Friday, 1 July 2011

മാതൃത്വം

 ഇന്ദിരാ ബാലൻ

“മാതൃത്വത്തിന്റെ മഹത്വം” എന്നതിനെക്കുറിച്ച്‌ ഒന്ന്‌ പര്യാലോചിക്കാം ഉത്കൃഷ്ടബന്ധങ്ങൾ എല്ലാം ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ നൂല്പ്പാലത്തിലൂടെയാണ്‌ നാമെല്ലാം ചരിച്ചുകൊണ്ടിരിക്കുന്നത്‌. ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന ഒരവസ്ഥ. അതുകൊണ്ടു തന്നെ “അമ്മയെ” അറിയാതെ ,മനസ്സിലാക്കാതെ പോകുന്നു ഓരോ വിനാഴികകളും. പെറ്റമ്മയും ജന്മനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്ന സൂക്തം ഏവർക്കുമറിയാമല്ലൊ. അതുപോലെത്തന്നെ പ്രാധാന്യമേറിയ മറ്റൊന്നാണ്‌` “മാതൃദേവോ ഭവ” എന്നതും. സർവ്വമാനവഗുണങ്ങളും അമ്മയിൽ സമ്മേളിക്കുന്നു. ത്യാഗത്തിന്റേയും, ക്ഷമയുടേയും, സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മൂർത്തിമത്‌ഭാവമാണ്‌ അമ്മ. പക്ഷേ ഇത്തരം മഹത്‌ വചനങ്ങളെല്ലാം നമമാത്രമായവശേഷിക്കുന്നു. പരിവർത്തനത്തിന്റെ അനിഷേധ്യതയിൽ പലതും സ്വപ്നസമാനമാകുന്നു. അമ്മയെ തിരിച്ചറിയാനാകാതെ എത്രയോ മക്കൾ അമ്മമാർക്കെതിരെ കുരുതിക്കളങ്ങൾ ഒരുക്കുന്നില്ലേ?
“സ്ത്രീ” ആദരിക്കപ്പേടേണ്ടവളാണെന്ന്‌ പൗരാണികമതങ്ങൾ ഉദ്‌ഘോഷിക്കുമ്പോഴും മറുഭാഗത്ത്‌ അവൾ നിർദ്ദയം പീഡിപ്പിക്കപ്പെടുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ ഭേദമില്ലാതെ മൂല്യങ്ങൾ കാല്ക്കീഴിലിട്ട്‌ ചവുട്ടിയരക്കുന്നു. ഇത്തരം അനീതികൾക്കെതിരെ സമരമുറ കയ്യാളിയ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. പുരുഷകേന്ദ്രിതമായ ചരിത്രരചനയുടെ തമസ്ക്കരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട കേരളചരിത്രത്തിലെ ഉജ്ജ്വലമായ സ്ത്രീ​‍ീസമരങ്ങളുടെ കഥ നമുക്കു വിസ്മരിക്കാനാവില്ല. എല്ലാ വിധത്തിലുള്ള അപകടങ്ങളേയും, അതിക്രമങ്ങളേയും നേരിട്ടുകൊണ്ടാണ്‌ സ്ത്രീകൾ തങ്ങളുടെ സമരചരിത്രം നിർമ്മിച്ചിട്ടുള്ളത്‌. അതികഠിനമായ സഞ്ചാരപഥങ്ങളിലൂടെ കടന്നു വന്ന്‌ പുരുഷൻ വ്യാപരിക്കുന്ന മിക്ക മേഖലകളിലും സ്തുത്യർഹമായ സ്ഥാനം കൈവരിച്ച നിരവധി ധീരവനിതകൾ നമ്മുടെ സമൂഹത്തിലുണ്ട്‌. എന്നിരുന്നാലും സ്ത്രീകൾക്കെതിരെ നടമാടുന്ന അധാർമ്മിതകൾക്ക്‌ ഒരു ലോപവുമില്ല. കാരണം “പെണ്ണിന്‌” പണ്ടുമുതലേ സമൂഹം ഒരു ചട്ടക്കൂട്‌ നിർമ്മിച്ചുവെച്ചിട്ടുണ്ട്‌. ഈയൊരു ആയുധം വെച്ച്‌ അവളെ തളച്ചിടാൻ വ്യഗ്രതയ്യേറുന്ന സമൂഹവും. വിശാലവീക്ഷണം എന്നു പറയുമ്പോഴും ചിലതെല്ലാം ഇപ്പോഴും വികലവും സങ്കുചിതവും തന്നെ.

അധികാരം കയ്യാളുന്ന അമ്മമാർ ഒരു വശത്തുണ്ടെങ്കിലും നിരാശ്രരും ഒറ്റപ്പെട്ടവരുമായ എത്രയോ അമ്മമാർ നമുക്കു ചുറ്റുമുണ്ട്‌. ഇവിടെ വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം നിങ്ങളുമായി പങ്കു വെക്കട്ടെ. ഗുരുവായൂർ ദർശനത്തിനു പോയ അവസരത്തിൽ പ്രാർത്ഥിച്ചു നില്ക്കുമ്പോൾ പിന്നിൽ നിന്നും തോളിൽ മെല്ലെ തട്ടി ഒരു ചോദ്യം“മോളേ എന്നേയും കൂടെ കൊണ്ടുപോകുമോ? ചോദ്യം കേട്ട്‌ അവിശ്വാസത്തോടെ തിരിഞ്ഞുനോക്കിയപ്പോൾ കണ്ണുകളിൽ നിരാശയുടെ തിരിനാളവുമായി യാചനാഭാവത്തിൽ വൃദ്ധയായ ഒരമ്മ. കയ്യിൽ ചെറിയൊരു ഭാണ്ഡക്കെട്ടുമായി. ഞാൻ നോക്കിയപ്പോൾ അവർ ചോദ്യമാവർത്തിച്ചു. ഒപ്പം എന്തു ജോലിയും ചെയ്തുകൊള്ളാം എന്നും. സത്യത്തിൽ ഉത്തരം മുട്ടിപ്പോയ ഹൃദയഭേദകമായ നിമിഷങ്ങൾ. യാഥാർത്ഥ്യങ്ങളറിയാതെ തീരുമാനങ്ങളെടുക്കാനായില്ല. ആ ഒരു നിസ്സഹായാവസ്ഥയിൽ അവരുടെ കയ്യിലല്പ്പം പണം നല്കി വേദനയോടെ തിരിഞ്ഞു നടക്കുമ്പോൾ പലരോടും അവരീ ചോദ്യമാവർത്തിക്കുന്നതു കേട്ടു. പലപ്പോഴും ഈ സംഭവം മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരുടെ അമ്മയായിരിക്കും, മക്കളുണ്ടാവില്ലേ അങ്ങിനെ ഒരു പാടു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കും. ഇങ്ങിനെയുള്ള എത്രയോ അമ്മമാർ ദിനം പ്രതി നമുക്കു ചുറ്റും അലയുന്നുണ്ട്‌. പുക്കിൾക്കൊടി ബന്ധം എന്നേക്കുമായി അറുത്ത്‌ ഒറ്റപ്പെടുന്ന ഈ അമ്മമാരുടെ വിലാപങ്ങൾ നമുക്കു കേൾക്കാതിരിക്കാനാവുമോ? അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ല. അത്‌ ഉദാത്തവും ശ്രേഷ്ഠവുമാണ്‌. ആ കടപ്പാട്‌ ജീവിതത്തിലെത്ര ഉയരങ്ങൾ കീഴടക്കിയാലും കൊടുത്തു തീർക്കാൻ സാധ്യമല്ല. ഫലേച്ഛ കൂടാതെയാണ്‌ ഓരോ അമ്മയും സംരക്ഷണത്തിന്റെ ചിറകിനുള്ളിൽ ഒതുക്കി കാക്കക്കും പരുന്തിനും കൊടുക്കാതെ വാത്സല്യത്തിന്റെ അമൃതൂട്ടി പരിരക്ഷിക്കുന്നത്‌. സ്നേഹത്തിന്റെ തീവ്രതയിലൂടെ അരിഷ്ടതകളനുഭവിച്ച്‌ ഓരോ അമ്മയും കടന്നുപോരുന്നു. സർവ്വഥാ സംപൂജ്യയായ അമ്മയെ ആദരിക്കേണ്ട കടമ സമൂഹം മറക്കാതിരിക്കട്ടെ. സ്വത്വബോധവും ഉൾക്കരുത്തുമുള്ളവർ പ്രതിസന്ധികളുടെ കടമ്പകൾ കരുത്തോടെ മുന്നേറും. എന്നാൽ മുലപ്പാലൂട്ടി വളർത്തിയ മക്കളുടെ സ്നേഹവും കാത്ത്‌ ഈ നീണ്ട ക്യൂവിൽ കാത്തുനിൽപ്പാണ്‌ പല അമ്മമാരും എന്നോർക്കുക. കടലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ മൗനസ്മിതമാണ്‌` ഓരോ അമ്മയും...............!

No comments:

Post a Comment