പുതിയ അർത്ഥമേഖലകൾ സൃഷ്ടിക്കാം. വീടുണ്ടാക്കിയാൽ മാത്രം പോരാ, അത്‌ മനസ്സിനിണങ്ങുന്ന തരത്തിലാക്കാൻ മുറ്റത്ത്‌ ചെടികളോ, കല്ലുകളോ വേണം. മുറിയിൽ ചിത്രങ്ങളാകാം. ചുമരിലെ നിറങ്ങൾ പോലും നമ്മുടെ മനസ്സിനെ പ്രതിഫലിപ്പിക്കും. പല വസ്തുക്കളും നിറങ്ങളും കൂട്ടിയോജിപ്പിച്ച്‌ നാമുണ്ടാക്കുന്ന യുക്തിയുടെ പുതിയ മിഥ്യയാണിത്‌. ഇതിനെ സൗന്ദര്യമെന്നും വിളിക്കാം. ഇത്‌ പുറമേ നിന്ന്‌ വരുന്നവരുടെ സൗന്ദര്യശാസ്ത്രമാകണമെന്നില്ല. നമ്മുടെ തന്നെ ഭാവനയാണ്‌. നമ്മുടെ തന്നെ സംസ്കാരവൽക്കരണമാണിത്‌. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌. ജീവിതം ഓരോനിമിഷത്തിലും മറവിയായും ഓർമ്മയായും, ഈ നിരാസവും നിർമ്മാണവും സാക്ഷാത്കരിക്കുന്നു. മറവി നിരാസമാണ്‌. മറവിയെ മാത്രമാണ്‌ ടിവി ചാനലുകൾ നിർമ്മിക്കുന്നത്‌. സംസ്കാരം മറവിയുടേതു കൂടിയാണ്‌. നാം  ഓരോ സംസ്കാരത്തെയും ഏത്‌ കാലത്തിന്റെ, പ്രസ്ഥാനത്തിന്റെയെന്ന്‌ നോക്കാതെ  യഥേഷ്ടം എടുത്ത്‌ ഉപയോഗിക്കുകയാണ്‌ . ഫൈവ്സ്റ്റാർ ഹോട്ടലുകളിൽപ്പോലും ഓലക്കുടയും കഥകളി രൂപങ്ങളും കാണാം. അതുപോലെ സാധാരണ ഗ്രാമീണ ഹോട്ടലുകൾപോലും ഉയർന്നതരം ടൈലുകളും പൂക്കളും ഉപയോഗിക്കുന്നത്‌ കാണാം. മറവി പുതിയ മറവികൾ നിർമ്മിക്കുന്നു. ഓർക്കുന്നത്‌ മറവിയെയാണ്‌. ഈ നിരന്തര മാറ്റത്തിന്റെ പ്രവാഹാത്മകതയാണ്‌ നവാദ്വൈതം. പ്രവാഹാത്മകത, നിരാസം, മറവി, നിർമ്മാണം, ഒഴുക്ക്‌, നവീകരണം അല്ലാതെ മറ്റൊന്നും ഇല്ല. ഇതാണ്‌ പുതിയ അദ്വൈതം.

( 'എഴുത്ത്‌ ഓൺലൈനി'നുവേണ്ടി ശൈലേഷ്‌ തൃക്കളത്തൂരുമായി സംസാരിച്ചത്‌)

പൂർണ്ണിമ






ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - എട്ട്‌
 പ്രഭാലക്ഷ്മിയാണ്‌ ആ അമ്മയേയും മകളേയും ക്ഷണിച്ചു വരുത്തിയത്‌. രണ്ട്‌ കുടുംബങ്ങളും സ്നേഹത്തിലും വിശ്വാസത്തിലുമാണ്‌ കഴിഞ്ഞിരുന്നത്‌. ആ ബന്ധം അരക്കെട്ടുറപ്പിക്കാൻ രണ്ട്‌ വീട്ടുകാരും തീരുമാനിച്ചു. നിരുപമ കോളേജിൽ പ്രവേശിച്ച വർഷം അവിനാശൻ ഡിഗ്രി കോഴ്സിന്റെ അവസാനത്തെ വർഷത്തിലേക്കു പ്രവേശിച്ചും അങ്ങനെ അവർ തമ്മിൽ പരിചയപ്പെട്ടും കൂടുതൽ അടുക്കാനിടയായില്ല.
 നിരുപമയുടെ വിവാഹം ഇതുവരെ നടന്നില്ല. അനുരൂപനായ വരനെ ലഭിക്കാൻ വിഷമമുണ്ടായിട്ടല്ല. അവിനാശനെ ഉദ്ദേശിച്ചാണ്‌ മറ്റൊരു വരനെ തിരക്കാതിരുന്നത്‌. ഈയിടെ രണ്ടു വീട്ടുകാരും വിവാഹത്തിന്‌ തിടുക്കം തുടങ്ങി. എന്നാൽ രായർ മാത്രം മകനിൽ നിന്നും മറച്ചു വച്ചു. ആദ്യം യുവതി യുവാക്കൾ പരിചയപ്പെടട്ടെ. കൂടുതൽ പരിചയപ്പെട്ടു അടുത്താൽ പിന്നെ വിവാഹം സുഗമമാകുമല്ലോ. ഇതായിരുന്നു ഇരുകൂട്ടരുടേയും കണക്കു കൂട്ടൽ. നിരുപമ സുന്ദരിയുമാണ്‌.
 രായർ എന്തോകാര്യത്തിന്‌ പുറത്ത്‌ പോയിരിക്കയാണ്‌. പ്രഭാലക്ഷ്മി നിരുപമയുടെ അമ്മയായ പത്മാവതിയേയും കൂട്ടിക്കൊണ്ട്‌ ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങി. വരൂ ചേച്ചി, നമുക്ക്‌ സ്പടികം കൊണ്ട്‌  നിർമ്മിച്ച ശിവനാഥശാസ്ത്രിയുടെ പ്രയത്നഫലമായുണ്ടായ മഹാദേവ വിഗ്രഹം കാണാൻ പോകാം. അവിനാശൻ നിരുപമയെയും കൂട്ടി പുതിയതായി നിർമ്മിച്ച കെട്ടിടം കാണിച്ചു കൊടുക്കട്ടെ. അവരെ രണ്ട്‌ പേരെയും തനിച്ചാക്കികൊണ്ട്‌ അമ്മമാർ പുറത്തേക്ക്‌ യാത്രയായി.
 യുവതിയുവാക്കൾ തനിച്ചായി. അവിനാശന്‌ ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്‌ വഴി ഒരുക്കിയതും നിരുപമയാണ്‌.
 "അങ്ങ്‌ പ്രോഫസർ ആകാൻ പോകുന്നു എന്നു കേട്ടത്‌ ശരിയായിരിക്കും അല്ലേ?
 " അടുത്ത്‌ തന്നെ ശരിപ്പെടും." ചുരുങ്ങിയ ഉത്തരം.
 എനിക്ക്‌ കേളേജ്‌ ജീവിതം വളരെ ഇഷ്ടമാണ്‌.
 ഭവതി ബി.എ പാസ്സായില്ലേ?
 "എം.എയ്ക്ക്‌ പഠിക്കണമെന്നുണ്ട്‌. പക്ഷേ കൂട്ടുകാരികളില്ല; തനിയെ പോകാൻ മനസ്സുവരുന്നില്ല;
എനിക്ക്‌ തനിയെ പഠിക്കാനാണിഷ്ടം. കുറച്ചു ദിവസംകൂടി കഴിഞ്ഞാൽ കോളേജ്‌ തുറക്കും ഓ- ഒരു കാര്യം മറന്നു. എനിക്ക്‌ ഒരാളെ കാണാൻ പോകേണ്ടിയിരുന്നു.
എവിടെയ്ക്കാണ്‌ പോകുന്നത്‌. ഞാൻ കൂടെ വരട്ടെ. ഞാനറിയുന്ന ആളായിരിക്കും.
ഇല്ല. ഭവതി അറിയില്ല.
നിരുപമ അയാളെ വളഞ്ഞുവയ്ക്കാൻ ശ്രമിക്കയാണ്‌. അയാൾ ആവലയം ഭേദിച്ചു പുറത്ത്‌ കടക്കുന്നു.
ഹൃദ്യമാണ്‌ നിരുപമയുടെ സംസാരം. അവളുടെ നടത്തവും ആകർഷകം. രൂപവും സുന്ദരം. പക്ഷേ ഇവയൊന്നും അവിനാശന്റെ മനസ്സിനെ ആകർഷിക്കാൻ കഴിഞ്ഞില്ല. രജനി പറഞ്ഞതായ വിവാഹക്കാര്യം നിരുപമയുടേതാണെന്ന്‌ ഇപ്പോൾ അയാൾക്ക്‌ മനസ്സിലായി. അയാളുടെ മനസ്സ്‌ പുറത്തെങ്ങോ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കയാണെന്നു മറ്റുള്ളവരെങ്ങനെയാണറിയുന്നത്‌.
 ആദ്യത്തെ സങ്കോചം തീർന്നാൽ യുവതികളുടെ പെരുമാറ്റം ലഗാനില്ലാതെ കുതിരകളുടെപോലിരിക്കും. നിരുപമയെ സംബന്ധിച്ചിടത്തോളം അത്‌ നൂറ്‌ ശതമാനവും ശരിയായിരുന്നു. മധുരമായ സംഭാഷണരീതി. ചതുരമായ പെരുമാറ്റം. സങ്കോചത്തോടെയുള്ള കടാക്ഷം മുതലായവകൊണ്ട്‌ യുവതികൾ സുന്ദരികളായി തോന്നാം. അയാളോർത്ത്‌ നോക്കി. നിരുപമ സുന്ദരിയാണ്‌. രമച്ചേച്ചിയും സുന്ദരിയാണ്‌. ശരീരം വിറ്റു ജീവിക്കുന്നവരും അങ്ങനെ തന്നെ. രാജേശ്വരിയോ? ആ ഓർമ്മയിലെത്തിയപ്പോൾ അയാൾക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.

അവരുടെ സംഭാഷണം നിലച്ചു. അടുത്ത ക്ഷേത്രത്തിൽ നിന്നും ഒഴുകിവന്ന ഒരു സംഗീതധോരണി അവരെ ഹഠാദാകർഷിച്ചു അത്‌ അവരുടെ കാതുകളിൽ അമൃതസേചനം നടത്തി. സാന്ദ്രമധുരമായിരുന്നു. ആത്മാവിൽ പുളകംചാർത്തുന്നവയായിരുന്നു. ബ്രഹ്മാനന്ദപ്രദായകവും ആവേശകരവുമായ ആ സംഗീതം അവരെ അങ്ങോട്ട്‌ പോകാൻ പ്രേരണനൽകി. ആ സംഗീതത്തരംഗിണി വൈദഗ്ധ്യ പ്രകടന നിർമ്മുക്തവും. മാനവ ഹൃദയത്തിന്റെ അഗാധതലത്തെ സ്പർശിക്കുന്നതുമായിരുന്നു. വിങ്ങിപ്പൊട്ടുന്ന, ഏതോ ഭക്തന്റെ, ഹൃദയം വിട്ടൊഴുകുന്നതായിരുന്നു ആ ഗാനത്തിലെ ഓരോ സ്വരവും അവിനാശൻ ആ സംഗീതസുധാസാഗരത്തിൽ നിമഗ്നനായി നിശ്ചേഷ്ടനായി അൽപനേരം നിലകൊണ്ടു.
 "ആരാണ്‌ പാട്ടുപാടുന്നത്‌ ' നിരുപമ ചോദിച്ചു.
ശിവനാഥ ശാസ്ത്രി
അദ്ദേഹം ഗായകനാണോ?
തോന്നുമ്പോഴൊക്കെ പാടും, നല്ല സ്വരത്തിൽ
അദ്ദേഹം എന്തുജോലി ചെയ്യുന്നു
അടുത്ത വിഷ്ണുക്ഷേത്രത്തിൽ ശാന്തി ജോലി
ഇവിടെ വരുത്തി പാടിക്കാമോ
ഇതുവരെ അദ്ദേഹം ഒരു സ്ഥലത്തുംപോയി പാടിയിട്ടില്ല. പാട്ട്‌ കേൾക്കണമെങ്കിൽ അദ്ദേഹത്തിന്റെ അടുത്തുപോകണം അതും അദ്ദേഹത്തിന്‌ തോന്നുമ്പോൾ മാത്രം.
പാട്ടുനീണ്ടുപോയി. എപ്പോൾ കാണുവനോ ഏ-കാ-ന്ത-മായ്‌ എപ്പോൾ കാണുവനോ
പ്രഭാലക്ഷ്മിയും പത്മാവതിയും മടങ്ങിവന്നു.
നീ പുതിയ വീട്‌ കാണിച്ചുകൊടുത്തില്ലോ
ഞങ്ങൾ പാട്ടു കേറിരിക്യേയിരുന്നു. നല്ല സ്വരത്തിലുള്ള പാട്ട്‌. നിരുപമ പറഞ്ഞു.
മകൾക്ക്‌ പാട്ടിഷ്ടമാണോ, പാടാനറിയാമോ
കേൾക്കാനിഷ്ടമാണ്‌.പാടാനറിഞ്ഞുകൂടാ
എന്നാൽ നീ നിരുപമയെ ക്ഷേത്രത്തിൽ കൊണ്ടുപോയി പാട്ടുകേൾപ്പിച്ചു കൊടുത്തിട്ടുവാ അവിനാശ'
എന്നാൽ ഞാനും വരാം. ക്ഷേത്രവും കാണാല്ലോ, പാട്ടും കേൾക്കാം. പത്മാവതി പറഞ്ഞു. അവർ ക്ഷേത്രത്തിൽ പോകാനൊരുങ്ങി.
ക്ഷേത്രം സമീപത്താണ്‌. അവിനാശന്റെ വീട്ടിലിരുന്നാൽ ക്ഷേത്രത്തിലെ ശബ്ദം കേൾക്കാം. ഒരു പുരയിടത്തിന്റെ മറവേയുള്ളു. പക്ഷേ റോഡിൽകൂടെ പോകണം. വേറെ എളുപ്പവഴിയില്ല. അവിനാശനും കൂട്ടരും ക്ഷേത്രനടയിൽ എത്തിച്ചേർന്നു തലേന്നാൽ കണ്ടതായ ആ ഭിക്ഷക്കാരി നടയിൽ നിൽക്കുന്നത്‌ അവിനാശൻ കണ്ടു. അവർ കരയുന്നുണ്ടായിരുന്നു. ഒരു കാൽ രൂപത്തുട്ടെടുത്ത്‌ അവരുടെ മുമ്പിലിട്ടുകൊടുത്തു. അവിനാശന്റെ മുഖത്തേക്കവൾ കോപത്തോടെ നോക്കി. നിരുപമ കാൺകെ അവൾ ആ തുട്ടെടുത്തു ദൂരെ വലിച്ചെറിഞ്ഞു. നിരുപമ വിചാരിച്ചു, കാൽരൂപ പോരാത്തത്‌ കൊണ്ടാണെന്ന്‌ അവൾ ഒരു രൂപത്തുട്ടെടുത്ത്‌ ഭിക്ഷക്കാരിയുടെ മുമ്പിലിട്ടു. "നിങ്ങളോട്‌ ഞാനൊന്നും ചോദിച്ചില്ലല്ലോ. എന്നെ നിങ്ങൾ പിച്ചക്കാരിയാക്കേണല്ലേ? തീപാറുന്ന കണ്ണുകളോടെ അവൾ അവരെ തുറിച്ചു നോക്കി.
 ഇന്നലെ എന്നോടാവശ്യപ്പെട്ടതോ
ഓ. വന്നിരിക്കണ്‌. ഒരു രന്തിദേവൻ. പോയി വേറെ വല്ല ജോലിം നോക്കിക്കേ'
നിരുപമ വിചാരിച്ച്‌ പാവത്തിനു ഭ്രാന്ത്‌ പിടിച്ചുപോയി' പിച്ചക്കാരി മുന്നോട്ട്പോയി. ആരെയും തിരിഞ്ഞു നോക്കാതെ.
 ക്ഷേത്രം ചെറുതാണ്‌. മുമ്പിലൊരു സഭാ മണ്ഡപമുണ്ട്‌. ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമന്റേതാണ്‌. മിക്കപ്പോഴും നാലഞ്ച്‌ പേരെങ്കിലും ക്ഷേത്രത്തിൽ കാണും. ഒരു വൃദ്ധൻ ക്ഷേത്രത്തിൽ ഒരു മൂലയിലിരുന്നു പാരായണം ചെയ്യുന്നുണ്ട്‌. കുശാസനത്തിലാണിരിക്കുന്നതും. അമ്പതു വയസ്സ്‌ കാണും. മുടിയും താടിയും നീട്ടിവളർത്തിയിട്ടുണ്ട്‌. വിസ്തൃതമായ ലലാടത്തിൽ നിറയെ ഭസ്മലേപനമുണ്ട്‌. ശരീരത്തിലും അവിടവിടെ ഭസ്മം പൂശിയിട്ടുണ്ട്‌. വെള്ളവസ്ത്രമാണ്‌ ധരിച്ചിരിക്കുന്നത്‌. കഴുത്തിൽ രുദ്രാക്ഷ മാല അറ്റത്തുള്ള വലിയ രുദ്രാക്ഷം ഉദരത്തിൽ ഉരുമ്മിക്കിടപ്പുണ്ട്‌ ശിവനാഥ ശാസ്ത്രിയാണദ്ദേഹം.
 ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നു ഗൗനിക്കാതെയാണ്‌ പാരായണം. ആരെയും ആകർഷിക്കാനല്ല. സ്വന്തം മനഃശാന്തിക്കുവേണ്ടി മാത്രം. എന്നാലും വളരെപേർ അരികിലിരുന്നു ശ്രദ്ധയോടെ കേൾക്കാറുണ്ട്‌ ചിലപ്പോൾ സന്യാസിമാരും, പണ്ഡിതന്മാരും അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്‌. അവരുമായി ശാസ്ത്രികൾ വാദപ്രതിവാദത്തിനൊരുങ്ങിയിട്ടില്ല. അദ്ദേഹത്തെ അറിയുന്നവരാരും അതിനു തയ്യാറായിട്ടില്ല. ആർക്കെങ്കിലും എന്തെങ്കിലും സംശയം ചോദിക്കാനുണ്ടെങ്കിൽ പാരായണാനന്തരം ചോദിച്ചാൽ സ്ഥഷ്ടവും ലളിതവുമായ രീതിയിൽ സംശയം തീർത്തുകൊടുക്കും. എന്നാൽ പാരായണത്തിനിടയ്ക്കാരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ എന്നോട്‌ ചോദിച്ചിട്ടെന്തു നേടാൻ-ഞ്ഞാനാരാണ്‌-വെറും അജ്ഞൻ. ഒരു കാര്യം പറയാം. കൊടുക്കണമെങ്കിൽ ആരും വാങ്ങണമെങ്കിൽ ഭക്തി എന്ന മാത്രം പറയും.
ചിലപ്പോൾ ദൂരദിക്കുകളിൽ നിന്നും ചില സംഗീത വിദ്വാന്മാർ അദ്ദേഹത്തെ സന്ദർശിക്കാനെത്താറുണ്ട്‌. അവർ ശാസ്ത്രികളുടെ ആതിഥ്യം സ്വീകരിച്ച്‌ രണ്ടോ മൂന്നോ ദിവസം അവിടെതങ്ങും താളം, രാഗം മുതലായവയെക്കുറിച്ചുള്ള സംശയം അദ്ദേഹത്തോട്‌ ചോദിച്ചു മനസ്സിലാക്കി കൃതാർത്ഥതയോടെ അദ്ദേഹത്തെ പ്രണമിച്ചു മടങ്ങിപ്പോകുക പതിവാണ്‌.
 അദ്ദേഹത്തെ ശാസ്ത്രികൾ എന്നും ബ്രഹ്മചാരി എന്നും സ്വാമി എന്നും പലതരത്തിലും ആളുകൾ സംബോധന ചെയ്യാറുണ്ട്‌. ആരെന്ത്‌ വിളിച്ചാലും സന്തോഷിക്കുകയോ ക്ഷോഭിക്കുകയോ ചെയ്യാറില്ല. എന്നും ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റ്‌ ക്ഷേത്രക്കിണറിൽ നിന്നും വെള്ളമെടുത്തു ക്ഷേത്രം കഴുകും എത്ര തണുപ്പുള്ള സമയത്തും തണുത്ത വെള്ളത്തിലേ കുളിക്കൂ! ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്കുശേഷം രണ്ടുമൂന്നു സ്തോത്രങ്ങൾ ആലപിക്കുക പതിവാണ്‌. സംഗീതത്തിന്‌ ശേഷം പാരായണം തുടങ്ങും ചിലപ്പോൾ മൂർത്തിയുടെ മുമ്പിൽ തൊഴുതുനിന്ന്‌ കരയുന്നതും ചിലർ കണ്ടിട്ടുണ്ട്‌. ദേവസേവയൊഴിച്ചു വേറെ ഒരു കർമ്മവും ചെയ്തിട്ടില്ല.
 അവിനാശനും കൂട്ടരും ക്ഷേത്രത്തിൽ ചെന്ന സമയം ഗാതം നിലച്ചിരുന്നു. പാരായണം തുടങ്ങി. ചുറ്റിലും പത്തുപന്ത്രണ്ട്‌ പേരിരുന്നു പാരായണം കേൾക്കുന്നുണ്ട്‌. അവരോടെന്തോ പറയുന്നുമുണ്ട്‌. അവിനാശനിങ്ങനെ കേട്ടു."വള്ളം കരയ്ക്കടുത്ത്‌. ഭഗവാൻ ശ്രീരാമചന്ദ്രൻ ഗുഹന്‌ കടത്ത്‌ കൂലി കൊടുക്കാനൊരുങ്ങി. പക്ഷേ ഗുഹൻ ഭഗവാനോട്‌ കടത്ത്‌ കുലി വാങ്ങുമോ? തത്വജ്ഞാനിയാണ്‌ ഗുഹൻ. താപസരിൽ താപസനും ഭഗവാനെ വഞ്ചിയിൽ കയറ്റി മറുകരയെത്തിക്കേണ്ട കടമ തനിക്കില്ലോ താൻ  നാവികനാണ്‌ ശരിതന്നെ. ഭഗവാനും നാവികനല്ലേ? താൻ ഒരു നദിയിലെ മാത്രം നാവികൻ. ഭഗവാൻ സംസാര മഹാസമുദ്രത്തിലെ മഹാനാവികനല്ലേ? അദ്ദേഹം അങ്ങനെ ചെയ്യുന്നതുഫലേച്ഛ കൂടാതെയല്ലേ? ഗുഹൻ പറഞ്ഞു.
ജാതിഭേദമിജ്ജഗത്തിങ്കൽ വിചിത്രം നാഥ
നാവികൻ ഞാൻ -എന്നാലും കേവലം കർമ്മത്താലെ
ഞാനങ്ങെയീനൗകയിലക്കരെയെത്തിക്കുന്നു
സാദരമവിടുന്നും ഇക്കരെയായത്തിയല്ലോ
ക്ഷുരകൻ ക്ഷുരകനും രജകൻ രജകനും
കർമ്മചിന്തയോത്തല്ലോ കർമ്മങ്ങൾ ചെയ്തീടുന്നു
ഹീനജാതിയെതോർത്തിട്ടൊന്നുമേതന്നീടെല്ലേ
നാണയം,തരുത്താകിൽ മോക്ഷോപദേശം മാത്രം!
ഭവസാഗരം താണ്ടാൻ നിൻപാദമണയുമ്പോൾ
കരുണാകര! എന്നെ കൈവെടിയല്ലേ നാഥ!
 ശാസ്ത്രികൾ നിരുദ്ധകണ്ഠനായി. കണ്ണുകൾ നിറഞ്ഞു. തുടർന്ന്‌ പാരായണം ചെയ്യാൻ വയ്യാതായി. കുറേനേരം അദ്ദേഹം കുമ്പിട്ടിരുന്നു. ശ്രോതാക്കൾ കണ്ണുകൾ തുടച്ചു. അൽപം കഴിഞ്ഞദ്ദേഹം മുഖമുയർത്തി നോക്കി. അവിനാശനെ കണ്ട്‌ ചോദിച്ചു. അവിനാശനെപ്പോൾ വന്നു.
രണ്ട്‌ മുന്ന്‌ മിനിട്ടായി ശാസ്ത്രിജി
ഉം. ഒന്നുമൂളിക്കൊണ്ട്‌ ചിരിച്ചു
വളരെ നാളെത്തിയാണ്‌ കാണുന്നത്‌
"ഞാനിവരെ ദർശനത്തിന്‌ കൂടിക്കൊണ്ടു വന്നതാണ്‌. ഗാനവും കേൾക്കാനാഗ്രഹമുണ്ട്‌.
അമ്മമാർ ദർശനം നടത്തട്ടെ. ഭഗവാൻ ശ്രീരാമചന്ദ്രൻ ദീനദയാലുവാണ്‌. ഞാനാരാണ്‌. എനിക്കെന്ത്‌ ഗാനമറിയാം. എന്നെ കാണുന്നവർക്ക്‌ പാപം വർദ്ധിക്കയേയുള്ളു.
'അങ്ങയുടെ സംഗീതം കേട്ടാനന്ദിക്കാനാണ്‌ ഞങ്ങൾ വന്നത്‌.' നിരുപമ.
അമ്മേ, സംഗീതം! അത്‌ താനേവരുന്നതാണ്‌. ഇപ്പോളത്‌ കഴുത്തിന്‌ താഴെ ഇറങ്ങിപ്പോയി.
അപ്പോൾ ഞങ്ങളുടെ കാതുകൾക്ക്‌ ഭാഗ്യമില്ലാതായി.
"ഭാഗ്യം!നോക്കണമമ്മേ! ഭഗവാൻ ശ്രീരാമചന്ദ്രനല്ലേ മുന്നിൽ എഴുന്നള്ളിയിരിക്കുന്നത്‌. അദ്ദേഹത്തെ പ്രണയിക്കുമമ്മേ! അതിൽ കൂടുതൽ ഭാഗ്യം എവിടെകിട്ടാനാണ്‌.
നിരുപമയ്ക്ക്‌ തോന്നി അദ്ദേഹത്തിനൽപം ചിത്ത ഭ്രമമുണ്ടെന്ന്‌ അത്‌ ഭക്തിരൂപത്തിൽ മാറിപ്പോയതായിരിക്കും.
സന്ധ്യയായി. ശാസ്ത്രികൾ എണീറ്റ്‌ പുറത്തേക്ക്‌ നടന്നു. പിന്നാലെ അവിനാശനും അയാൾ പറഞ്ഞു എനിക്കൽപം സംസ്കൃതം പഠിക്കണമെന്നുണ്ട്‌. പഠിപ്പിക്കാനാളില്ല. ആരുടെയെങ്കിലും സഹായമുണ്ടെങ്കിലേ പഠിക്കാനോക്കു! കഠിനപ്പെട്ട ഭാഷയല്ലേ?
എനിക്കതിനുള്ള വ്യുൽപത്തിയില്ല. വല്ല പണ്ഡിതന്മാരെയും സമീപിക്കു.
ഇംഗ്ലീഷ്‌ തർജ്ജമയുള്ള പുസ്തകം കിട്ടുന്നുണ്ട്‌. അത്‌ കൊണ്ട്‌ വലിയ പ്രയോജനമില്ല.
കുറച്ചൊക്കെ അതുപകരിക്കും പിന്നെ ഇടയ്ക്കൊക്കെ ഞാനും വല്ലതും പറഞ്ഞുതാരം.
 നിരുപമയ്ക്കീ സംഭാഷണംതീരെ രസിച്ചില്ല. ബിലാത്തിയിൽപോയി പഠിച്ചുവന്ന ആൾ ഈ ഭ്രാന്തന്റെ പക്കൽ നിന്നെന്തു പഠിക്കാൻ.
അങ്ങയ്ക്ക്‌ സംസ്കൃതം പഠിക്കണമെന്നാഗ്രഹമുണ്ടോ. എന്താണതിനു കാരണം.
ഒരു വിഷയം മനസ്സിലാക്കാൻ.
എന്താണാവിഷയം
വിവാഹത്തെക്കുറിച്ചാണറിയേണ്ടത്‌. അവിനാശൻ അൽപം സങ്കോചത്തോടെ പറഞ്ഞു.
 നിരുപമ അയാളുടെ മുഖത്തേയ്ക്കുതന്നെ അൽപസമയം തറപ്പിച്ചുനോക്കിക്കൊണ്ടു ചോദിച്ചു. എന്താണുദ്ദേശം.
വിവാഹവും മനുഷ്യജീവിതവും എന്ന വിഷയത്തിൽ പാശ്ചാത്യരുടെ അഭിപ്രായം ഞാൻ വായിച്ചിട്ടുണ്ട്‌. നമ്മുടെ അഭിപ്രായം അതായത്‌ ഭാരതീയശാസ്ത്രം അതിനെക്കുറിച്ച്‌ എന്താണ്‌ പറയുന്നതെന്നാണറിയേണ്ടത്‌?
നിരുപമയ്ക്കറിയേണ്ടത്‌, തന്റെ കാര്യത്തിൽ അവിനാശന്റെ അഭിപ്രായമെന്താണെന്നാണ്‌. അവർ ഇരുവരും പുറത്തേക്കിറങ്ങി നടന്നുതുടങ്ങി.
പുറത്ത്‌ വാതുക്കൽ തന്നെ ആ ഭിക്ഷക്കാരി നിൽപുണ്ടായിരുന്നു അവൾ വേഗം അവരുടെ നേർക്കു നടന്നുവന്നു. എല്ലാവരും ഭയന്നുപോയി. അവൾ ശിവനാഥശാസ്ത്രിയുടെ മുന്നിൽ ചെന്നു നിന്നു മുഖത്ത്‌ നോക്കി. അവരുടെ കണ്ണുകളിൽ അന്യോന്യപരിചയത്തിന്റെ തിളക്കം ദൃശ്യമായിരുന്നു. ഭിക്ഷക്കാരിവേഗം തിരിഞ്ഞുനടന്നു. അദ്ദേഹം അവളെ നാരായണി, നാരായണി എന്നു വിളിച്ചു. അവിനാശനത്‌ കേട്ടത്ഭുതപ്പെട്ടു. കുറെപ്രാവശ്യം ശാസ്ത്രികൾ അവളെവിളിച്ചെങ്കിലും അവൾ തിരിഞ്ഞുനോക്കാതെ അകലേയ്ക്കു വേഗം നടന്നു കളഞ്ഞും അവളെ വിളിച്ചുകൂട്ടിക്കൊണ്ടു വരണമെന്ന്‌ അവിനാശൻ നിശ്ചയിച്ചു.
 ഇവൾ ആരാണ്‌. ശിവനാഥശാസ്ത്രികളെപ്പോലുള്ള ഒരാൾക്ക്‌ ഈഭിക്ഷക്കാരിയുമായെന്തു ബന്ധം: ശാസ്ത്രികളെ എന്നും കാണാൻ കഴിയും. ഈ ഭിക്ഷക്കാരിയെ ഇനി എവിടെവച്ചു കാണാൻ സാധിക്കും. ഈ വിചാരത്തിൽ അയാൾ അവൾപോയ വഴിയെ വേഗം നടന്നു. അവൾ തിരിഞ്ഞുനോക്കാതെ ധൃതിയിൽ നടക്കുകയാണ്‌. അടുത്ത്‌ ഒരു മൈതാനമുണ്ട്‌. അവിടെ കുതിരവണ്ടികൾ നിരനിരയായി കിടന്നിരുന്നു. അവൾ ഒരു വണ്ടിയിൽ കയറി. വണ്ടിക്കാരൻ അവളെനോക്കി. അയാളുടെ കൈയ്യിൽ അവൾ എന്തോവച്ചു കൊടുത്തിട്ട്‌ എന്തോ പറഞ്ഞു. വണ്ടിക്കാരൻ കുതിരയെ തെളിച്ചുവിട്ടു.
അവൾ വേഗം മറഞ്ഞേക്കുമെന്നു അവിനാശന്‌ തോന്നി തന്നെ ആരോ വിളിക്കുന്നത്‌ കേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ രജനി തന്റെ നേരെ വരുന്നത്‌ കണ്ടു.
എവിടെപോകാനാണൊരുക്കം.
ഒരു വണ്ടികാണിച്ചുകൊണ്ട്‌ അവിനാശൻ പറഞ്ഞു. ഇതിൽ കയറു കാര്യം പിന്നെപ്പറയാം.
ഇത്ര ധൃതിയെന്തിന്‌.
സമയം കളയരുത്‌, പറയുന്നത്‌ കേൾക്കു
അവർ വണ്ടിയിൽ കയറി മുമ്പിൽ പോകുന്ന ഒരു വണ്ടി കാണിച്ചുകൊണ്ട്‌ അവിനാശൻ വണ്ടിക്കാരനോട്‌ പറഞ്ഞുനോക്കു. ആവണ്ടിയെ പൈന്തുടരണം.
വണ്ടിക്കാരൻ ദൈന്യതയോടെ പറഞ്ഞു. ബാബു ഞാൻ ദരിദ്രനാണ്‌. നാലഞ്ചുകുഞ്ഞുങ്ങളുണ്ട്‌.
പോകൂ മുന്നോട്ട്‌. വേണ്ടത്‌ തരാം. രജനി പറഞ്ഞു.
തമാശയല്ല ബാബു. കുഞ്ഞുങ്ങൾ പട്ടിണിയാകും. വണ്ടിക്കാരൻ കരയുന്ന സ്വരത്തിൽ പറഞ്ഞു.
എങ്ങനെയെന്നല്ലേ.
എന്തെങ്കിലും കുഴപ്പത്തിലായാൽ ഞാൻ കഷ്ടത്തിലാകും. ഈ വണ്ടികൊണ്ടാണ്‌ ഏഴ്‌ വയറ്‌ കഴിയേണ്ടത്‌.
സാരമില്ല, ഇദ്ദേഹം ലക്ഷപ്രഭുവാണ്‌. തനിക്ക്‌ വേണ്ടതിൽ കൂടുതൽ പൈസതരും.
എന്താണിയാൾ ചിലക്കുന്നത്‌. അവിനാശന്‌ കോപം വരും.
അങ്ങ്‌ പോലീസിസ്പറ്ററാണ്‌ പലേടത്ത്‌ പോണം. രാത്രി മുഴുവനും ഓടണം. കേസിന്‌ സാക്ഷീം പറേണം. പിന്നെ എന്റെ ജോലി എങ്ങനെ നടക്കും ഏമാനേ"
"ഹ-ഹ-ഹ രജനി ചിരിച്ചു. നിങ്ങൾക്കവിടെ പോണമെന്ന്‌ പറഞ്ഞില്ലല്ലേ.
നോക്കൂ ഒരു വണ്ടി പോകുന്നത്‌ കണ്ടോ
ഓ-ഒരു വണ്ടിപോകുന്നത്‌ കണ്ടു.
അതിൽ ഒരു സ്ത്രീയുണ്ട്‌.
പക്ഷേ അതിൽ രണ്ട്‌ സ്ത്രീകളുണ്ടായിരിക്കും പിന്നെ എന്താണ്‌.
അവളുടെ പേരെനിക്കറിയാം.
ഓ-ഹോ നിങ്ങളാരാണെന്നവൾക്ക്‌ അറിഞ്ഞുകൂടായിരിക്കും അതറിയിക്കാനാണോ ഉദ്ദേശം-ഭേഷായി.
അവൾ എവിടെയാണ്‌ താമസിക്കുന്നതെന്നറിയണം.
അതെന്തിന്‌, വീട്ടിൽ പോകണോ.
അങ്ങനെയും വേണ്ടിവരും.
വീട്ടിൽ ബലാൽക്കാരത്തിന്‌ വന്നെന്നു കാണിച്ച്‌ അവൾ പോലീസിൽ പരാതിപ്പെട്ടാലോ. നിങ്ങൾക്ക്‌ വക്കീൽ പണി ഇഷ്ടവുമല്ല!
നിങ്ങൾക്കൊന്നും മനസ്സിലായില്ല. ശിവനാഥശാസ്ത്രികൾ അവളെ പേര്‌ ചൊല്ലി വിളിച്ചു. എന്നാലവൾ തിരിഞ്ഞു നോക്കാതെ പൊയ്ക്കളഞ്ഞു.
അവളെ പിടിച്ചുകൊണ്ട്‌ ചെന്ന ശാസ്ത്രികൾക്ക്‌ കാഴ്ചവയ്ക്കണം അതാണുദ്ദേശം, അല്ലേ".
അവളാരാണെന്നറിയണം.
അതറിയാനാണോ ഇത്രയും കഷ്ടപ്പെടുന്നത്‌. ശാസ്ത്രികളോട്‌ ചോദിച്ചറിയാല്ലോ.
അദ്ദേഹം പറഞ്ഞില്ലെങ്കിലോ
പിന്നെ നിങ്ങളെ പരിചയമില്ലാത്തൊരു സ്ത്രീ പറയുമെന്നു തോന്നുന്നുണ്ടോ. ചങ്ങാതി ഇതറിയാൻ അവളുടെ വീട്ടിൽ പോകാണമെന്നില്ല, ഞാൻ പറഞ്ഞുതരാം, അവർ തമ്മിലുള്ള ബന്ധം രജനി പരിഹാസരൂപത്തിൽ പറഞ്ഞു ചിരിച്ചു.
എല്ലാരോഗത്തിനും ഒരേ മരുന്നു ചേരില്ല രജനീ ശാസ്ത്രികൾ പഴയസമ്പ്രദായക്കാരനാണ്‌. വൃദ്ധനും ശുദ്ധമനസ്കനുമാണ്‌. ആ സ്ത്രീയുടെ മുഖം കണ്ടാൽ നാം ഭയന്നുപോകും അത്രയ്ക്കും വികൃതമാണ്‌. ഇക്കാര്യത്തിൽ നിങ്ങൾക്ക്‌ തെറ്റുപറ്റി.
ക്ഷേത്രത്തിനുപുറത്ത്‌ വാടകയ്ക്ക്‌ താമസിക്കുന്നവർ പലരുമുണ്ട്‌. അവരിൽ ആരെങ്കിലുമായിരിക്കും.
എടോ ചങ്ങാതി, ഇന്നലെ അവൾ ഭിക്ഷയാചിക്കുന്നത്‌ ഞാൻ കണ്ടതാണ്‌. ഇന്നവർ വാടകയ്ക്ക്‌ താമസിക്കുന്നതെങ്ങനെ.
ഇന്നലെ ഭിക്ഷയാചിച്ചവൾ ഇന്നു വാടകവണ്ടിയിൽ പോകുന്നതോ"
ഒരിടവഴിയിലേക്ക്‌ അവളുടെ വണ്ടിപോകുന്നതവർ കണ്ടും അവിനാശന്റെ വണ്ടിയും പുറകേ എത്തിച്ചേർന്ന അവിനാശൻ അവളുടെ സമീപം ചെന്നുചോദിച്ചു." നിങ്ങളുടെ പേര്‌ നാരായണി എന്നല്ലേ.
അവൾ തിരിഞ്ഞ്‌ നിന്നവരുടെ നേരെ നോക്കി ആ ഇരുട്ടിലും അവളുടെ മിഴികൾ തേജോമയങ്ങളായിരുന്നു.
എന്തിനാണറിയണോ എന്റെ പേരങ്ങനെയല്ല.
ശിവനാഥശാസ്ത്രികൾ അങ്ങനെയാണല്ലോ നിങ്ങളെ വിളിക്കുന്നത്‌ കേട്ടത്‌.
ശാസ്ത്രികളുടെ പേര്‌ കേട്ട മാത്രയിൽ അവളുടെ കണ്ണുകൾ ചുവന്നു. അവയിൽ നിന്ന്‌ തീപ്പൊരിപാറുന്നുണ്ടോ എന്നവർക്കുതോന്നി. മുഖം ഭയാനകമായി. അവൾ പല്ലു ഞെരിച്ചു. അവർ രണ്ടുപേരും ഭയന്നുപോയി.
ശിവനാഥനാണോ നിങ്ങളെ പറഞ്ഞയച്ചതു.
അല്ല, ഞങ്ങൾ തനിയെ വന്നതാണ്‌. ഇന്നലെ നിങ്ങൾ ഭിക്ഷയാചിക്കുന്നത്‌ കണ്ടു. ഇന്നു ശാസ്ത്രികൾ നിങ്ങളെ പേര്‌ ചൊല്ലി വിളിച്ചു. നിങ്ങളാരാണെന്ന്‌ ഞങ്ങൾക്കറിയണം.
അറിഞ്ഞിട്ടെന്ത്‌ കാര്യം.
നിങ്ങൾക്കാവശ്യമായ സാഹായംതരാൻ
എന്നെ സഹായിക്കാനെത്തിയിരിക്കണം, കള്ളൻ, വ്യഭിചാരി, ചതിയൻ പോ ദൂരെ, ഒരാള്‌ വന്നിരിക്കുന്നു സഹായിക്കാണെന്നും പറഞ്ഞു.
ഞാൻ സത്യമാണ്‌ പറഞ്ഞത്‌.
സത്യം-അതേ സത്യം. എനിക്കു സത്യവും കേൾക്കണ്ട സഹായിക്കേം വേണ്ടു. ഞാനാരാണെന്നറിയണം അല്ലേ- ഞാൻ-ഞ്ഞാൻ പ്ലേഗാണ്‌. മസൂരിയാണ്‌. അറുകൊലയാണ്‌. കുഷ്ടമാണ്‌. മതിയോ അറിഞ്ഞത്‌.
അവർ അത്‌ കേട്ട്‌ ഞെട്ടിപ്പോയി. എന്നാൽ അവിനാശൻ വിടാൻ തയ്യാറായില്ല.
നിങ്ങൾ ക്ഷേത്രത്തിൽ പോയില്ലേ-അതെന്തിനാണെന്നറിഞ്ഞാൽ കൊള്ളാം.
നിങ്ങൾക്ക്‌ കേൾക്കണം-നിർബന്ധമാണ്‌- അല്ലേ പറയാം.
തീർച്ചയായും അറിയാൻ ആഗ്രഹമുണ്ട്‌.
ആ കള്ളനെ-ചതിയനെ-നീചനെ ശിവനാഥനെ നുറുക്കാൻ-കഷണം കഷണമായി നുറുക്കാൻ അവൻ പിടഞ്ഞു ചാകുന്നത്‌ കണ്ടാൽ-കണ്ടുരസിക്കാൻ. അതിനാണ്‌ അതിനാണ്‌ അതിനുമാത്രമാണ്‌ പോയത്‌ മനസ്സിലായോ-തൃപ്തിയായില്ലേ, അവർ വേഗം നടന്ന്‌ അടുത്തുള്ള ഒരു വീട്ടിൽ കയറിവാതിൽ അടച്ചു  കളഞ്ഞു.
അവർ ഇത്‌ കേട്ടു സ്തംഭിച്ചുപോയി. പരിസരബോധമുണ്ടായപ്പോൾ അവർ ഇരുവശവും കണ്ണോടിച്ചു. സാധുക്കൾ പാർക്കുന്ന വീടുകളാണ്‌. അവിനാശൻ അവൾ കയറിപ്പോയ വീടിന്റെ വാതുക്കൽ മുട്ടി. നാരായണി, നാരായണി എന്നു വിളിച്ചു. അകത്തു ശബ്ദമില്ല, രണ്ടുമൂന്നാവർത്തിച്ചു. അകത്തു ചിരിയുടെ ശബ്ദം മാത്രം കേട്ടു. ഒന്നു കൂടി വാതിലിൽ മുട്ടി വിളിച്ചു. ഒരു ചെറുപ്പക്കാരി ജനൽവഴി മൊന്തനീട്ടിക്കൊണ്ടു പറഞ്ഞു. പോക്വോ അവിടന്നു. അല്ലെങ്കിൽ ഈ തെളിച്ചവെള്ളം ഞാൻ തലേലൊഴിക്കും.
ഇവിടെ ഇനിനിന്നിട്ട്‌ കാര്യമില്ല, നമുക്ക്‌ പോകാം. രജനി.
അവളാരാണെന്നറിയണോല്ലോ.
പോലീസിൽ ചേരും അതാണെഴുപ്പവഴി; അവളാരാണെന്നറിയാൻ.
അവൾ ഒരു പ്രത്യേകതരക്കാരിയാണ്‌.
ഒരു കാലത്തുസുന്ദരിയായിരുന്നിരിക്കണം.
എനിക്കും അങ്ങനെയാണ്‌ തോന്നുന്നത്‌. ആകണ്ണുകളുടെ തിളക്കം-നോട്ടം, പൊട്ടിയ താജ്മഹൽ പോലെ. അവിനാശൻ.
പൊട്ടിയ അമ്പലവും പൊളിഞ്ഞ പള്ളിയും എനിക്കു കാണണ്ട.
പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും സൗന്ദര്യമുണ്ടെങ്കിലോ?
ആവശ്യമുള്ളവർ പോയിക്കാണും. യഥാർത്ഥ സൗന്ദര്യം ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരൂ".
ഇന്നു നിങ്ങൾ വലിയ രസികക്കുട്ടനാണല്ലോ
നിങ്ങളുടെ നാരായണിയെ കണ്ടതു കൊണ്ടുള്ള ദൃഷ്ടിദോഷം മാറണമെങ്കിൽ വെറെ എന്തെങ്കിലും സൗന്ദര്യവസ്തു ദർശിച്ചേ മതിയാവൂ!
അല്ലെങ്കിൽ
രാത്രി ഉറങ്ങാൻ കഴിഞ്ഞെന്നുവരില്ല. പേടിസ്വപ്നം കണ്ടു ഞെട്ടിത്തെറിക്കും.
നിങ്ങൾ കാണിച്ചുതരുന്ന സൗന്ദര്യധാമം ഏതെന്ന്‌ എനിക്കറിയാം.
എന്നാൽ പറയൂ ഏതെന്നു മിടക്കു കാണട്ടെ.
പാവം! ഒന്നും അറിയാത്തതുപോലെ. ഞാൻ പ്രശംസിച്ചു കേട്ടാലേ തൃപ്തിയാകൂ അല്ലേ.
അവിനാശൻ സൂചിപ്പിക്കുന്നത്‌ രമയെക്കുറിച്ചാണോ.
അല്ലാതാരെക്കുറിച്ച്‌.
എന്റെ സ്നേഹിതനെന്തുകണ്ടു, സൗന്ദര്യമത്സരത്തിൽ അവൾ സമ്മാനം വാങ്ങിയെന്നിരിക്കട്ടെ, എന്നാലും അഭിമാനിക്കാനില്ല. ഞാനുദ്ദേശിച്ചതു വേറെ ആളെക്കുറിച്ചാണ്‌.
പിന്നെ രജനി ആരെ ഉദ്ദേശിച്ചാണു പറഞ്ഞത്‌.
എന്റെ സേട്ടുവിനെ അറിയൂല്ലേ.
കീകാസേട്ടുവോ. ആ കാട്ടുപന്നിയെയാണോ നിങ്ങളിത്ര സുന്ദരനായി കാമദേവനായി കണക്കാക്കുന്നതും. കഷ്ടം, കഷ്ടം.
അല്ല എന്റെ ചങ്ങാതി.അയാൾ രൂപ തരുന്ന്‌, അത്‌ കൊണ്ടയാളെ ഞാൻ കാമദേവനെന്നല്ല. മഹാദേവനായിപ്പോലും കരുതും.
ആ അഴകിയ രാവണന്റെ മോന്ത എനിക്കു കാണുകേ വേണ്ട.
അയാളെ കാണാനല്ല നമ്മൾ പോകുന്നത്‌. അയാൾ സുന്ദരനോ, വിരൂപനോ ആരുമായിക്കോട്ടെ. സൗന്ദര്യം എന്തിലാണിരിക്കുന്നത്‌. എവിടെയാണിരിക്കുന്നത്‌. അതാസ്വദിക്കാൻ അദ്ദേഹത്തിന്‌ കഴിവുണ്ടോ എന്നറിയുന്നതാണ്‌ പ്രശ്നം. സേട്ടു ഒരു സാധാരണ മനുഷ്യനല്ല. സൗന്ദര്യവ്യാപാരിയാണ്‌. നാടൻനൃത്തം ഞാൻ കാണിച്ചുതരാമെന്ന്‌ മുമ്പൊരിക്കൽ പറഞ്ഞതോർമ്മയില്ലേ. യൂറോപ്യൻ നൃത്തമല്ല വെറും നാടൻ നൃത്തം. അത്‌ കണ്ടിട്ടു പറയണം നാടൻ നൃത്തം എങ്ങനെയിരിക്കണമെന്ന്‌.
ഇന്നിത്രത്തോളം ഇരുട്ടിയില്ലേ, പോരെങ്കിൽ നമ്മളെ ക്ഷണിച്ചിട്ടുമില്ല. ക്ഷണിക്കാത്തിടത്ത്‌ ഞാൻ പോകാറില്ല.
വിഷമിക്കണ്ട, ഞാൻ മുൻകൂട്ടി ക്ഷണക്കത്ത്‌ വാങ്ങിയിട്ടുണ്ട്‌. നമ്മുടെ വണ്ടിക്കാരൻ പൈസ കിട്ടുമെങ്കിൽ ഏത്‌ നരകത്തിലേക്കും വരാൻ തയ്യാറാണ്‌.






കവിതകൾ


കെ.എസ്‌.ചാർവാകൻ
ജാതകം -1

തുലാസ്‌ മുദ്രയും
മരുഭൂവിൻ നൗക
മൃഗവും ഇത്തിവൃക്ഷവും
പക്ഷികാകനും ഞാനും
ഈ ജനിമൃതികളും
അമ്പേ ശൂന്യം.
സത്യം-2
കെ.എസ്‌.ചാർവാകൻ
പ്രിയേ
നീയല്ല സത്യം
ഈ ഞാനല്ല സത്യം
നിൻ മനമല്ല സത്യം
നിൻ മുഖമല്ല സത്യം
ഈ വാക്കല്ല സത്യം
നോക്കല്ല സത്യം
ഈ വയറാണു സത്യം
പുതുമൊഴി-3
കെ.എസ്‌.ചാർവാകൻ
കാൽ വാരി വാ
കൈ വെട്ടി വാ
തല വെട്ടി വാ
കഴുവേറി വാ
കഴുവേറ്റി വാ
മുന്നേറി വാ.

കലൈഡസ്കോപിക്‌ കവിതകൾ


വിജയകുമാർ കുനിശ്ശേരി

ചാത്തനേറ്‌
കുറുഞ്ചാത്തനേറിൽ
കുട്ടിച്ചാത്തനിന്റൻസീവ്‌ കേറിൽ
ചാത്തനേറ്‌; ചത്തവന്റെ വീറ്‌
ചത്തനേര്‌; ചിത്തത്തിൽ നീറ്‌!
ഞാഞ്ഞൂൾസ്‌
സർഗാത്മക മര്യാദരാമന്മാ-
രിവരകലക്കാഴ്ചയിൽ
പൂർണചന്ദ്രന്മാ-
രിക്കുഞ്ഞിരാമന്മാരെയടുത്തറിഞ്ഞാ-
ലിവന്മാർ അമാവാസികൾ
ഗ്രഹണം വിഴുങ്ങികൾ
ഗ്രഹം വിഴുങ്ങി ഞാഞ്ഞൂൾസുകൾ!
അനിമൽ ഫാം
ഭാരതീയ ഗർദ്ദഭസേവനം
ഭാരതീയ കുക്കുടസേവനം
ഭാരതീയ ജംബുകസേവനം
അയ്യേ യെസ്‌
അയ്‌ പീയെസ്‌
അയ്യെ ഫസ്‌-
ഉദ്യോഗസ്ഥപ്പരിഷകൾ!
എന്റെ തായ്നാടൊരു
അനിമൽ ഫാം
ഞാനൊരു
വാൽചുരുട്ടി ഹോമോസായ്പ്യൻ!
കൗപ്രോ‍ൂഫ്‌
ആറ്റംജി
പൊട്ടിത്തെറിച്ചാൽ
ഗോമാതാ സമാധിയാവില്ലേ
അടൽജി? അദ്വാനിജി?

മന്ത്രങ്ങളും തന്ത്രങ്ങളും ഫാസ്റ്റ് ഫോർവേഡ് ചെയ്യപ്പെടുമ്പോൾ


കെ.ജി.ഉണ്ണികൃഷ്ണൻ


 രാവണന്റെ മന്ത്രജപത്തെക്കുറിച്ച്‌ ഒരു കഥ കേട്ടിട്ടുണ്ട്‌. അതിങ്ങനെ-ശിവനെ തപസ്സുചെയ്യുമ്പോൾ ഇന്ദ്രശത്രുവായ ഒരു പുത്രനുവേണ്ടിയാണ്‌ മന്ത്രജപം നടത്തിയത്‌. പക്ഷേ ഉച്ഛാരണത്തിൽ വന്ന അപാകത കാരണം ഇന്ദ്രൻശത്രുവായ പുത്രൻ (ബഹുവ്രീഹിസമാസം) എന്നതിനുപകരം ഇന്ദ്രന്റെ ശത്രുവായ പുത്രൻ എന്നർത്ഥം വരുന്ന (തത്പുരുഷസമാസം) രീതിയിലാണ്‌ മന്ത്രജപം നടന്നത്‌. മന്ത്രോച്ഛാരണത്തിലെ ഹ്രസ്സ്വദീർഘങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇങ്ങനെ അർത്ഥംമാറാനും ഇന്ദ്രനെ വധിക്കുന്ന പുത്രനുപകരം ഇന്ദ്രനാൽ വധിക്കപ്പെടുന്ന ഒരു പുത്രൻ ജനിക്കാനും ഇടയായത്‌. നീട്ടേണ്ടതു നീട്ടിയും  ചുരുക്കേണ്ടതു ചുരുക്കിയും ഉച്ഛരിക്കേണ്ടതിന്റെ പ്രാധാന്യം വ്യാകരണ ക്ലാസ്സുകളിൽ പഠിപ്പിച്ചപ്പോഴാണ്‌ ഇക്കഥപറഞ്ഞുതന്നത്‌.
 ഇതിപ്പോൾ ഓർക്കാൻ കാരണം ഞങ്ങളുടെ വീടിനടുത്ത ക്ഷേത്രത്തിലെ പൂജാരിയുടെ, ശ്രീകോവിലിനകത്തെ മന്ത്രജപമാണ്‌. പ്ലാറ്റ്ഫോമിൽനിർത്തിയിട്ട്‌ ചൂളംവിളിക്കുന്ന തീവണ്ടിയിലേക്ക്‌ ഓടിക്കയറാൻ ബദ്ധപ്പെടുന്ന യാത്രക്കാരനെ ഓർമ്മിപ്പിക്കുന്ന ധൃതിയിലാണ്‌ അതിവേഗത്തിലുള്ള ഈ "ഫാസ്റ്റ്‌ ഫോർവേഡ്‌" മന്ത്രജപം. ഒരക്ഷരത്തിന്റെ ഉച്ഛാരണത്തിൽ വന്ന പിശകിന്‌ ഒരു പുത്രനെ നഷ്ടമായപ്പോൾ ഇത്തരം മന്ത്രോച്ഛാരണത്തിന്റെ ഗുണഗണങ്ങൾ ആർക്കും ഊഹിക്കാവുന്നതേയുള്ളു. ഇത്‌ മന്ത്രജപത്തിന്റെ മാത്രംകാര്യം. മറ്റുവിഷയങ്ങളിലേക്കു കടന്നാലും ഇന്നിപ്പോൾ എല്ലാവർക്കും സ്പീഡാണല്ലോ. പാട്ടുകൾക്കും സംഗീതത്തിനും വേഗതകൂടി വാക്കുകൾ മനസ്സിലാകാതായി. ഇരുചക്രവാഹനങ്ങളോടിക്കുന്ന "ചെത്തു"കാരുടെ വേഗത ആത്മഹത്യപരമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഈ വേഗതയാണോ എന്നറിയില്ല. മന്ത്രങ്ങളെപ്പോലെ (പരസ്യ)തന്ത്രങ്ങളെയും ബാധിച്ചിരിക്കുന്നു. ചില പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികളുടെ പരസ്യങ്ങൾ അടുത്ത ചില ദിവസങ്ങളിൽ റേഡിയോയിൽ കേൾക്കാനിടയായി. കമ്പനിയുടെ ഗുണങ്ങൾ വർണ്ണിക്കുന്ന ലാഭസാധ്യതകൾ സാവകാശം പറയുമ്പോൾ, നഷ്ടസാധ്യതകൾ അഥവാ റിസ്ക്ഫാക്ടേഴ്സിനെക്കുറിച്ചുള്ള 'ഡിസ്ക്ലെയ്മർക്ലോസ്‌' ശ്രോതാവിന്‌ ഒരക്ഷവും മനസ്സിലാകാത്ത രീതിയിൽ 'ജിംഭദ്ട്സ്ഷ്‌റ്‌' ഈ രീതിയിൽ ഫാസ്റ്റ്ഫോർവേഡ്‌ ഫോർമാറ്റിൽ റെക്കോർഡ്‌ ചെയ്ത്‌ പകുതിസമയം കൊണ്ടുതീർക്കുന്നു. പണ്ടത്തെ ടേപ്പ്‌റിക്കാർഡറിൽ ടേപ്പ്‌ മുറുകിയപോലെയൊക്കെയാണ്‌ ഇതുകേൾക്കുമ്പോൾ അനുഭവപ്പെടുന്നത്‌. ഇത്തരം കമ്പനികളെ നിയന്ത്രിക്കുന്ന 'സെബി'യുടെ കർശന നിർദ്ദേശപ്രകാരമാണ്‌ ഈ 'റിസ്ക്ഫാക്ടേഴ്സ്‌' പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഓഹരിയിൽ ലാഭം എന്നതുപോലെ നഷ്ടത്തിനും സാധ്യതയുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്ക്‌ പ്രോസ്പെക്ട്സ്‌ നോക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ജനങ്ങളെ കേൾപ്പിക്കാതെ വിറപ്പിച്ചുപറയുന്നത്‌. ഇങ്ങനെ ചെയ്യുന്നത്‌ സെബിയുടെ നിർദ്ദേശങ്ങൾക്കെതിരാണെന്നും പിടിക്കപ്പെട്ടാൽ വൻതുക പിഴയടക്കേണ്ടിവരുമെന്നും അറിയുന്നവർതന്നെയാണ്‌ ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്‌.
 ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മാധ്യമങ്ങൾക്കും കമ്പനികൾക്കും സൗഹൃദരൂപത്തിൽ പരാതി അയച്ചപ്പോൾ ഒരു സ്ഥാപനം മാത്രമാണ്‌ തിരുത്താൻ തയ്യാറായത്‌. രണ്ടാമതൊരു കൂട്ടർക്ക്‌ തിരുത്താൻ സെബിയുടെ നോട്ടീസ്‌ വേണ്ടിവന്നു.'പരുന്തുപോലും മേലെ പറക്കാത്ത' ഒന്നിന്റെ അഹങ്കാരത്തിൽ വിരാജിക്കുന്ന ചിലർ തുടർന്നും നിക്ഷേപകരെ കളിപ്പിക്കുന്നു. വേഗതയാണോ, വേഗതയുടെ മറവിൽ കച്ചവടക്കാർ നടപ്പാക്കുന്ന തന്ത്രമാണോ ഇതൊക്കെയെന്നത്‌ വായനക്കാർക്കു വിടുന്നു.

ചുവന്ന താഴ്‌വര


രാജനന്ദിനി
ചെരിവിന്‌ ഒരു സുഖമുണ്ട്‌
താഴ്‌ വരകളിലേയ്ക്ക്‌ പോകാനുള്ള
പ്രചോദനമാണത്‌
തിരിച്ചുകയറ്റങ്ങൾ അസാദ്ധ്യമാക്കുന്ന
പൊരികനലിന്റെ വേരുണ്ട്‌
എന്നത്‌
ചെരിവുകൾക്ക്‌ ചുവന്നനിറം നൽകുന്നു
ആരോ ഉതിർത്തിട്ട ചുവന്നമണ്ണിന്റെ
രതിഗന്ധങ്ങളിൽ
ഒരു മഴയുടെ അദൃശ്യമായ
ലാസ്യലയനബീജങ്ങൾ
പിറവിയ്ക്ക്‌ കാത്തുകിടക്കുന്നു
ശൂന്യമായ ആകാശത്തിന്റെ ചെരിവ്‌
നിഷ്ടൂരമായ കാമനകളുടെ
നഗ്നചിത്രങ്ങൾ വരയ്ക്കുന്നു
അത്‌,
പൊക്കിൾ ചുഴിയിൽ എഴുതിയ
'അമ്മ' എന്ന അക്ഷരം
തീപിടിച്ച മനസ്സൂരിയെറിഞ്ഞ്‌
കാട്ടിലേക്കോടിപോയി
നെറുകയിൽ കോറിയിട്ട ചൈനീസ്‌ കോമരങ്ങൾ
യുദ്ധവെറിപൂണ്ട്‌
അജ്ഞതയുടെ അഗ്നികുണ്ഡത്തിലേക്കെടുത്തുചാടി
മാറിൽ നിറം ചേർത്ത കാശ്മീർമുകുളങ്ങൾ
മതതീവ്രതയുടെ മഞ്ഞുരുക്കത്തിൽ
ഒലിച്ചുപോയി
തുടകളിൽ വരച്ചിട്ട പുലിത്താവളങ്ങൾ
തമിഴൻകാറ്റിന്റെ ചാത്തനേറിൽ
തകർന്നു വീണു
അവശേഷിച്ചതു ഞാൻ എന്ന അഹന്ത
ഞാൻ എന്ന നിശ്ചലത
ഞാൻ എന്ന ശൂന്യത.

പെയ്യാത്ത മേഘങ്ങൾ


ഇസ്മയിൽ മേലടി
വിലാസം നിഴലായ്‌
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു
കത്ത്‌ സ്നേഹവുമായ്‌
എഴുതാൻ മഷി തിരയുന്നു
വാക്ക്‌ മൊഴിക്കായ്‌
അധരങ്ങൾ തേടുന്നു
പാട്ട്‌ താളവുമായ്‌
കാതു കാത്തിരിക്കുന്നു
ഹൃദയം പ്രണയവുമായ്‌
അനുരാഗിക്കുവേണ്ടി കേഴുന്നു
നക്ഷത്രങ്ങൾ വെളിച്ചവുമായി
ആകാശത്തിൽ മുട്ടിവിളിക്കുന്നു
മേഘങ്ങൾ പെയ്യാനായ്‌
ഭൂമി നോക്കി നടക്കുന്നു.

ഉടൽ വിശേഷം


സുനിൽ സി.ഇ

ഉടൽ അടിച്ചുവാരി
മോഹങ്ങളെ പാറ്റി
തവിടു വേർപ്പെടുത്തി
മനസ്സ്‌ ഇടിച്ചുപിഴി-
യുന്നതിനിടയിൽ
സ്വപ്നങ്ങൾ ഉടഞ്ഞുപോയി
രോമരന്ധ്രങ്ങളിൽ
ചൂടാറുന്നു.
ശിരസ്ത്രം പക്ഷിക്ക്‌
ഇടത്താവളം
ഇവ എന്റെ
തകർന്ന ഉടൽ വിശേഷം

ചെമ്പഴന്തി


ആർ.മനു

ഇവിടെ,
യോനിയുടെ ഭ്രഷ്ടിനാൽ
ജന്മംകൊള്ളാൻ വിധിക്കപ്പെട്ട
തലമുറകളുടെ
കണ്ണുനീർത്തുള്ളിയിലൂടെ
ആയിരംതുള്ളി ചോരയാൽ
നിറമാർന്ന ഒരു കൂട്ടം
സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ.
ഇവിടെ,
വർണ്ണത്തിന്റെ തീച്ചുളയിൽ നിന്ന്‌
സ്വാതന്ത്ര്യത്തിന്റെ തടാകത്തിലേക്കുള്ള
ഒരു പഴയ പാതയുടെ
ചൂണ്ടുപലക കാണുന്നു
ഈ കളിമൺ ചുമരുകൾ മന്ത്രിയ്ക്കുന്നു.
-പ്രിയ സുഹൃത്തേ,
ഇതു നീയെടുത്തുകൊൾക
കൂരിരിട്ടിലെ മിന്നാമിനുങ്ങായി
മഗധയുടെ വിരിമാറിൽ
സാരാനാഥിലെ മൺത്തരികളിൽ
ഗാസായിലെ തെരുവോരങ്ങളിൽ
നിനക്കിതുനാട്ടാം
ഗർഭപാത്രത്തിന്റെ വാടകചോദിയ്ക്കുന്ന
നിന്റെ അമ്മയോടും
ശുക്ലത്തിന്റെ കണക്കുപറയുന്ന
നിന്റെ അച്ഛനോടും
ക്രോമസോമുകൾ പങ്കുവയ്ക്കുന്ന
നിന്റെ അനുജനോടും
ശയ്യാസുഖം വിലപേശുന്ന നിന്റെ ഭാര്യയോടും
ഓലപ്പുരയിലെ ശാന്തത്തയെപ്പറ്റി
ജന്മാന്തങ്ങളുടെ ഭാഷയിൽ
രണ്ടക്ഷരം മാത്രം പറയുക-
മന്വന്തരങ്ങളുടെ സാന്ദ്രനിയതമായ പ്രത്യയശാസ്ത്രം
ക്രിസ്തുവിൽ നിന്ന്‌ ശ്രീനാരായണനിലേക്ക്‌.

IS IT LOVE ?



Nisha.G

When I see you
I feel my heart beats break
Your presence makes me feel
To be with you always
Always I do wonder
"Is it Love?''

When you come near me
I wait for your breath
To glide down my eager face
I wait for your body odour
To penetrate deep into my nose.
I feel your muscular hands
Very slowly to embrace mine
And...
My wonder grows
" Is it love" ?

When in the sunny mornings
You never come
I do feel I miss you
And I feel so dull and bad
And my inner voice asks
" Is if love" ?

സതി


സാജു പുല്ലൻ
അവൾ
പാതിരയുടെ മറപറ്റി
മാവിൻ ചുവട്ടിലെത്തി
കണ്ണീർ മുത്തുകൾ കോർത്ത
മാല
കഴുത്തിലണിഞ്ഞ്‌
മറുത്തുമ്പ്‌ മാഞ്ചില്ലയിൽ കൊരുത്ത്‌
വായുവിലേക്ക്‌
കൈകാൽ കുതിച്ച്‌
അടിവയറിന്‌ താഴെ
അവൻ എഴുതിയ
പ്രണയ വരികളുടെ
മധുരം അയവിറക്കി
ഊഞ്ഞാലാടി
അവളുടെ
മൂക്കിൽ നിന്നും
വായിൽ നിന്നും
അടിവയറ്റിലെ ഭ്രൂണത്തിൽ നിന്നും
ജീവന്റെ കിളികൾ
ഒച്ചവെച്ച്‌ പുറത്തേക്ക്‌ പറന്നു.....
ചില്ലകളുലഞ്ഞ്‌
മാമ്പു കൊഴിഞ്ഞു....
ചിതറിയ ഉടലോട്‌ ചേർത്തവളെ
ആലിംഗനം ചെയ്തമരുമ്പോൾ
പൊടിഞ്ഞ തീ ചൂടിൽ
ആ മരം അറിഞ്ഞു
പ്രണയത്തിന്റെ സതി.

എനിക്കിഷ്ടമാണ്‌


ഹരിദാസ്‌ വളമംഗലം
കത്തുന്ന ഉച്ചയിൽ
കോൺക്രീറ്റ്‌ മുറിയിൽ
പുകയുന്ന അടുപ്പുപോലെ
ഞാനിരിക്കുന്നു
പെട്ടെന്ന്‌
വാതിൽ തുറന്ന്‌
അകത്ത്‌ കടന്ന്‌
മുടിയിൽ തലോടുകയും
നെറ്റിയിലുമ്മവയ്ക്കുകയും
ആലിംഗനം ചെയ്യുകയും ചെയ്ത്‌
ഇനിയും വരാമെന്ന്‌ പറഞ്ഞ്‌
പോയ ആ കാറ്റിനെ
എനിക്കിഷ്ടമാണ്‌.

വിലാപങ്ങളുടെ ആന്തരശ്രുതികൾ


സി. വി. വിജയകുമാർ
 മാത്യു നെല്ലിക്കുന്നിന്റെ നോവലുകളിലെ ദ്വന്ദ്വാത്മക സംഘട്ടനങ്ങളെപ്പറ്റിയാണ്‌ ഇവിടെ പറയാൻ വിചാരിക്കുന്നത്‌. വിരുദ്ധ ചേരികൾ തമ്മിലുള്ള സംഘർഷഭരിതമായ ആന്തരപരിസരങ്ങളുടെ വികാസപരിണാമങ്ങളാണ്‌ നെല്ലിക്കുന്നിന്റെ സാഹിത്യപ്രപഞ്ചമെന്ന്‌ പൊതുവിൽ പറയാമെന്ന്‌ തോന്നുന്നു. അത്‌, ഗ്രാമ-നഗര ദ്വന്ദ്വങ്ങളുടെ ഏറ്റുമുട്ടലുകൾകൊണ്ട്‌ അത്യന്തം കലുഷമായിരിക്കുന്നു. ഈ വിഷയം നമ്മുടെ കഥയും കവിതയും നോവലുമൊക്കെ മുമ്പ്‌ വളരെ കൂടുതൽ ചർച്ച ചെയ്തിട്ടുണ്ട്‌. നിഗ്രഹോത്സുകരായ നഗര തക്ഷകന്മാർ മനുഷ്യജീവിതത്തിന്റെ ജൈവകാന്തി ഊറ്റിക്കുടിക്കുമ്പോൾ അന്യനും അനാഥനുമാക്കി മാറ്റപ്പെടുന്നവന്റെ ദുരവസ്ഥ നെല്ലിക്കുന്ന്‌ എന്ന എവുത്തുകാരനായ മനുഷ്യനിൽ സംഭവിപ്പിക്കുന്ന ആഘാത സമസ്യകളാണ്‌ ഇങ്ങനെ വിചാരശിൽപങ്ങളായി രൂപാന്തരപ്രാപ്തി കൊള്ളുന്നത്‌. അതുകൊണ്ട്‌ മാത്യു നെല്ലിക്കുന്നിന്റെ രചനകളിലെ ഏറ്റവും ആത്മാർത്ഥമായ ആന്തരശ്രുതി നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ ചൊല്ലിയുള്ള നിലവിളികളുടേതാണെന്ന്‌ പറയാം. ഊഷരമാനുഷികതയുടെയും ശിഥില മൂല്യങ്ങളുടേതുമായ പ്രശ്നോപനിഷത്തുകളായി അവ മാറുകയും ചെയ്യുന്നു. ഒരു പക്ഷേ, ഇത്‌ പണത്തിന്‌ മാത്രം മൂല്യമുള്ളതും മാനവിതകയ്ക്ക്‌ വിലയില്ലാത്തതുമായ പാശ്ചാത്യ ജീവിത രീതിയോടുള്ള പ്രതിഷേധമാണെന്ന്‌ വരാം.
 ആത്മീയവും ഭൗതീകവുമായി കൊണ്ടെത്തിച്ചേക്കാവുന്ന വിപത്തുകളെപ്പറ്റിയുള്ള വേദനാജനകമായ മൂന്നാര്റിയിപ്പുകൾ അത്‌ നമുക്ക്‌ നൽകുന്നുണ്ട്‌. നിർവ്വികാരമാകുന്ന പുതിയ തലമുറകളെപ്പറ്റിയുള്ള ഉത്കണ്ഠ വൈലോപ്പിള്ളി ഒരു കവിതയിൽ പങ്കുവച്ചതു ഇവിടെ ഓർമ്മിച്ചുപോവുകയാണ്‌. അതുപോലെ വെട്ടിപ്പിടുത്തങ്ങളുടെ ഉത്മാദത്തിൽ വരാൻ പോകുന്ന നഷ്ടമാസങ്ങളെയും കഷ്ടരാത്രികളെപ്പറ്റിയും ആരും ഓർക്കാതിരിക്കുന്നതിലുള്ള ഖേദവും ക്ഷോഭവുമാണ്‌ മാത്യുവും പ്രകടിപ്പിക്കുന്നത്‌. ആധുനിക ലോകം രാവും പകളുമില്ലാത്ത കമ്പോളമായി മാറുമ്പോൾ തിരസ്കൃതമാകുന്നത്‌, നമുക്ക്‌ നമ്മെ തന്നെയാണല്ലോ. മൂലധനശക്തികളുടെ ഇച്ഛക്കനുസരിച്ച്‌ പഴയ കുഞ്ഞിരാമന്റെ കിഴവൻ കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന ഉപഭോക്തൃ സമൂഹത്തോടുള്ള രോഷവും സഹതാപവുംകൊണ്ടു കലുഷിതമാകുന്ന മറ്റൊരു സമരമുഖവും മാത്യുവിന്റെ രചനകളുടെ ലക്ഷ്യബോധത്തിലുണ്ട്‌. അതുകൊണ്ടാണ്‌ പടിയിറങ്ങിപ്പോകുന്ന പാരമ്പര്യമൂല്യങ്ങളെ ചൊല്ലി ഇയാൾ ഇത്രയും അസ്വസ്ഥനായിത്തീരുന്നത്‌. വാസ്തവത്തിൽ നമ്മുടെ വർത്തമാനകാല സാമൂഹ്യയാഥാർത്ഥ്യങ്ങൾ അത്യന്തം സ്ഫോടനാത്മകമാണെന്നും നമ്മുടെ നിലനിൽപ്പിന്റെ സീമകൾ ഏറ്റവും വേഗത്തിൽ തീർന്നുപോവുകയാണെന്നും ഈ എഴുത്തുകാരൻ തിരിച്ചറിയുകയാണ്‌. ശാലീനതകളോട്‌ പ്രണയാതുരമായൊരു ഗ്രാമീണ മനസ്സിന്റെ ശുദ്ധഗതിയിൽ നിന്നു വിരിയുന്ന നിർമ്മലഭാവങ്ങളുടെ രമണീയമായ പദവിന്യാസങ്ങൾ കേട്ടുകൊണ്ടിരിക്കാൻ ഈ എഴുത്തുകാരന്റെ മനസ്സ്‌ എപ്പോഴും തന്റെ വാഴക്കുളത്ത്‌ തന്നെ ചുറ്റിത്തിരിയുകയും ചെയ്യുന്നു. യാത്രികതയുടെ മഹാനഗരവിക്രീഡിതങ്ങളിൽപ്പെട്ടുപോകുമ്പോഴും സ്വയം നഷ്ടപ്പെടാതിരിക്കാൻ ഇത്‌ അയാളെ ഏറെ സഹായിക്കുന്നു. അതുകൊണ്ടാണ്‌ അമേരിക്കയുടെ വിചാരഗതികളുമായി നിരന്തരം ഇടപഴകുമ്പോഴും എന്റെ വാഴക്കുളത്തിന്റെ നിസ്സർഗ്ഗസുന്ദരമായ സ്പന്ദനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എനിക്കാവുന്നില്ലെന്ന്‌ നെല്ലിക്കുന്ന്‌ തന്റെ 'പത്മവ്യൂഹം' എന്ന നോവൽ സമാഹാരത്തിന്റെ മുഖക്കുറിപ്പിൽ പറയുന്നതും. അതുതന്നെയാണ്‌ പ്രവാസിയെ പുതുമഴ വീണ മണ്ണിന്റെ മണവുമായി അടുപ്പിച്ചു നിർത്തുന്ന പൊക്കിൾക്കൊടിയും.

മാതൃത്വം

 ഇന്ദിരാ ബാലൻ

“മാതൃത്വത്തിന്റെ മഹത്വം” എന്നതിനെക്കുറിച്ച്‌ ഒന്ന്‌ പര്യാലോചിക്കാം ഉത്കൃഷ്ടബന്ധങ്ങൾ എല്ലാം ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ നൂല്പ്പാലത്തിലൂടെയാണ്‌ നാമെല്ലാം ചരിച്ചുകൊണ്ടിരിക്കുന്നത്‌. ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന ഒരവസ്ഥ. അതുകൊണ്ടു തന്നെ “അമ്മയെ” അറിയാതെ ,മനസ്സിലാക്കാതെ പോകുന്നു ഓരോ വിനാഴികകളും. പെറ്റമ്മയും ജന്മനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്ന സൂക്തം ഏവർക്കുമറിയാമല്ലൊ. അതുപോലെത്തന്നെ പ്രാധാന്യമേറിയ മറ്റൊന്നാണ്‌` “മാതൃദേവോ ഭവ” എന്നതും. സർവ്വമാനവഗുണങ്ങളും അമ്മയിൽ സമ്മേളിക്കുന്നു. ത്യാഗത്തിന്റേയും, ക്ഷമയുടേയും, സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മൂർത്തിമത്‌ഭാവമാണ്‌ അമ്മ. പക്ഷേ ഇത്തരം മഹത്‌ വചനങ്ങളെല്ലാം നമമാത്രമായവശേഷിക്കുന്നു. പരിവർത്തനത്തിന്റെ അനിഷേധ്യതയിൽ പലതും സ്വപ്നസമാനമാകുന്നു. അമ്മയെ തിരിച്ചറിയാനാകാതെ എത്രയോ മക്കൾ അമ്മമാർക്കെതിരെ കുരുതിക്കളങ്ങൾ ഒരുക്കുന്നില്ലേ?
“സ്ത്രീ” ആദരിക്കപ്പേടേണ്ടവളാണെന്ന്‌ പൗരാണികമതങ്ങൾ ഉദ്‌ഘോഷിക്കുമ്പോഴും മറുഭാഗത്ത്‌ അവൾ നിർദ്ദയം പീഡിപ്പിക്കപ്പെടുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ ഭേദമില്ലാതെ മൂല്യങ്ങൾ കാല്ക്കീഴിലിട്ട്‌ ചവുട്ടിയരക്കുന്നു. ഇത്തരം അനീതികൾക്കെതിരെ സമരമുറ കയ്യാളിയ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. പുരുഷകേന്ദ്രിതമായ ചരിത്രരചനയുടെ തമസ്ക്കരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട കേരളചരിത്രത്തിലെ ഉജ്ജ്വലമായ സ്ത്രീ​‍ീസമരങ്ങളുടെ കഥ നമുക്കു വിസ്മരിക്കാനാവില്ല. എല്ലാ വിധത്തിലുള്ള അപകടങ്ങളേയും, അതിക്രമങ്ങളേയും നേരിട്ടുകൊണ്ടാണ്‌ സ്ത്രീകൾ തങ്ങളുടെ സമരചരിത്രം നിർമ്മിച്ചിട്ടുള്ളത്‌. അതികഠിനമായ സഞ്ചാരപഥങ്ങളിലൂടെ കടന്നു വന്ന്‌ പുരുഷൻ വ്യാപരിക്കുന്ന മിക്ക മേഖലകളിലും സ്തുത്യർഹമായ സ്ഥാനം കൈവരിച്ച നിരവധി ധീരവനിതകൾ നമ്മുടെ സമൂഹത്തിലുണ്ട്‌. എന്നിരുന്നാലും സ്ത്രീകൾക്കെതിരെ നടമാടുന്ന അധാർമ്മിതകൾക്ക്‌ ഒരു ലോപവുമില്ല. കാരണം “പെണ്ണിന്‌” പണ്ടുമുതലേ സമൂഹം ഒരു ചട്ടക്കൂട്‌ നിർമ്മിച്ചുവെച്ചിട്ടുണ്ട്‌. ഈയൊരു ആയുധം വെച്ച്‌ അവളെ തളച്ചിടാൻ വ്യഗ്രതയ്യേറുന്ന സമൂഹവും. വിശാലവീക്ഷണം എന്നു പറയുമ്പോഴും ചിലതെല്ലാം ഇപ്പോഴും വികലവും സങ്കുചിതവും തന്നെ.

അധികാരം കയ്യാളുന്ന അമ്മമാർ ഒരു വശത്തുണ്ടെങ്കിലും നിരാശ്രരും ഒറ്റപ്പെട്ടവരുമായ എത്രയോ അമ്മമാർ നമുക്കു ചുറ്റുമുണ്ട്‌. ഇവിടെ വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം നിങ്ങളുമായി പങ്കു വെക്കട്ടെ. ഗുരുവായൂർ ദർശനത്തിനു പോയ അവസരത്തിൽ പ്രാർത്ഥിച്ചു നില്ക്കുമ്പോൾ പിന്നിൽ നിന്നും തോളിൽ മെല്ലെ തട്ടി ഒരു ചോദ്യം“മോളേ എന്നേയും കൂടെ കൊണ്ടുപോകുമോ? ചോദ്യം കേട്ട്‌ അവിശ്വാസത്തോടെ തിരിഞ്ഞുനോക്കിയപ്പോൾ കണ്ണുകളിൽ നിരാശയുടെ തിരിനാളവുമായി യാചനാഭാവത്തിൽ വൃദ്ധയായ ഒരമ്മ. കയ്യിൽ ചെറിയൊരു ഭാണ്ഡക്കെട്ടുമായി. ഞാൻ നോക്കിയപ്പോൾ അവർ ചോദ്യമാവർത്തിച്ചു. ഒപ്പം എന്തു ജോലിയും ചെയ്തുകൊള്ളാം എന്നും. സത്യത്തിൽ ഉത്തരം മുട്ടിപ്പോയ ഹൃദയഭേദകമായ നിമിഷങ്ങൾ. യാഥാർത്ഥ്യങ്ങളറിയാതെ തീരുമാനങ്ങളെടുക്കാനായില്ല. ആ ഒരു നിസ്സഹായാവസ്ഥയിൽ അവരുടെ കയ്യിലല്പ്പം പണം നല്കി വേദനയോടെ തിരിഞ്ഞു നടക്കുമ്പോൾ പലരോടും അവരീ ചോദ്യമാവർത്തിക്കുന്നതു കേട്ടു. പലപ്പോഴും ഈ സംഭവം മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരുടെ അമ്മയായിരിക്കും, മക്കളുണ്ടാവില്ലേ അങ്ങിനെ ഒരു പാടു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കും. ഇങ്ങിനെയുള്ള എത്രയോ അമ്മമാർ ദിനം പ്രതി നമുക്കു ചുറ്റും അലയുന്നുണ്ട്‌. പുക്കിൾക്കൊടി ബന്ധം എന്നേക്കുമായി അറുത്ത്‌ ഒറ്റപ്പെടുന്ന ഈ അമ്മമാരുടെ വിലാപങ്ങൾ നമുക്കു കേൾക്കാതിരിക്കാനാവുമോ? അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ല. അത്‌ ഉദാത്തവും ശ്രേഷ്ഠവുമാണ്‌. ആ കടപ്പാട്‌ ജീവിതത്തിലെത്ര ഉയരങ്ങൾ കീഴടക്കിയാലും കൊടുത്തു തീർക്കാൻ സാധ്യമല്ല. ഫലേച്ഛ കൂടാതെയാണ്‌ ഓരോ അമ്മയും സംരക്ഷണത്തിന്റെ ചിറകിനുള്ളിൽ ഒതുക്കി കാക്കക്കും പരുന്തിനും കൊടുക്കാതെ വാത്സല്യത്തിന്റെ അമൃതൂട്ടി പരിരക്ഷിക്കുന്നത്‌. സ്നേഹത്തിന്റെ തീവ്രതയിലൂടെ അരിഷ്ടതകളനുഭവിച്ച്‌ ഓരോ അമ്മയും കടന്നുപോരുന്നു. സർവ്വഥാ സംപൂജ്യയായ അമ്മയെ ആദരിക്കേണ്ട കടമ സമൂഹം മറക്കാതിരിക്കട്ടെ. സ്വത്വബോധവും ഉൾക്കരുത്തുമുള്ളവർ പ്രതിസന്ധികളുടെ കടമ്പകൾ കരുത്തോടെ മുന്നേറും. എന്നാൽ മുലപ്പാലൂട്ടി വളർത്തിയ മക്കളുടെ സ്നേഹവും കാത്ത്‌ ഈ നീണ്ട ക്യൂവിൽ കാത്തുനിൽപ്പാണ്‌ പല അമ്മമാരും എന്നോർക്കുക. കടലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ മൗനസ്മിതമാണ്‌` ഓരോ അമ്മയും...............!

എഡിറ്റോറിയൽ-

 മാത്യു നെല്ലിക്കുന്ന്‌
 മാറിയ കേരളം

കേരളം പെടിപ്പെടുത്തുന്ന വിധം വളരുകയാണോ?
ഇന്ന് പുറത്തിറങ്ങുന്ന പത്രങ്ങളിലൂടെ കണ്ണോടിക്കുന്ന ആരും അന്തം വിട്ടുപോകുന്ന കാര്യങ്ങളാണ്‌ അറിയുന്നത്.
മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൽ കൊലപാതകങ്ങളും തട്ടിപ്പുകളും പീഡനങ്ങളും ഏറുകയാണ്‌.
ഒരു കാര്യം വ്യക്തമാണ്‌: മലയാളികളുടെ മാനസിക നിലയിൽ മുൻഗണനാക്രമങ്ങൾ പാടേ മാറിയിരിക്കുന്നു.
എന്തും നേടാനുള്ള ആഗ്രഹം കലശലാണ്‌.
നേടാൻ കഴിഞ്ഞില്ലെങ്കിൽ ജീവിച്ചിട്ടു തന്നെ കാര്യമില്ലെന്ന അവസ്ഥയിലാണ്‌ പലരും.
ഇക്കാര്യത്തിൽ പ്രായവ്യത്യാസമോ പ്രാദേശിക ഭേദമോ  കാണാനില്ല.
ഭൂരിപക്ഷം പേരെയും ബാധിച്ചുതുടങ്ങിയ ഈ രോഗത്തിനു ചികിൽസ ഇനിയെങ്കിലും തുടങ്ങണം.

കേരളം ലോകത്തിൽ ഏറ്റവും സുന്ദരമായ സ്ഥലമാണ്‌.
ഇവിടെ ജീവിതത്തിന്റെ സൗന്ദര്യവും ഒന്നാമതാകണം.
പണത്തിന്റെ അമിതമായ മേനിക്കൊഴുപ്പ് പ്രദർശിപ്പിക്കാതിരിക്കുകയാണ്‌ , ഇതിനെ തടയാനുള്ള ആദ്യ പടി.
ജീവിതമൂല്യങ്ങളായ ത്യാഗത്തിലേക്കും ഒഴിഞ്ഞു നിൽക്കലിലേക്കും നാം സാവധാനം എത്തിച്ചേരേണ്ടതുണ്ട്.
പണം കൊടുത്ത് വാങ്ങുന്ന ആധുനികതയും  സുഖവും യഥാർഥമല്ലെന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് മുന്നേറാനുള്ള ആദ്യ പടിയായി.
ബഹുമാനപ്പെട്ട എഴുത്തുകാരും ചിന്തകരും മറ്റും ഈ കാര്യങ്ങൾ കൂടി അവരുടെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും  ഉൾപ്പെടുത്തമെന്ന് അഭ്യർത്ഥിക്കുന്നു

യാത്രക്കാരനിൽ ഒരു കാഴ്ചക്കാരന്റെ ശതമാനം

സനൽ ശശിധരൻ


അഞ്ചുമണി വൈകുന്നേരം
വാഹനങ്ങളുടെ അമറലുകൾ -
കുത്തിയൊലിക്കുന്ന എൻ.ഏച്ച്.47
ഇതാ ഇപ്പോ പൊട്ടിച്ചോടിവരുമെന്ന്
ചുരമാന്തി മുക്രയിടുന്ന മഴക്കൂറ്റൻ
60% ബ്രേക്കും 40 % ലക്കുമില്ലാത്ത
എന്റെ ബജാജ് സി.റ്റി.100
മഴവീണാൽ തളം കെട്ടുന്ന തമ്പാനൂരിൽ നിന്നും
നിന്നുപെയ്താൽ ഒലിച്ചുപോകുന്ന വീട്ടിലേക്ക്
60-65 ൽ ആക്സിലേറ്റർ പിടിക്കുന്ന ഞാൻ

പറയൂ കാഴ്ചക്കാരാ
എത്രശതമാനം സാധ്യതയാണ് വീടെത്താൻ
എനിക്കുള്ളത്?
നിറയെ പുഴമണൽ തിന്നുവരുന്ന
പല്ലിളിച്ച പാണ്ടിലോറി
എന്നെ ഉമ്മവെയ്ക്കാനുള്ള
സാധ്യത എത്ര ശതമാനം?

റോഡിലേക്ക് ഉരുണ്ടുവീണ ആപ്പിൾ
ലക്ഷ്യമാക്കി ഓടുന്ന
പഴക്കച്ചവടക്കാരൻ കിഴവനെ
എന്റെ ബൈക്ക് തച്ചുടയ്ക്കാൻ
സാധ്യത എത്ര ശതമാനം?

ഹെൽമറ്റിൽ നിന്നും ഊരിത്തെറിക്കുന്ന
എന്റെ തലയിൽ വി.എസ്.എസ്.സി ബസിന്റെ
കൂറ്റൻ ചക്രങ്ങൾ കയറിനിരങ്ങാൻ
എത്രശതമാനം സാധ്യത?

മഴപെയ്യാനുള്ള സാധ്യത എത്രശതമാനം?
പെയ്യാതിരിക്കാനുള്ള സാധ്യത എത്രശതമാനം?
മഴപേടിച്ച് ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകൾക്കടിയിൽ
ഞാൻ ചോരകൊണ്ട് ഒപ്പുവെയ്ക്കാൻ
സാധ്യത എത്ര ശതമാനം?

കാഴ്ചക്കാരാ,
ശതമാനക്കണക്കുകൾ അളന്ന്
നിങ്ങൾ ഒരു കട്ടൻ ചായകുടിച്ച് നിൽക്കുക
ഞാൻ പോയ്‌വരാം
ചിലപ്പോൾ വരാതെ പോകാം
സാധ്യത എത്ര ശതമാനം?
ആർക്കറിയാം?
ആർക്കറിയണം?
എന്തായാലും
തട്ടുകടയിൽ ചായകുടിച്ച്
സാധ്യതകളളന്ന്
നൂറുശതമാനം നിങ്ങളിവിടെ ഉണ്ടാകുമല്ലോ..!

ലല്ലേശ്വരിയുടെ കവിത


വിവ. വേണു വി.ദേശം


ക്ഷീണിച്ചു വീഴും വരേയ്ക്കും
ഞാൻ സ്വാത്മാവെത്തേടിയുഴറി
പക്ഷേ, ഇപ്പോഴെനിക്കറിയാം
ആർക്കുമേ പരിശ്രമത്തിലൂടെ
ആ നിഗോ‍ൂഢ ജ്ഞാനം
നേടാനാവുകയില്ലെന്ന്‌
അവിടുന്ന്‌ ഞാൻ തന്നെയെന്ന
ബോധത്തിൽ ലയിക്കവെ
വീഞ്ഞിരിക്കുന്ന ഇടം
ഞാൻ കണ്ടെത്തി
കണക്കറ്റു നിറഞ്ഞ വീഞ്ഞിൻ
ഭരണികളുണ്ടവിടെ, എന്നാൽ
പാനംചെയ്യാനാർക്കുമനുവാദമില്ല

ചാട്ടം


ടി.എ.ശശി

കപ്പലിൽ നിന്നൊരാൾ
കാണാതായെന്നറിഞ്ഞതും
നാഴികകൾക്കപ്പുറം
നിഴലുപോലെന്തോ
കടലിൽ വീഴുന്നത്‌
കണ്ടുവേന്നൊരാൾ
ഡക്കിൽ ഊരിവച്ചി-
ട്ടുണ്ടുടുപ്പുകൾ, വാച്ചും
വീണനേരം ഗണിച്ചു
കപ്പൽ പുറകോട്ടെടുത്ത്‌
നിർത്തി തിരച്ചിലായ്‌
ബംഗാൾ ഉൾക്കടലിൻ
നടുക്കെത്തിയത്രേ
ഇരുൾവീണു
മുങ്ങും സന്ധ്യയിൽ
ചുറ്റും കറുപ്പിൻ പരപ്പ്‌
ലൈഫ്‌ ബോട്ടിൽ
കോരിയെടുത്ത-
ടുക്കുന്നുണ്ട്‌
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.

കുമ്പിടുന്നേൻ


ഡോ.തേവന്നൂർ മണിരാജ്‌
ഒരു മഞ്ഞുതുള്ളിയായ്‌ പുൽത്തുമ്പിൽ
ഒരു മധുകണമായി പൂവുകളിൽ
ഒരു മന്ദസ്മേരമായ്താരകത്തിൽ
നിറയും പൊരുളിനെ കുമ്പിടുന്നേൻ

ഒരു നവകാന്തിയായ്‌ മാരിവില്ലിൽ
ഒരുതാളലയമായി പൊന്മയിലിൽ
ഒരു രാഗമുരളിയായ്‌ മുളങ്കാട്ടിൽ
ഒളിചിന്നും നാഥനെ കുമ്പിടുന്നേൻ

ഒരു ചുവടൊന്നു പിഴച്ചെന്നാൽ
ഒരു സ്വപ്നം മിന്നിപ്പോളിഞ്ഞെന്നാൽ
ഇരുകരം നീട്ടി തുണയേകും
പരമ ചൈതന്യത്തെ കുമ്പിടുന്നേൻ...

നിന്നോളം...

                    രാജേഷ് ചിത്തിര
നിന്നോളം വരില്ലൊന്നും..
എത്രയടക്കം,‍
എത്രയൊതുക്കം,‍
എത്രയാഴത്തിലത്ര-
മേല്‍ മെല്ലെ.
എത്രമേല്‍ നൊന്തിട്ടിത്ര
മേല്‍ ഝടുതി,
ഒന്നും കാണാതെയാവില്ല
ഒന്നും കണ്ടിട്ടുമുണ്ടാവില്ല.
ആര്‍ക്കെല്ലാമൊപ്പം വന്നിട്ടും,
ആരെല്ലാം കൈവിട്ടു പോയിട്ടും,
എന്തെല്ലാമാണ് ബാക്കിയാക്കുന്നത്,
കാറ്റേ,
നിന്നോളം വരില്ലൊന്നും.

Sunday, 5 June 2011

contents/ezhuth online -june 2011

ezhuth







ഹരികുമാറിന്റെ നവചിന്തകൾ:

ചെറുതെത്ര മനോഹരം:

വിപ്ളവം ഉണ്ടാകുന്നത്:



ഖജനാവുകളി:


ഞാനാരാ മോൻ!:


പ്രവാസത്തിന്റെ രാസഘടികാരങ്ങൾ:

കൊലപാതകം:

 സമസ്യ:

ബോധോദയം:

 your smiles:

 വിവേകാനന്ദം:

 മഴ:

 ഈശ്വരന്റെ വീട്:
സുനിൽ സി.ഇ



കൊഴിഞ്ഞുപോയ മയിൽ‍പ്പീലി:
പഥികൻ


 പറയാതെപോയത്:

ഋതുപ്പകർച്ചകൾ:

 പ്രണയം:

സാഹിത്യചിന്തകളുടെ രാജയോഗഗാംഭീര്യം:


 പൂർണിമ:





 ഒരിക്കൽ നമുക്ക്:

ഒരിക്കല്‍ നമുക്ക്‌

എം.കെ.ഹരികുമാർ

 ചിലപ്പോൾ
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,

എഡിറ്റോറിയൽ

 മാത്യൂ നെല്ലിക്കുന്ന്‌

കേരളം മഴയുടെ നാടാണ്‌.
വാസ്തവത്തിൽ കുറേ വർഷങ്ങളായി ഞാൻ മഴക്കാലത്ത്  നാട്ടിലുണ്ടാകാറില്ല.ഇത്തവണ അതു സാധിച്ചു.മഴ അതു കേരളത്തെ കൂടുതൽ തുറന്നു കാണിക്കുന്നു.
സൗന്ദര്യത്തിലും ദുരിതത്തിലും.
മഴ നമ്മുടെ നാട്ടിലാണ്‌ ഉണ്ടായത് എന്നു പറഞ്ഞാലും തെറ്റില്ല.മഴ നമുക്കു മാത്രമായി ഒരു ഭൂപടം കാണിച്ചുതരുന്നു.
പുതിയ വർണങ്ങൾ തന്ന് നമ്മെ സുന്ദരന്മരും സുന്ദരികളുമാക്കുന്നു.
മഴയിൽ നാം നമ്മുടെ തന്നെ പുരാതനഗൃഹങ്ങളിലേക്ക്
മടങ്ങാൻ ആലോചിക്കും.

മഴയുടെ സൗന്ദര്യത്തിൽ നാം മതിമറന്നാലും , മഴയുടെ അഴകിനെ നിലനിർത്താൻ ഇനിയും നാം ശ്രമിക്കുന്നില്ല.
മഴവന്നാൽ വീടും കൂടും നഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ഇനിയെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്യണം.മഴവരുന്നതോടെ കൃഷിയും ജോലിയും നഷ്ടപ്പെടുന്നവരുണ്ട്.
അവരുടെ ജീവിതത്തിനു മഴ കൊണ്ടുവരുന്ന സൗന്ദര്യം പകുത്ത് നൽക്കൻ നാം തയ്യാറാകണം.
മഴയിൽ നാം പുനർജനിക്കുകയാണ്‌.
മാനസികമായി അതു നമ്മെ കൂടുതൽ ഉയർത്തുന്നു.
ആത്മീയമായ ഒരു പരിവർത്തനം അതു തരുന്നുണ്ട്.
മഴയെ നമുക്കു ഒരു മാട്ടത്തിനുള്ള, പുനർ ചിന്തനത്തിനുള്ള വഴിയായി സ്വീകരിക്കണം

വരരുചി പഞ്ചമിയോട് പറഞ പോലെ

ഇനിയെങ്കിലും മലയാളി മക്കളെ-
പ്പെറ്റു വഴിയിലേയ്ക്കെറിയണം!
പണ്ട് വരരുചി പഞ്ചമിയോട് പറഞ പോലെ
എന്നു കരുതിയാലും തെറ്റില്ല!
വരരുചിയുടെ കുട്ടികളാരും മോശമായല്ലല്ലൊ
വളര്‍ന്നു പന്തലിച്ചത്?, b shihab
സാക്ഷാല്‍ കണ്ണന്‍ വളര്‍ന്നത്
സ്വന്തം ഗൃഹത്തിലല്ലല്ലൊ?
കൈ വളര്‍ന്നോ? കാലു വളര്‍ന്നോ?
ഉറുമ്പരിയ്ക്കും, പേനരിയ്ക്കുമെന്നതെല്ലാം
ഉത്കണ്ഠയാണ്!
കുട്ടികള്‍ കുറച്ച് മണ്ണ്‌ തിന്ന് വളരട്ടെ
അമൃതിന്റെ ആയിരം ഉറവകള്‍
മണ്ണിലൊളിപ്പിച്ചിരിപ്പുണ്ട്.
മണ്ണിന്‌ ശക്തിയും മധുരവും ചേലും,
സുഗന്ധവുമുണ്ട്.
പറമ്പിലാരോ ഉപേക്ഷിച്ചു പോയ
നിധികള്‍ ഒളിഞു കിടപ്പുണ്ട്.
ചരിത്രവും, സംസ്കാരവും
അവിടെന്നു കിളച്ചു പറക്കാം.
നമ്മുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തും
രാജപാതകള്‍ നീണ്ടു പോകുന്നുണ്ട്
ആകാശത്തിന്‌ ആഴവും
പരപ്പും നീലിമയുമുണ്ട്.
ആയിരം സൂര്യചന്ദ്രന്‍മാര്‍ രത്നപ്രഭ ചിതറി
തെളിഞു നില്‍പ്പുണ്ട്.
മഴവില്ലുകള്‍ തീര്‍ത്ത മനോഹരചിത്രങളില്‍
പറവകള്‍ നീന്തി തുടിക്കുന്നുണ്ട്.
ബലതന്ത്രവും, രസതന്ത്രവും
കലനവും, ജീവശാസ്ത്രവും
നൂറ് നൂറ് വിഷയങളില്‍
ചിലതുമാത്രമാണ്.
കടലേഴും താണ്ടണ്ടെ? കൊഞ്ചിച്ച്
കൊഞ്ചിച്ച് കുട്ടികളെ കുഴയ്ക്കരുത്.
ഒരു കിളിയേയും ചിറകരിഞ്
പറക്കാന്‍ വിടരുത്.
ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഘോരവനങളില്‍
നമുക്ക് തട്ടുകടയുണ്ടെന്നും
സാമ്പസിയുടെ തീരങളില്‍ പോലും
സങ്കേതങളുണ്ടെന്നും നാം
ഊറ്റം കൊള്ളാറുള്ളതല്ലെ?
നമ്മുടെ മൂക്കിനപ്പുറത്തും
ലോകങളുണ്ട്
അങോട്ടു പോയവര്‍
ആകാശങള്‍ അളന്നെടുക്കട്ടെ?
ശ്രീയേശുവിന്റെയും, മുത്തുനബിയുടെയും
ദിവ്യസന്ദേശങളവിടെയുണ്ട്.
ആദിശങ്കരന്റെ മായാദര്‍ശനമവിടെയുണ്ട്.
മാര്‍ക്സിന്റെയും ബാപ്പുവിന്റെയും
കണ്ടെത്തലുകളവിടെയുണ്ട്.
അവര്‍ കടലേഴും താണ്ടി വരട്ടെ
കടലിന്നക്കരെ മുത്തും പവിഴവുമുണ്ട്.
ഒരു ചെടിയേയും നിങള്‍ ചോലയില്‍
കൊണ്ടു പോയ് നടരുത്.
മനുഷ്യനിനിയും ഒരുപാട് ദൂരം
നടന്നു തീര്‍ക്കാനുണ്ട്!

പ്രണയം

എം. കെ .ഖരീം

ഭൂമിയിലെ എന്റെ സഞ്ചാരം  ഞാനും പരാശക്തിയും തമ്മിലുള്ള കരാര്‍ . എനിക്ക്  യഥേഷ്ടം സഞ്ചരിക്കാം, ശൈത്താനെ പിന്തുടരാം, വിയോജിക്കാം.
അതിനിടയില്‍ എന്നെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്, എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വയ്ക്കാന്‍ നിങ്ങളെ അധികാരപ്പെടുത്തിയത് ആരാണ്?
നടക്കുന്തോറും പെരുകുന്ന അതിര്‍ത്തികള്‍ , കുരുക്കുകളും... യുദ്ധങ്ങളും വെറികളും... യുദ്ധം കൊണ്ട് സമാധാനം ഉണ്ടാക്കാം എന്ന് ചിലര്‍ . യുദ്ധത്തിനെതിരെ, ഹിംസക്കെതിരെ     പോരാടിയ ആള്‍ കൊല ചെയ്യപ്പെടുന്നു. അഹിംസയുടെ പ്രചാചകന്റെ ശവശരീരത്തിനു ചുറ്റും തോക്കുകള്‍ ആചാര വെടി മുഴക്കുന്നു. തോക്കുകള്‍ അഹിംസയെ അവഹേളിക്കുന്നു. അഹിംസക്ക് ഒരിക്കലും ആയുധത്തിന്റെ ചാങ്ങാതിയാവാന്‍ കഴിയില്ലല്ലോ.

ഞാന്‍ പര്‍ദ ധരിക്കട്ടെ, ധരിക്കാതിരിക്കട്ടെ, എന്നെ വിലക്കാന്‍ നിങ്ങള്‍ ആരാണ്?
ലോകമേ, വിശ്വാസത്തില്‍ നിര്‍ബന്തമില്ലെന്ന പ്രവാചക മൊഴി എന്തേ മറക്കുന്നു?
എന്റെ പ്രാര്‍ത്ഥന പ്രണയമാണ്... അത് ഉടലും ഉടലും തമ്മിലല്ല... അതുകൊണ്ട്
എനിക്ക് ഉടലിനെ അലങ്കരിക്കെണ്ടതില്ല.
പ്രണയം തിരഞ്ഞു നടക്കുന്ന എന്നെ നിങ്ങള്‍ എവിടെക്കാണ്‌ ആട്ടിയോടിക്കുന്നത്? ആകാശത്തിനുമപ്പുറത്തേക്കോ?
അല്ലയോ പരാശക്തീ, നരകവാതില്‍ എനിക്കായി തുറന്നു തരിക... ഭൂമിയെക്കാള്‍
അതിര്‍ത്തിയില്ലാത്ത നിന്റെ നരകത്തെ ഞാനിഷ്ടപ്പെടുന്നു...


നിയമങ്ങളേ,
മാറി പോകൂ,
ആരാധനാലയങ്ങളേ,
ഒഴിഞ്ഞു പോകൂ,
ഞാന്‍ പ്രാര്‍ഥനയിലാണ്...
എന്റെ ജപം നാവുകൊണ്ടുളളതല്ല,
ശ്വാസത്തിലൂടെയാണ് ഞാന്‍
പ്രാര്‍ത്ഥനയിലാകുന്നത്....

സമസ്യ


ശ്രീദേവിനായര്‍


 

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!



ഋതുപ്പകർച്ചകൾ

ഋതുഭേദങ്ങൾ തൻ ലയവിന്യാസങ്ങളാൽ
തുലാവർഷക്കെടുതികൾ വന്നംബരത്തിൻ
നിറം ചോർത്തി, ക്രോധത്തിന്നിടിവാളൊച്ചകൾ
ഛിന്നഭിന്നമാക്കി മതിഭ്രമങ്ങളെ .................



വിണ്ടുകീറിപ്പാഞ്ഞമരുന്നു കുറ്റബോധങ്ങൾ
ജലാവർത്തങ്ങളിൽ താഴുന്നു കാഴ്ച്ചകളും
അർക്കജ്വാലയിൽ പാതിവെന്തയിലകൾ
തേടിയിറങ്ങുന്നു മഹാവൃക്ഷ ധ്യാനങ്ങളെ ^


കൊടുംശൈത്യത്തിൻ വിരസനിമിഷങ്ങളെ
പെറ്റുകിടപ്പൂ മൗനത്തിൻ താഴ്‌വാരകൾ
നിശാഗന്ധികൾ പൂത്ത കനവിൻ രാവോ
കരവാളേന്തിയുറഞ്ഞു തുള്ളി നിർന്നിദ്രയായ്‌


ഋതുഭേദങ്ങളാടിയിങ്ങനെ വേഷപ്പകർച്ചകൾ
കോർത്തെടുത്തതിജീവനത്തിൻ വായ്ത്താരികളും
നിലാവു തൂവും നഭസ്സിന്നാർദ്ദ്രതയിൽ നിന്നും
കൺതുറക്കട്ടെ വേഗം ഋതുനക്ഷത്രങ്ങൾ................
.........


പറയാതെ പോയത്‌


രാജനന്ദിനി

ഇരവിന്റെ സാന്ദ്രമൗനങ്ങളിൽ
പുലരിയുറങ്ങുംപോലെ
മൃതിയുടെ ഇരുളിൻ കാമ്പിൽ
ജനിയുടെ കിരണം പോലെ,
മനസ്സിന്റെ കാണാപ്പുറങ്ങളിൽ
നീയുണർത്തും സ്മൃതികൾ
വേർപാടിൻ മരുവിലാകെ
ഉലയുന്ന കനൽക്കാറ്റിൽ
തനുവിന്റെ തെളിനീർ വറ്റി
പൊലിയുകയാണെൻ കവിത
ഏകയാണു ഞാൻ സഖേ
നീയുമങ്ങകലെയെങ്ങോ
തൂമഞ്ഞിൻ തൂവൽക്കൂട്ടിൽ
കാലം പുതച്ചുറങ്ങുന്നുവോ?
മൗനത്തിന്നഗാധഗർത്തത്തിൽ
വീണുചിതറിയവാക്കുകളിൽ
കരുതിയിരുന്നു ഞാൻ സന്ദേഹത്താൽ
പറയാതെപോയ സന്ദേശം
ഇന്ന്‌...
നിനക്കായ്‌ ചീന്തിലയിൽ
ഒരു പിടിച്ചോറും എള്ളും
നിലയ്ക്കാത്ത കണ്ണീരിൽ
ഈറനായ്‌ ഞാനും
എൻ അമരദുഃഖങ്ങളും


ഉത്തരാധുനിക വീട്‌



 ഇസ്മയിൽ മേലടി

മേൽക്കൂരയ്ക്കു കീഴിൽ
കൈകാലുകളുടെ കലമ്പൽ
താണ്ടുവാൻ വിസ്തീർണ്ണമേറെ
മനസ്സ്‌ അനന്തവിഹായസ്സിൽ
മൗസിലുടക്കിക്കിടന്നു പിടയുന്നു
മുറികൾ തമ്മിൽ മെയിലുകൾ ദൂരം
ഒട്ടും ശബ്ദമുഖരിതമല്ലാത്ത തീൻമേശ
മൗനവാല്മീകത്തിൽ തീർത്ത സ്വീകരണ മുറി
കിടപ്പുമുറിയിൽ അഗാധ ഗർത്തങ്ങൾ
പരന്ന നിസ്സംഗതയുടെ വരാന്ത
കുളിമുറിയിൽ കണ്ണീരിന്റെ സ്നാനതീർത്ഥം
ഒന്നു ബാക്കി വയ്ക്കാത്ത സ്റ്റോർ ർറൂം
ആധി പുകയുന്ന അടുക്കളയിൽ
പാതിവെന്ത ജീവിതം
മുറ്റം തീരെയില്ലാത്തതുകൊണ്ട്‌
പൂക്കൾക്കു വിരിയാനിടയില്ല
ഗേറ്റിനപ്പുറത്തു മഞ്ഞുമലയോ മറ്റോ...