Friday 1 July 2011

ചുവന്ന താഴ്‌വര


രാജനന്ദിനി
ചെരിവിന്‌ ഒരു സുഖമുണ്ട്‌
താഴ്‌ വരകളിലേയ്ക്ക്‌ പോകാനുള്ള
പ്രചോദനമാണത്‌
തിരിച്ചുകയറ്റങ്ങൾ അസാദ്ധ്യമാക്കുന്ന
പൊരികനലിന്റെ വേരുണ്ട്‌
എന്നത്‌
ചെരിവുകൾക്ക്‌ ചുവന്നനിറം നൽകുന്നു
ആരോ ഉതിർത്തിട്ട ചുവന്നമണ്ണിന്റെ
രതിഗന്ധങ്ങളിൽ
ഒരു മഴയുടെ അദൃശ്യമായ
ലാസ്യലയനബീജങ്ങൾ
പിറവിയ്ക്ക്‌ കാത്തുകിടക്കുന്നു
ശൂന്യമായ ആകാശത്തിന്റെ ചെരിവ്‌
നിഷ്ടൂരമായ കാമനകളുടെ
നഗ്നചിത്രങ്ങൾ വരയ്ക്കുന്നു
അത്‌,
പൊക്കിൾ ചുഴിയിൽ എഴുതിയ
'അമ്മ' എന്ന അക്ഷരം
തീപിടിച്ച മനസ്സൂരിയെറിഞ്ഞ്‌
കാട്ടിലേക്കോടിപോയി
നെറുകയിൽ കോറിയിട്ട ചൈനീസ്‌ കോമരങ്ങൾ
യുദ്ധവെറിപൂണ്ട്‌
അജ്ഞതയുടെ അഗ്നികുണ്ഡത്തിലേക്കെടുത്തുചാടി
മാറിൽ നിറം ചേർത്ത കാശ്മീർമുകുളങ്ങൾ
മതതീവ്രതയുടെ മഞ്ഞുരുക്കത്തിൽ
ഒലിച്ചുപോയി
തുടകളിൽ വരച്ചിട്ട പുലിത്താവളങ്ങൾ
തമിഴൻകാറ്റിന്റെ ചാത്തനേറിൽ
തകർന്നു വീണു
അവശേഷിച്ചതു ഞാൻ എന്ന അഹന്ത
ഞാൻ എന്ന നിശ്ചലത
ഞാൻ എന്ന ശൂന്യത.

No comments:

Post a Comment