Friday 1 July 2011

മന്ത്രങ്ങളും തന്ത്രങ്ങളും ഫാസ്റ്റ് ഫോർവേഡ് ചെയ്യപ്പെടുമ്പോൾ


കെ.ജി.ഉണ്ണികൃഷ്ണൻ


 രാവണന്റെ മന്ത്രജപത്തെക്കുറിച്ച്‌ ഒരു കഥ കേട്ടിട്ടുണ്ട്‌. അതിങ്ങനെ-ശിവനെ തപസ്സുചെയ്യുമ്പോൾ ഇന്ദ്രശത്രുവായ ഒരു പുത്രനുവേണ്ടിയാണ്‌ മന്ത്രജപം നടത്തിയത്‌. പക്ഷേ ഉച്ഛാരണത്തിൽ വന്ന അപാകത കാരണം ഇന്ദ്രൻശത്രുവായ പുത്രൻ (ബഹുവ്രീഹിസമാസം) എന്നതിനുപകരം ഇന്ദ്രന്റെ ശത്രുവായ പുത്രൻ എന്നർത്ഥം വരുന്ന (തത്പുരുഷസമാസം) രീതിയിലാണ്‌ മന്ത്രജപം നടന്നത്‌. മന്ത്രോച്ഛാരണത്തിലെ ഹ്രസ്സ്വദീർഘങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇങ്ങനെ അർത്ഥംമാറാനും ഇന്ദ്രനെ വധിക്കുന്ന പുത്രനുപകരം ഇന്ദ്രനാൽ വധിക്കപ്പെടുന്ന ഒരു പുത്രൻ ജനിക്കാനും ഇടയായത്‌. നീട്ടേണ്ടതു നീട്ടിയും  ചുരുക്കേണ്ടതു ചുരുക്കിയും ഉച്ഛരിക്കേണ്ടതിന്റെ പ്രാധാന്യം വ്യാകരണ ക്ലാസ്സുകളിൽ പഠിപ്പിച്ചപ്പോഴാണ്‌ ഇക്കഥപറഞ്ഞുതന്നത്‌.
 ഇതിപ്പോൾ ഓർക്കാൻ കാരണം ഞങ്ങളുടെ വീടിനടുത്ത ക്ഷേത്രത്തിലെ പൂജാരിയുടെ, ശ്രീകോവിലിനകത്തെ മന്ത്രജപമാണ്‌. പ്ലാറ്റ്ഫോമിൽനിർത്തിയിട്ട്‌ ചൂളംവിളിക്കുന്ന തീവണ്ടിയിലേക്ക്‌ ഓടിക്കയറാൻ ബദ്ധപ്പെടുന്ന യാത്രക്കാരനെ ഓർമ്മിപ്പിക്കുന്ന ധൃതിയിലാണ്‌ അതിവേഗത്തിലുള്ള ഈ "ഫാസ്റ്റ്‌ ഫോർവേഡ്‌" മന്ത്രജപം. ഒരക്ഷരത്തിന്റെ ഉച്ഛാരണത്തിൽ വന്ന പിശകിന്‌ ഒരു പുത്രനെ നഷ്ടമായപ്പോൾ ഇത്തരം മന്ത്രോച്ഛാരണത്തിന്റെ ഗുണഗണങ്ങൾ ആർക്കും ഊഹിക്കാവുന്നതേയുള്ളു. ഇത്‌ മന്ത്രജപത്തിന്റെ മാത്രംകാര്യം. മറ്റുവിഷയങ്ങളിലേക്കു കടന്നാലും ഇന്നിപ്പോൾ എല്ലാവർക്കും സ്പീഡാണല്ലോ. പാട്ടുകൾക്കും സംഗീതത്തിനും വേഗതകൂടി വാക്കുകൾ മനസ്സിലാകാതായി. ഇരുചക്രവാഹനങ്ങളോടിക്കുന്ന "ചെത്തു"കാരുടെ വേഗത ആത്മഹത്യപരമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഈ വേഗതയാണോ എന്നറിയില്ല. മന്ത്രങ്ങളെപ്പോലെ (പരസ്യ)തന്ത്രങ്ങളെയും ബാധിച്ചിരിക്കുന്നു. ചില പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികളുടെ പരസ്യങ്ങൾ അടുത്ത ചില ദിവസങ്ങളിൽ റേഡിയോയിൽ കേൾക്കാനിടയായി. കമ്പനിയുടെ ഗുണങ്ങൾ വർണ്ണിക്കുന്ന ലാഭസാധ്യതകൾ സാവകാശം പറയുമ്പോൾ, നഷ്ടസാധ്യതകൾ അഥവാ റിസ്ക്ഫാക്ടേഴ്സിനെക്കുറിച്ചുള്ള 'ഡിസ്ക്ലെയ്മർക്ലോസ്‌' ശ്രോതാവിന്‌ ഒരക്ഷവും മനസ്സിലാകാത്ത രീതിയിൽ 'ജിംഭദ്ട്സ്ഷ്‌റ്‌' ഈ രീതിയിൽ ഫാസ്റ്റ്ഫോർവേഡ്‌ ഫോർമാറ്റിൽ റെക്കോർഡ്‌ ചെയ്ത്‌ പകുതിസമയം കൊണ്ടുതീർക്കുന്നു. പണ്ടത്തെ ടേപ്പ്‌റിക്കാർഡറിൽ ടേപ്പ്‌ മുറുകിയപോലെയൊക്കെയാണ്‌ ഇതുകേൾക്കുമ്പോൾ അനുഭവപ്പെടുന്നത്‌. ഇത്തരം കമ്പനികളെ നിയന്ത്രിക്കുന്ന 'സെബി'യുടെ കർശന നിർദ്ദേശപ്രകാരമാണ്‌ ഈ 'റിസ്ക്ഫാക്ടേഴ്സ്‌' പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഓഹരിയിൽ ലാഭം എന്നതുപോലെ നഷ്ടത്തിനും സാധ്യതയുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്ക്‌ പ്രോസ്പെക്ട്സ്‌ നോക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ജനങ്ങളെ കേൾപ്പിക്കാതെ വിറപ്പിച്ചുപറയുന്നത്‌. ഇങ്ങനെ ചെയ്യുന്നത്‌ സെബിയുടെ നിർദ്ദേശങ്ങൾക്കെതിരാണെന്നും പിടിക്കപ്പെട്ടാൽ വൻതുക പിഴയടക്കേണ്ടിവരുമെന്നും അറിയുന്നവർതന്നെയാണ്‌ ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്‌.
 ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മാധ്യമങ്ങൾക്കും കമ്പനികൾക്കും സൗഹൃദരൂപത്തിൽ പരാതി അയച്ചപ്പോൾ ഒരു സ്ഥാപനം മാത്രമാണ്‌ തിരുത്താൻ തയ്യാറായത്‌. രണ്ടാമതൊരു കൂട്ടർക്ക്‌ തിരുത്താൻ സെബിയുടെ നോട്ടീസ്‌ വേണ്ടിവന്നു.'പരുന്തുപോലും മേലെ പറക്കാത്ത' ഒന്നിന്റെ അഹങ്കാരത്തിൽ വിരാജിക്കുന്ന ചിലർ തുടർന്നും നിക്ഷേപകരെ കളിപ്പിക്കുന്നു. വേഗതയാണോ, വേഗതയുടെ മറവിൽ കച്ചവടക്കാർ നടപ്പാക്കുന്ന തന്ത്രമാണോ ഇതൊക്കെയെന്നത്‌ വായനക്കാർക്കു വിടുന്നു.

No comments:

Post a Comment