Friday 1 July 2011

പൂർണ്ണിമ






ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - എട്ട്‌
 പ്രഭാലക്ഷ്മിയാണ്‌ ആ അമ്മയേയും മകളേയും ക്ഷണിച്ചു വരുത്തിയത്‌. രണ്ട്‌ കുടുംബങ്ങളും സ്നേഹത്തിലും വിശ്വാസത്തിലുമാണ്‌ കഴിഞ്ഞിരുന്നത്‌. ആ ബന്ധം അരക്കെട്ടുറപ്പിക്കാൻ രണ്ട്‌ വീട്ടുകാരും തീരുമാനിച്ചു. നിരുപമ കോളേജിൽ പ്രവേശിച്ച വർഷം അവിനാശൻ ഡിഗ്രി കോഴ്സിന്റെ അവസാനത്തെ വർഷത്തിലേക്കു പ്രവേശിച്ചും അങ്ങനെ അവർ തമ്മിൽ പരിചയപ്പെട്ടും കൂടുതൽ അടുക്കാനിടയായില്ല.
 നിരുപമയുടെ വിവാഹം ഇതുവരെ നടന്നില്ല. അനുരൂപനായ വരനെ ലഭിക്കാൻ വിഷമമുണ്ടായിട്ടല്ല. അവിനാശനെ ഉദ്ദേശിച്ചാണ്‌ മറ്റൊരു വരനെ തിരക്കാതിരുന്നത്‌. ഈയിടെ രണ്ടു വീട്ടുകാരും വിവാഹത്തിന്‌ തിടുക്കം തുടങ്ങി. എന്നാൽ രായർ മാത്രം മകനിൽ നിന്നും മറച്ചു വച്ചു. ആദ്യം യുവതി യുവാക്കൾ പരിചയപ്പെടട്ടെ. കൂടുതൽ പരിചയപ്പെട്ടു അടുത്താൽ പിന്നെ വിവാഹം സുഗമമാകുമല്ലോ. ഇതായിരുന്നു ഇരുകൂട്ടരുടേയും കണക്കു കൂട്ടൽ. നിരുപമ സുന്ദരിയുമാണ്‌.
 രായർ എന്തോകാര്യത്തിന്‌ പുറത്ത്‌ പോയിരിക്കയാണ്‌. പ്രഭാലക്ഷ്മി നിരുപമയുടെ അമ്മയായ പത്മാവതിയേയും കൂട്ടിക്കൊണ്ട്‌ ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങി. വരൂ ചേച്ചി, നമുക്ക്‌ സ്പടികം കൊണ്ട്‌  നിർമ്മിച്ച ശിവനാഥശാസ്ത്രിയുടെ പ്രയത്നഫലമായുണ്ടായ മഹാദേവ വിഗ്രഹം കാണാൻ പോകാം. അവിനാശൻ നിരുപമയെയും കൂട്ടി പുതിയതായി നിർമ്മിച്ച കെട്ടിടം കാണിച്ചു കൊടുക്കട്ടെ. അവരെ രണ്ട്‌ പേരെയും തനിച്ചാക്കികൊണ്ട്‌ അമ്മമാർ പുറത്തേക്ക്‌ യാത്രയായി.
 യുവതിയുവാക്കൾ തനിച്ചായി. അവിനാശന്‌ ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്‌ വഴി ഒരുക്കിയതും നിരുപമയാണ്‌.
 "അങ്ങ്‌ പ്രോഫസർ ആകാൻ പോകുന്നു എന്നു കേട്ടത്‌ ശരിയായിരിക്കും അല്ലേ?
 " അടുത്ത്‌ തന്നെ ശരിപ്പെടും." ചുരുങ്ങിയ ഉത്തരം.
 എനിക്ക്‌ കേളേജ്‌ ജീവിതം വളരെ ഇഷ്ടമാണ്‌.
 ഭവതി ബി.എ പാസ്സായില്ലേ?
 "എം.എയ്ക്ക്‌ പഠിക്കണമെന്നുണ്ട്‌. പക്ഷേ കൂട്ടുകാരികളില്ല; തനിയെ പോകാൻ മനസ്സുവരുന്നില്ല;
എനിക്ക്‌ തനിയെ പഠിക്കാനാണിഷ്ടം. കുറച്ചു ദിവസംകൂടി കഴിഞ്ഞാൽ കോളേജ്‌ തുറക്കും ഓ- ഒരു കാര്യം മറന്നു. എനിക്ക്‌ ഒരാളെ കാണാൻ പോകേണ്ടിയിരുന്നു.
എവിടെയ്ക്കാണ്‌ പോകുന്നത്‌. ഞാൻ കൂടെ വരട്ടെ. ഞാനറിയുന്ന ആളായിരിക്കും.
ഇല്ല. ഭവതി അറിയില്ല.
നിരുപമ അയാളെ വളഞ്ഞുവയ്ക്കാൻ ശ്രമിക്കയാണ്‌. അയാൾ ആവലയം ഭേദിച്ചു പുറത്ത്‌ കടക്കുന്നു.
ഹൃദ്യമാണ്‌ നിരുപമയുടെ സംസാരം. അവളുടെ നടത്തവും ആകർഷകം. രൂപവും സുന്ദരം. പക്ഷേ ഇവയൊന്നും അവിനാശന്റെ മനസ്സിനെ ആകർഷിക്കാൻ കഴിഞ്ഞില്ല. രജനി പറഞ്ഞതായ വിവാഹക്കാര്യം നിരുപമയുടേതാണെന്ന്‌ ഇപ്പോൾ അയാൾക്ക്‌ മനസ്സിലായി. അയാളുടെ മനസ്സ്‌ പുറത്തെങ്ങോ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കയാണെന്നു മറ്റുള്ളവരെങ്ങനെയാണറിയുന്നത്‌.
 ആദ്യത്തെ സങ്കോചം തീർന്നാൽ യുവതികളുടെ പെരുമാറ്റം ലഗാനില്ലാതെ കുതിരകളുടെപോലിരിക്കും. നിരുപമയെ സംബന്ധിച്ചിടത്തോളം അത്‌ നൂറ്‌ ശതമാനവും ശരിയായിരുന്നു. മധുരമായ സംഭാഷണരീതി. ചതുരമായ പെരുമാറ്റം. സങ്കോചത്തോടെയുള്ള കടാക്ഷം മുതലായവകൊണ്ട്‌ യുവതികൾ സുന്ദരികളായി തോന്നാം. അയാളോർത്ത്‌ നോക്കി. നിരുപമ സുന്ദരിയാണ്‌. രമച്ചേച്ചിയും സുന്ദരിയാണ്‌. ശരീരം വിറ്റു ജീവിക്കുന്നവരും അങ്ങനെ തന്നെ. രാജേശ്വരിയോ? ആ ഓർമ്മയിലെത്തിയപ്പോൾ അയാൾക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.

അവരുടെ സംഭാഷണം നിലച്ചു. അടുത്ത ക്ഷേത്രത്തിൽ നിന്നും ഒഴുകിവന്ന ഒരു സംഗീതധോരണി അവരെ ഹഠാദാകർഷിച്ചു അത്‌ അവരുടെ കാതുകളിൽ അമൃതസേചനം നടത്തി. സാന്ദ്രമധുരമായിരുന്നു. ആത്മാവിൽ പുളകംചാർത്തുന്നവയായിരുന്നു. ബ്രഹ്മാനന്ദപ്രദായകവും ആവേശകരവുമായ ആ സംഗീതം അവരെ അങ്ങോട്ട്‌ പോകാൻ പ്രേരണനൽകി. ആ സംഗീതത്തരംഗിണി വൈദഗ്ധ്യ പ്രകടന നിർമ്മുക്തവും. മാനവ ഹൃദയത്തിന്റെ അഗാധതലത്തെ സ്പർശിക്കുന്നതുമായിരുന്നു. വിങ്ങിപ്പൊട്ടുന്ന, ഏതോ ഭക്തന്റെ, ഹൃദയം വിട്ടൊഴുകുന്നതായിരുന്നു ആ ഗാനത്തിലെ ഓരോ സ്വരവും അവിനാശൻ ആ സംഗീതസുധാസാഗരത്തിൽ നിമഗ്നനായി നിശ്ചേഷ്ടനായി അൽപനേരം നിലകൊണ്ടു.
 "ആരാണ്‌ പാട്ടുപാടുന്നത്‌ ' നിരുപമ ചോദിച്ചു.
ശിവനാഥ ശാസ്ത്രി
അദ്ദേഹം ഗായകനാണോ?
തോന്നുമ്പോഴൊക്കെ പാടും, നല്ല സ്വരത്തിൽ
അദ്ദേഹം എന്തുജോലി ചെയ്യുന്നു
അടുത്ത വിഷ്ണുക്ഷേത്രത്തിൽ ശാന്തി ജോലി
ഇവിടെ വരുത്തി പാടിക്കാമോ
ഇതുവരെ അദ്ദേഹം ഒരു സ്ഥലത്തുംപോയി പാടിയിട്ടില്ല. പാട്ട്‌ കേൾക്കണമെങ്കിൽ അദ്ദേഹത്തിന്റെ അടുത്തുപോകണം അതും അദ്ദേഹത്തിന്‌ തോന്നുമ്പോൾ മാത്രം.
പാട്ടുനീണ്ടുപോയി. എപ്പോൾ കാണുവനോ ഏ-കാ-ന്ത-മായ്‌ എപ്പോൾ കാണുവനോ
പ്രഭാലക്ഷ്മിയും പത്മാവതിയും മടങ്ങിവന്നു.
നീ പുതിയ വീട്‌ കാണിച്ചുകൊടുത്തില്ലോ
ഞങ്ങൾ പാട്ടു കേറിരിക്യേയിരുന്നു. നല്ല സ്വരത്തിലുള്ള പാട്ട്‌. നിരുപമ പറഞ്ഞു.
മകൾക്ക്‌ പാട്ടിഷ്ടമാണോ, പാടാനറിയാമോ
കേൾക്കാനിഷ്ടമാണ്‌.പാടാനറിഞ്ഞുകൂടാ
എന്നാൽ നീ നിരുപമയെ ക്ഷേത്രത്തിൽ കൊണ്ടുപോയി പാട്ടുകേൾപ്പിച്ചു കൊടുത്തിട്ടുവാ അവിനാശ'
എന്നാൽ ഞാനും വരാം. ക്ഷേത്രവും കാണാല്ലോ, പാട്ടും കേൾക്കാം. പത്മാവതി പറഞ്ഞു. അവർ ക്ഷേത്രത്തിൽ പോകാനൊരുങ്ങി.
ക്ഷേത്രം സമീപത്താണ്‌. അവിനാശന്റെ വീട്ടിലിരുന്നാൽ ക്ഷേത്രത്തിലെ ശബ്ദം കേൾക്കാം. ഒരു പുരയിടത്തിന്റെ മറവേയുള്ളു. പക്ഷേ റോഡിൽകൂടെ പോകണം. വേറെ എളുപ്പവഴിയില്ല. അവിനാശനും കൂട്ടരും ക്ഷേത്രനടയിൽ എത്തിച്ചേർന്നു തലേന്നാൽ കണ്ടതായ ആ ഭിക്ഷക്കാരി നടയിൽ നിൽക്കുന്നത്‌ അവിനാശൻ കണ്ടു. അവർ കരയുന്നുണ്ടായിരുന്നു. ഒരു കാൽ രൂപത്തുട്ടെടുത്ത്‌ അവരുടെ മുമ്പിലിട്ടുകൊടുത്തു. അവിനാശന്റെ മുഖത്തേക്കവൾ കോപത്തോടെ നോക്കി. നിരുപമ കാൺകെ അവൾ ആ തുട്ടെടുത്തു ദൂരെ വലിച്ചെറിഞ്ഞു. നിരുപമ വിചാരിച്ചു, കാൽരൂപ പോരാത്തത്‌ കൊണ്ടാണെന്ന്‌ അവൾ ഒരു രൂപത്തുട്ടെടുത്ത്‌ ഭിക്ഷക്കാരിയുടെ മുമ്പിലിട്ടു. "നിങ്ങളോട്‌ ഞാനൊന്നും ചോദിച്ചില്ലല്ലോ. എന്നെ നിങ്ങൾ പിച്ചക്കാരിയാക്കേണല്ലേ? തീപാറുന്ന കണ്ണുകളോടെ അവൾ അവരെ തുറിച്ചു നോക്കി.
 ഇന്നലെ എന്നോടാവശ്യപ്പെട്ടതോ
ഓ. വന്നിരിക്കണ്‌. ഒരു രന്തിദേവൻ. പോയി വേറെ വല്ല ജോലിം നോക്കിക്കേ'
നിരുപമ വിചാരിച്ച്‌ പാവത്തിനു ഭ്രാന്ത്‌ പിടിച്ചുപോയി' പിച്ചക്കാരി മുന്നോട്ട്പോയി. ആരെയും തിരിഞ്ഞു നോക്കാതെ.
 ക്ഷേത്രം ചെറുതാണ്‌. മുമ്പിലൊരു സഭാ മണ്ഡപമുണ്ട്‌. ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമന്റേതാണ്‌. മിക്കപ്പോഴും നാലഞ്ച്‌ പേരെങ്കിലും ക്ഷേത്രത്തിൽ കാണും. ഒരു വൃദ്ധൻ ക്ഷേത്രത്തിൽ ഒരു മൂലയിലിരുന്നു പാരായണം ചെയ്യുന്നുണ്ട്‌. കുശാസനത്തിലാണിരിക്കുന്നതും. അമ്പതു വയസ്സ്‌ കാണും. മുടിയും താടിയും നീട്ടിവളർത്തിയിട്ടുണ്ട്‌. വിസ്തൃതമായ ലലാടത്തിൽ നിറയെ ഭസ്മലേപനമുണ്ട്‌. ശരീരത്തിലും അവിടവിടെ ഭസ്മം പൂശിയിട്ടുണ്ട്‌. വെള്ളവസ്ത്രമാണ്‌ ധരിച്ചിരിക്കുന്നത്‌. കഴുത്തിൽ രുദ്രാക്ഷ മാല അറ്റത്തുള്ള വലിയ രുദ്രാക്ഷം ഉദരത്തിൽ ഉരുമ്മിക്കിടപ്പുണ്ട്‌ ശിവനാഥ ശാസ്ത്രിയാണദ്ദേഹം.
 ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നു ഗൗനിക്കാതെയാണ്‌ പാരായണം. ആരെയും ആകർഷിക്കാനല്ല. സ്വന്തം മനഃശാന്തിക്കുവേണ്ടി മാത്രം. എന്നാലും വളരെപേർ അരികിലിരുന്നു ശ്രദ്ധയോടെ കേൾക്കാറുണ്ട്‌ ചിലപ്പോൾ സന്യാസിമാരും, പണ്ഡിതന്മാരും അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്‌. അവരുമായി ശാസ്ത്രികൾ വാദപ്രതിവാദത്തിനൊരുങ്ങിയിട്ടില്ല. അദ്ദേഹത്തെ അറിയുന്നവരാരും അതിനു തയ്യാറായിട്ടില്ല. ആർക്കെങ്കിലും എന്തെങ്കിലും സംശയം ചോദിക്കാനുണ്ടെങ്കിൽ പാരായണാനന്തരം ചോദിച്ചാൽ സ്ഥഷ്ടവും ലളിതവുമായ രീതിയിൽ സംശയം തീർത്തുകൊടുക്കും. എന്നാൽ പാരായണത്തിനിടയ്ക്കാരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ എന്നോട്‌ ചോദിച്ചിട്ടെന്തു നേടാൻ-ഞ്ഞാനാരാണ്‌-വെറും അജ്ഞൻ. ഒരു കാര്യം പറയാം. കൊടുക്കണമെങ്കിൽ ആരും വാങ്ങണമെങ്കിൽ ഭക്തി എന്ന മാത്രം പറയും.
ചിലപ്പോൾ ദൂരദിക്കുകളിൽ നിന്നും ചില സംഗീത വിദ്വാന്മാർ അദ്ദേഹത്തെ സന്ദർശിക്കാനെത്താറുണ്ട്‌. അവർ ശാസ്ത്രികളുടെ ആതിഥ്യം സ്വീകരിച്ച്‌ രണ്ടോ മൂന്നോ ദിവസം അവിടെതങ്ങും താളം, രാഗം മുതലായവയെക്കുറിച്ചുള്ള സംശയം അദ്ദേഹത്തോട്‌ ചോദിച്ചു മനസ്സിലാക്കി കൃതാർത്ഥതയോടെ അദ്ദേഹത്തെ പ്രണമിച്ചു മടങ്ങിപ്പോകുക പതിവാണ്‌.
 അദ്ദേഹത്തെ ശാസ്ത്രികൾ എന്നും ബ്രഹ്മചാരി എന്നും സ്വാമി എന്നും പലതരത്തിലും ആളുകൾ സംബോധന ചെയ്യാറുണ്ട്‌. ആരെന്ത്‌ വിളിച്ചാലും സന്തോഷിക്കുകയോ ക്ഷോഭിക്കുകയോ ചെയ്യാറില്ല. എന്നും ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റ്‌ ക്ഷേത്രക്കിണറിൽ നിന്നും വെള്ളമെടുത്തു ക്ഷേത്രം കഴുകും എത്ര തണുപ്പുള്ള സമയത്തും തണുത്ത വെള്ളത്തിലേ കുളിക്കൂ! ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്കുശേഷം രണ്ടുമൂന്നു സ്തോത്രങ്ങൾ ആലപിക്കുക പതിവാണ്‌. സംഗീതത്തിന്‌ ശേഷം പാരായണം തുടങ്ങും ചിലപ്പോൾ മൂർത്തിയുടെ മുമ്പിൽ തൊഴുതുനിന്ന്‌ കരയുന്നതും ചിലർ കണ്ടിട്ടുണ്ട്‌. ദേവസേവയൊഴിച്ചു വേറെ ഒരു കർമ്മവും ചെയ്തിട്ടില്ല.
 അവിനാശനും കൂട്ടരും ക്ഷേത്രത്തിൽ ചെന്ന സമയം ഗാതം നിലച്ചിരുന്നു. പാരായണം തുടങ്ങി. ചുറ്റിലും പത്തുപന്ത്രണ്ട്‌ പേരിരുന്നു പാരായണം കേൾക്കുന്നുണ്ട്‌. അവരോടെന്തോ പറയുന്നുമുണ്ട്‌. അവിനാശനിങ്ങനെ കേട്ടു."വള്ളം കരയ്ക്കടുത്ത്‌. ഭഗവാൻ ശ്രീരാമചന്ദ്രൻ ഗുഹന്‌ കടത്ത്‌ കൂലി കൊടുക്കാനൊരുങ്ങി. പക്ഷേ ഗുഹൻ ഭഗവാനോട്‌ കടത്ത്‌ കുലി വാങ്ങുമോ? തത്വജ്ഞാനിയാണ്‌ ഗുഹൻ. താപസരിൽ താപസനും ഭഗവാനെ വഞ്ചിയിൽ കയറ്റി മറുകരയെത്തിക്കേണ്ട കടമ തനിക്കില്ലോ താൻ  നാവികനാണ്‌ ശരിതന്നെ. ഭഗവാനും നാവികനല്ലേ? താൻ ഒരു നദിയിലെ മാത്രം നാവികൻ. ഭഗവാൻ സംസാര മഹാസമുദ്രത്തിലെ മഹാനാവികനല്ലേ? അദ്ദേഹം അങ്ങനെ ചെയ്യുന്നതുഫലേച്ഛ കൂടാതെയല്ലേ? ഗുഹൻ പറഞ്ഞു.
ജാതിഭേദമിജ്ജഗത്തിങ്കൽ വിചിത്രം നാഥ
നാവികൻ ഞാൻ -എന്നാലും കേവലം കർമ്മത്താലെ
ഞാനങ്ങെയീനൗകയിലക്കരെയെത്തിക്കുന്നു
സാദരമവിടുന്നും ഇക്കരെയായത്തിയല്ലോ
ക്ഷുരകൻ ക്ഷുരകനും രജകൻ രജകനും
കർമ്മചിന്തയോത്തല്ലോ കർമ്മങ്ങൾ ചെയ്തീടുന്നു
ഹീനജാതിയെതോർത്തിട്ടൊന്നുമേതന്നീടെല്ലേ
നാണയം,തരുത്താകിൽ മോക്ഷോപദേശം മാത്രം!
ഭവസാഗരം താണ്ടാൻ നിൻപാദമണയുമ്പോൾ
കരുണാകര! എന്നെ കൈവെടിയല്ലേ നാഥ!
 ശാസ്ത്രികൾ നിരുദ്ധകണ്ഠനായി. കണ്ണുകൾ നിറഞ്ഞു. തുടർന്ന്‌ പാരായണം ചെയ്യാൻ വയ്യാതായി. കുറേനേരം അദ്ദേഹം കുമ്പിട്ടിരുന്നു. ശ്രോതാക്കൾ കണ്ണുകൾ തുടച്ചു. അൽപം കഴിഞ്ഞദ്ദേഹം മുഖമുയർത്തി നോക്കി. അവിനാശനെ കണ്ട്‌ ചോദിച്ചു. അവിനാശനെപ്പോൾ വന്നു.
രണ്ട്‌ മുന്ന്‌ മിനിട്ടായി ശാസ്ത്രിജി
ഉം. ഒന്നുമൂളിക്കൊണ്ട്‌ ചിരിച്ചു
വളരെ നാളെത്തിയാണ്‌ കാണുന്നത്‌
"ഞാനിവരെ ദർശനത്തിന്‌ കൂടിക്കൊണ്ടു വന്നതാണ്‌. ഗാനവും കേൾക്കാനാഗ്രഹമുണ്ട്‌.
അമ്മമാർ ദർശനം നടത്തട്ടെ. ഭഗവാൻ ശ്രീരാമചന്ദ്രൻ ദീനദയാലുവാണ്‌. ഞാനാരാണ്‌. എനിക്കെന്ത്‌ ഗാനമറിയാം. എന്നെ കാണുന്നവർക്ക്‌ പാപം വർദ്ധിക്കയേയുള്ളു.
'അങ്ങയുടെ സംഗീതം കേട്ടാനന്ദിക്കാനാണ്‌ ഞങ്ങൾ വന്നത്‌.' നിരുപമ.
അമ്മേ, സംഗീതം! അത്‌ താനേവരുന്നതാണ്‌. ഇപ്പോളത്‌ കഴുത്തിന്‌ താഴെ ഇറങ്ങിപ്പോയി.
അപ്പോൾ ഞങ്ങളുടെ കാതുകൾക്ക്‌ ഭാഗ്യമില്ലാതായി.
"ഭാഗ്യം!നോക്കണമമ്മേ! ഭഗവാൻ ശ്രീരാമചന്ദ്രനല്ലേ മുന്നിൽ എഴുന്നള്ളിയിരിക്കുന്നത്‌. അദ്ദേഹത്തെ പ്രണയിക്കുമമ്മേ! അതിൽ കൂടുതൽ ഭാഗ്യം എവിടെകിട്ടാനാണ്‌.
നിരുപമയ്ക്ക്‌ തോന്നി അദ്ദേഹത്തിനൽപം ചിത്ത ഭ്രമമുണ്ടെന്ന്‌ അത്‌ ഭക്തിരൂപത്തിൽ മാറിപ്പോയതായിരിക്കും.
സന്ധ്യയായി. ശാസ്ത്രികൾ എണീറ്റ്‌ പുറത്തേക്ക്‌ നടന്നു. പിന്നാലെ അവിനാശനും അയാൾ പറഞ്ഞു എനിക്കൽപം സംസ്കൃതം പഠിക്കണമെന്നുണ്ട്‌. പഠിപ്പിക്കാനാളില്ല. ആരുടെയെങ്കിലും സഹായമുണ്ടെങ്കിലേ പഠിക്കാനോക്കു! കഠിനപ്പെട്ട ഭാഷയല്ലേ?
എനിക്കതിനുള്ള വ്യുൽപത്തിയില്ല. വല്ല പണ്ഡിതന്മാരെയും സമീപിക്കു.
ഇംഗ്ലീഷ്‌ തർജ്ജമയുള്ള പുസ്തകം കിട്ടുന്നുണ്ട്‌. അത്‌ കൊണ്ട്‌ വലിയ പ്രയോജനമില്ല.
കുറച്ചൊക്കെ അതുപകരിക്കും പിന്നെ ഇടയ്ക്കൊക്കെ ഞാനും വല്ലതും പറഞ്ഞുതാരം.
 നിരുപമയ്ക്കീ സംഭാഷണംതീരെ രസിച്ചില്ല. ബിലാത്തിയിൽപോയി പഠിച്ചുവന്ന ആൾ ഈ ഭ്രാന്തന്റെ പക്കൽ നിന്നെന്തു പഠിക്കാൻ.
അങ്ങയ്ക്ക്‌ സംസ്കൃതം പഠിക്കണമെന്നാഗ്രഹമുണ്ടോ. എന്താണതിനു കാരണം.
ഒരു വിഷയം മനസ്സിലാക്കാൻ.
എന്താണാവിഷയം
വിവാഹത്തെക്കുറിച്ചാണറിയേണ്ടത്‌. അവിനാശൻ അൽപം സങ്കോചത്തോടെ പറഞ്ഞു.
 നിരുപമ അയാളുടെ മുഖത്തേയ്ക്കുതന്നെ അൽപസമയം തറപ്പിച്ചുനോക്കിക്കൊണ്ടു ചോദിച്ചു. എന്താണുദ്ദേശം.
വിവാഹവും മനുഷ്യജീവിതവും എന്ന വിഷയത്തിൽ പാശ്ചാത്യരുടെ അഭിപ്രായം ഞാൻ വായിച്ചിട്ടുണ്ട്‌. നമ്മുടെ അഭിപ്രായം അതായത്‌ ഭാരതീയശാസ്ത്രം അതിനെക്കുറിച്ച്‌ എന്താണ്‌ പറയുന്നതെന്നാണറിയേണ്ടത്‌?
നിരുപമയ്ക്കറിയേണ്ടത്‌, തന്റെ കാര്യത്തിൽ അവിനാശന്റെ അഭിപ്രായമെന്താണെന്നാണ്‌. അവർ ഇരുവരും പുറത്തേക്കിറങ്ങി നടന്നുതുടങ്ങി.
പുറത്ത്‌ വാതുക്കൽ തന്നെ ആ ഭിക്ഷക്കാരി നിൽപുണ്ടായിരുന്നു അവൾ വേഗം അവരുടെ നേർക്കു നടന്നുവന്നു. എല്ലാവരും ഭയന്നുപോയി. അവൾ ശിവനാഥശാസ്ത്രിയുടെ മുന്നിൽ ചെന്നു നിന്നു മുഖത്ത്‌ നോക്കി. അവരുടെ കണ്ണുകളിൽ അന്യോന്യപരിചയത്തിന്റെ തിളക്കം ദൃശ്യമായിരുന്നു. ഭിക്ഷക്കാരിവേഗം തിരിഞ്ഞുനടന്നു. അദ്ദേഹം അവളെ നാരായണി, നാരായണി എന്നു വിളിച്ചു. അവിനാശനത്‌ കേട്ടത്ഭുതപ്പെട്ടു. കുറെപ്രാവശ്യം ശാസ്ത്രികൾ അവളെവിളിച്ചെങ്കിലും അവൾ തിരിഞ്ഞുനോക്കാതെ അകലേയ്ക്കു വേഗം നടന്നു കളഞ്ഞും അവളെ വിളിച്ചുകൂട്ടിക്കൊണ്ടു വരണമെന്ന്‌ അവിനാശൻ നിശ്ചയിച്ചു.
 ഇവൾ ആരാണ്‌. ശിവനാഥശാസ്ത്രികളെപ്പോലുള്ള ഒരാൾക്ക്‌ ഈഭിക്ഷക്കാരിയുമായെന്തു ബന്ധം: ശാസ്ത്രികളെ എന്നും കാണാൻ കഴിയും. ഈ ഭിക്ഷക്കാരിയെ ഇനി എവിടെവച്ചു കാണാൻ സാധിക്കും. ഈ വിചാരത്തിൽ അയാൾ അവൾപോയ വഴിയെ വേഗം നടന്നു. അവൾ തിരിഞ്ഞുനോക്കാതെ ധൃതിയിൽ നടക്കുകയാണ്‌. അടുത്ത്‌ ഒരു മൈതാനമുണ്ട്‌. അവിടെ കുതിരവണ്ടികൾ നിരനിരയായി കിടന്നിരുന്നു. അവൾ ഒരു വണ്ടിയിൽ കയറി. വണ്ടിക്കാരൻ അവളെനോക്കി. അയാളുടെ കൈയ്യിൽ അവൾ എന്തോവച്ചു കൊടുത്തിട്ട്‌ എന്തോ പറഞ്ഞു. വണ്ടിക്കാരൻ കുതിരയെ തെളിച്ചുവിട്ടു.
അവൾ വേഗം മറഞ്ഞേക്കുമെന്നു അവിനാശന്‌ തോന്നി തന്നെ ആരോ വിളിക്കുന്നത്‌ കേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ രജനി തന്റെ നേരെ വരുന്നത്‌ കണ്ടു.
എവിടെപോകാനാണൊരുക്കം.
ഒരു വണ്ടികാണിച്ചുകൊണ്ട്‌ അവിനാശൻ പറഞ്ഞു. ഇതിൽ കയറു കാര്യം പിന്നെപ്പറയാം.
ഇത്ര ധൃതിയെന്തിന്‌.
സമയം കളയരുത്‌, പറയുന്നത്‌ കേൾക്കു
അവർ വണ്ടിയിൽ കയറി മുമ്പിൽ പോകുന്ന ഒരു വണ്ടി കാണിച്ചുകൊണ്ട്‌ അവിനാശൻ വണ്ടിക്കാരനോട്‌ പറഞ്ഞുനോക്കു. ആവണ്ടിയെ പൈന്തുടരണം.
വണ്ടിക്കാരൻ ദൈന്യതയോടെ പറഞ്ഞു. ബാബു ഞാൻ ദരിദ്രനാണ്‌. നാലഞ്ചുകുഞ്ഞുങ്ങളുണ്ട്‌.
പോകൂ മുന്നോട്ട്‌. വേണ്ടത്‌ തരാം. രജനി പറഞ്ഞു.
തമാശയല്ല ബാബു. കുഞ്ഞുങ്ങൾ പട്ടിണിയാകും. വണ്ടിക്കാരൻ കരയുന്ന സ്വരത്തിൽ പറഞ്ഞു.
എങ്ങനെയെന്നല്ലേ.
എന്തെങ്കിലും കുഴപ്പത്തിലായാൽ ഞാൻ കഷ്ടത്തിലാകും. ഈ വണ്ടികൊണ്ടാണ്‌ ഏഴ്‌ വയറ്‌ കഴിയേണ്ടത്‌.
സാരമില്ല, ഇദ്ദേഹം ലക്ഷപ്രഭുവാണ്‌. തനിക്ക്‌ വേണ്ടതിൽ കൂടുതൽ പൈസതരും.
എന്താണിയാൾ ചിലക്കുന്നത്‌. അവിനാശന്‌ കോപം വരും.
അങ്ങ്‌ പോലീസിസ്പറ്ററാണ്‌ പലേടത്ത്‌ പോണം. രാത്രി മുഴുവനും ഓടണം. കേസിന്‌ സാക്ഷീം പറേണം. പിന്നെ എന്റെ ജോലി എങ്ങനെ നടക്കും ഏമാനേ"
"ഹ-ഹ-ഹ രജനി ചിരിച്ചു. നിങ്ങൾക്കവിടെ പോണമെന്ന്‌ പറഞ്ഞില്ലല്ലേ.
നോക്കൂ ഒരു വണ്ടി പോകുന്നത്‌ കണ്ടോ
ഓ-ഒരു വണ്ടിപോകുന്നത്‌ കണ്ടു.
അതിൽ ഒരു സ്ത്രീയുണ്ട്‌.
പക്ഷേ അതിൽ രണ്ട്‌ സ്ത്രീകളുണ്ടായിരിക്കും പിന്നെ എന്താണ്‌.
അവളുടെ പേരെനിക്കറിയാം.
ഓ-ഹോ നിങ്ങളാരാണെന്നവൾക്ക്‌ അറിഞ്ഞുകൂടായിരിക്കും അതറിയിക്കാനാണോ ഉദ്ദേശം-ഭേഷായി.
അവൾ എവിടെയാണ്‌ താമസിക്കുന്നതെന്നറിയണം.
അതെന്തിന്‌, വീട്ടിൽ പോകണോ.
അങ്ങനെയും വേണ്ടിവരും.
വീട്ടിൽ ബലാൽക്കാരത്തിന്‌ വന്നെന്നു കാണിച്ച്‌ അവൾ പോലീസിൽ പരാതിപ്പെട്ടാലോ. നിങ്ങൾക്ക്‌ വക്കീൽ പണി ഇഷ്ടവുമല്ല!
നിങ്ങൾക്കൊന്നും മനസ്സിലായില്ല. ശിവനാഥശാസ്ത്രികൾ അവളെ പേര്‌ ചൊല്ലി വിളിച്ചു. എന്നാലവൾ തിരിഞ്ഞു നോക്കാതെ പൊയ്ക്കളഞ്ഞു.
അവളെ പിടിച്ചുകൊണ്ട്‌ ചെന്ന ശാസ്ത്രികൾക്ക്‌ കാഴ്ചവയ്ക്കണം അതാണുദ്ദേശം, അല്ലേ".
അവളാരാണെന്നറിയണം.
അതറിയാനാണോ ഇത്രയും കഷ്ടപ്പെടുന്നത്‌. ശാസ്ത്രികളോട്‌ ചോദിച്ചറിയാല്ലോ.
അദ്ദേഹം പറഞ്ഞില്ലെങ്കിലോ
പിന്നെ നിങ്ങളെ പരിചയമില്ലാത്തൊരു സ്ത്രീ പറയുമെന്നു തോന്നുന്നുണ്ടോ. ചങ്ങാതി ഇതറിയാൻ അവളുടെ വീട്ടിൽ പോകാണമെന്നില്ല, ഞാൻ പറഞ്ഞുതരാം, അവർ തമ്മിലുള്ള ബന്ധം രജനി പരിഹാസരൂപത്തിൽ പറഞ്ഞു ചിരിച്ചു.
എല്ലാരോഗത്തിനും ഒരേ മരുന്നു ചേരില്ല രജനീ ശാസ്ത്രികൾ പഴയസമ്പ്രദായക്കാരനാണ്‌. വൃദ്ധനും ശുദ്ധമനസ്കനുമാണ്‌. ആ സ്ത്രീയുടെ മുഖം കണ്ടാൽ നാം ഭയന്നുപോകും അത്രയ്ക്കും വികൃതമാണ്‌. ഇക്കാര്യത്തിൽ നിങ്ങൾക്ക്‌ തെറ്റുപറ്റി.
ക്ഷേത്രത്തിനുപുറത്ത്‌ വാടകയ്ക്ക്‌ താമസിക്കുന്നവർ പലരുമുണ്ട്‌. അവരിൽ ആരെങ്കിലുമായിരിക്കും.
എടോ ചങ്ങാതി, ഇന്നലെ അവൾ ഭിക്ഷയാചിക്കുന്നത്‌ ഞാൻ കണ്ടതാണ്‌. ഇന്നവർ വാടകയ്ക്ക്‌ താമസിക്കുന്നതെങ്ങനെ.
ഇന്നലെ ഭിക്ഷയാചിച്ചവൾ ഇന്നു വാടകവണ്ടിയിൽ പോകുന്നതോ"
ഒരിടവഴിയിലേക്ക്‌ അവളുടെ വണ്ടിപോകുന്നതവർ കണ്ടും അവിനാശന്റെ വണ്ടിയും പുറകേ എത്തിച്ചേർന്ന അവിനാശൻ അവളുടെ സമീപം ചെന്നുചോദിച്ചു." നിങ്ങളുടെ പേര്‌ നാരായണി എന്നല്ലേ.
അവൾ തിരിഞ്ഞ്‌ നിന്നവരുടെ നേരെ നോക്കി ആ ഇരുട്ടിലും അവളുടെ മിഴികൾ തേജോമയങ്ങളായിരുന്നു.
എന്തിനാണറിയണോ എന്റെ പേരങ്ങനെയല്ല.
ശിവനാഥശാസ്ത്രികൾ അങ്ങനെയാണല്ലോ നിങ്ങളെ വിളിക്കുന്നത്‌ കേട്ടത്‌.
ശാസ്ത്രികളുടെ പേര്‌ കേട്ട മാത്രയിൽ അവളുടെ കണ്ണുകൾ ചുവന്നു. അവയിൽ നിന്ന്‌ തീപ്പൊരിപാറുന്നുണ്ടോ എന്നവർക്കുതോന്നി. മുഖം ഭയാനകമായി. അവൾ പല്ലു ഞെരിച്ചു. അവർ രണ്ടുപേരും ഭയന്നുപോയി.
ശിവനാഥനാണോ നിങ്ങളെ പറഞ്ഞയച്ചതു.
അല്ല, ഞങ്ങൾ തനിയെ വന്നതാണ്‌. ഇന്നലെ നിങ്ങൾ ഭിക്ഷയാചിക്കുന്നത്‌ കണ്ടു. ഇന്നു ശാസ്ത്രികൾ നിങ്ങളെ പേര്‌ ചൊല്ലി വിളിച്ചു. നിങ്ങളാരാണെന്ന്‌ ഞങ്ങൾക്കറിയണം.
അറിഞ്ഞിട്ടെന്ത്‌ കാര്യം.
നിങ്ങൾക്കാവശ്യമായ സാഹായംതരാൻ
എന്നെ സഹായിക്കാനെത്തിയിരിക്കണം, കള്ളൻ, വ്യഭിചാരി, ചതിയൻ പോ ദൂരെ, ഒരാള്‌ വന്നിരിക്കുന്നു സഹായിക്കാണെന്നും പറഞ്ഞു.
ഞാൻ സത്യമാണ്‌ പറഞ്ഞത്‌.
സത്യം-അതേ സത്യം. എനിക്കു സത്യവും കേൾക്കണ്ട സഹായിക്കേം വേണ്ടു. ഞാനാരാണെന്നറിയണം അല്ലേ- ഞാൻ-ഞ്ഞാൻ പ്ലേഗാണ്‌. മസൂരിയാണ്‌. അറുകൊലയാണ്‌. കുഷ്ടമാണ്‌. മതിയോ അറിഞ്ഞത്‌.
അവർ അത്‌ കേട്ട്‌ ഞെട്ടിപ്പോയി. എന്നാൽ അവിനാശൻ വിടാൻ തയ്യാറായില്ല.
നിങ്ങൾ ക്ഷേത്രത്തിൽ പോയില്ലേ-അതെന്തിനാണെന്നറിഞ്ഞാൽ കൊള്ളാം.
നിങ്ങൾക്ക്‌ കേൾക്കണം-നിർബന്ധമാണ്‌- അല്ലേ പറയാം.
തീർച്ചയായും അറിയാൻ ആഗ്രഹമുണ്ട്‌.
ആ കള്ളനെ-ചതിയനെ-നീചനെ ശിവനാഥനെ നുറുക്കാൻ-കഷണം കഷണമായി നുറുക്കാൻ അവൻ പിടഞ്ഞു ചാകുന്നത്‌ കണ്ടാൽ-കണ്ടുരസിക്കാൻ. അതിനാണ്‌ അതിനാണ്‌ അതിനുമാത്രമാണ്‌ പോയത്‌ മനസ്സിലായോ-തൃപ്തിയായില്ലേ, അവർ വേഗം നടന്ന്‌ അടുത്തുള്ള ഒരു വീട്ടിൽ കയറിവാതിൽ അടച്ചു  കളഞ്ഞു.
അവർ ഇത്‌ കേട്ടു സ്തംഭിച്ചുപോയി. പരിസരബോധമുണ്ടായപ്പോൾ അവർ ഇരുവശവും കണ്ണോടിച്ചു. സാധുക്കൾ പാർക്കുന്ന വീടുകളാണ്‌. അവിനാശൻ അവൾ കയറിപ്പോയ വീടിന്റെ വാതുക്കൽ മുട്ടി. നാരായണി, നാരായണി എന്നു വിളിച്ചു. അകത്തു ശബ്ദമില്ല, രണ്ടുമൂന്നാവർത്തിച്ചു. അകത്തു ചിരിയുടെ ശബ്ദം മാത്രം കേട്ടു. ഒന്നു കൂടി വാതിലിൽ മുട്ടി വിളിച്ചു. ഒരു ചെറുപ്പക്കാരി ജനൽവഴി മൊന്തനീട്ടിക്കൊണ്ടു പറഞ്ഞു. പോക്വോ അവിടന്നു. അല്ലെങ്കിൽ ഈ തെളിച്ചവെള്ളം ഞാൻ തലേലൊഴിക്കും.
ഇവിടെ ഇനിനിന്നിട്ട്‌ കാര്യമില്ല, നമുക്ക്‌ പോകാം. രജനി.
അവളാരാണെന്നറിയണോല്ലോ.
പോലീസിൽ ചേരും അതാണെഴുപ്പവഴി; അവളാരാണെന്നറിയാൻ.
അവൾ ഒരു പ്രത്യേകതരക്കാരിയാണ്‌.
ഒരു കാലത്തുസുന്ദരിയായിരുന്നിരിക്കണം.
എനിക്കും അങ്ങനെയാണ്‌ തോന്നുന്നത്‌. ആകണ്ണുകളുടെ തിളക്കം-നോട്ടം, പൊട്ടിയ താജ്മഹൽ പോലെ. അവിനാശൻ.
പൊട്ടിയ അമ്പലവും പൊളിഞ്ഞ പള്ളിയും എനിക്കു കാണണ്ട.
പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും സൗന്ദര്യമുണ്ടെങ്കിലോ?
ആവശ്യമുള്ളവർ പോയിക്കാണും. യഥാർത്ഥ സൗന്ദര്യം ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരൂ".
ഇന്നു നിങ്ങൾ വലിയ രസികക്കുട്ടനാണല്ലോ
നിങ്ങളുടെ നാരായണിയെ കണ്ടതു കൊണ്ടുള്ള ദൃഷ്ടിദോഷം മാറണമെങ്കിൽ വെറെ എന്തെങ്കിലും സൗന്ദര്യവസ്തു ദർശിച്ചേ മതിയാവൂ!
അല്ലെങ്കിൽ
രാത്രി ഉറങ്ങാൻ കഴിഞ്ഞെന്നുവരില്ല. പേടിസ്വപ്നം കണ്ടു ഞെട്ടിത്തെറിക്കും.
നിങ്ങൾ കാണിച്ചുതരുന്ന സൗന്ദര്യധാമം ഏതെന്ന്‌ എനിക്കറിയാം.
എന്നാൽ പറയൂ ഏതെന്നു മിടക്കു കാണട്ടെ.
പാവം! ഒന്നും അറിയാത്തതുപോലെ. ഞാൻ പ്രശംസിച്ചു കേട്ടാലേ തൃപ്തിയാകൂ അല്ലേ.
അവിനാശൻ സൂചിപ്പിക്കുന്നത്‌ രമയെക്കുറിച്ചാണോ.
അല്ലാതാരെക്കുറിച്ച്‌.
എന്റെ സ്നേഹിതനെന്തുകണ്ടു, സൗന്ദര്യമത്സരത്തിൽ അവൾ സമ്മാനം വാങ്ങിയെന്നിരിക്കട്ടെ, എന്നാലും അഭിമാനിക്കാനില്ല. ഞാനുദ്ദേശിച്ചതു വേറെ ആളെക്കുറിച്ചാണ്‌.
പിന്നെ രജനി ആരെ ഉദ്ദേശിച്ചാണു പറഞ്ഞത്‌.
എന്റെ സേട്ടുവിനെ അറിയൂല്ലേ.
കീകാസേട്ടുവോ. ആ കാട്ടുപന്നിയെയാണോ നിങ്ങളിത്ര സുന്ദരനായി കാമദേവനായി കണക്കാക്കുന്നതും. കഷ്ടം, കഷ്ടം.
അല്ല എന്റെ ചങ്ങാതി.അയാൾ രൂപ തരുന്ന്‌, അത്‌ കൊണ്ടയാളെ ഞാൻ കാമദേവനെന്നല്ല. മഹാദേവനായിപ്പോലും കരുതും.
ആ അഴകിയ രാവണന്റെ മോന്ത എനിക്കു കാണുകേ വേണ്ട.
അയാളെ കാണാനല്ല നമ്മൾ പോകുന്നത്‌. അയാൾ സുന്ദരനോ, വിരൂപനോ ആരുമായിക്കോട്ടെ. സൗന്ദര്യം എന്തിലാണിരിക്കുന്നത്‌. എവിടെയാണിരിക്കുന്നത്‌. അതാസ്വദിക്കാൻ അദ്ദേഹത്തിന്‌ കഴിവുണ്ടോ എന്നറിയുന്നതാണ്‌ പ്രശ്നം. സേട്ടു ഒരു സാധാരണ മനുഷ്യനല്ല. സൗന്ദര്യവ്യാപാരിയാണ്‌. നാടൻനൃത്തം ഞാൻ കാണിച്ചുതരാമെന്ന്‌ മുമ്പൊരിക്കൽ പറഞ്ഞതോർമ്മയില്ലേ. യൂറോപ്യൻ നൃത്തമല്ല വെറും നാടൻ നൃത്തം. അത്‌ കണ്ടിട്ടു പറയണം നാടൻ നൃത്തം എങ്ങനെയിരിക്കണമെന്ന്‌.
ഇന്നിത്രത്തോളം ഇരുട്ടിയില്ലേ, പോരെങ്കിൽ നമ്മളെ ക്ഷണിച്ചിട്ടുമില്ല. ക്ഷണിക്കാത്തിടത്ത്‌ ഞാൻ പോകാറില്ല.
വിഷമിക്കണ്ട, ഞാൻ മുൻകൂട്ടി ക്ഷണക്കത്ത്‌ വാങ്ങിയിട്ടുണ്ട്‌. നമ്മുടെ വണ്ടിക്കാരൻ പൈസ കിട്ടുമെങ്കിൽ ഏത്‌ നരകത്തിലേക്കും വരാൻ തയ്യാറാണ്‌.






No comments:

Post a Comment