Sunday 5 June 2011

പൂർണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - ഏഴ്‌
 അവിനാശൻ ആദ്യമായാണ്‌ ഇങ്ങനത്തെ സ്ഥലത്ത്‌ കാലുകുത്തുന്നത്‌. ഒരു യുവതി അയാളെ പിടിച്ചുകൊണ്ടുപോയൊരു കട്ടിലിലിരുത്തി. അവൾ വീണാനാദത്തിൽ അയാളോട്‌ എന്തൊക്കെയോ ചോദിച്ചു. അയാൾക്കൊരോർമ്മയില്ല. സ്വപ്നം കാണുന്നതുപോലെ ഒന്നും മിണ്ടാൻ കഴിയുന്നില്ല. ശരീരം വിറയ്ക്കുന്നു. യുവതിയാണാദ്യം സംസാരിക്കാൻ തുടങ്ങിയത്‌.
 "എന്തിനാണ്‌ ബാബു രാജേശ്വരി, ഞാൻ എന്താമോശമാണോ?
 എനിക്ക്‌ രാജേശ്വരിയെ ആണ്‌ കാണേണ്ടത്‌.
 പുതിയത്‌ പറ്റില്ലെന്നോ? കുടിച്ച ഗർബത്ത്‌ തന്നെ കുടിക്കണമെന്നിത്ര നിർബന്ധമെന്തിന്‌. പറയൂ ഇന്നു ഞാൻ മതി.
 "രാജേശ്വരിയോടെനിക്ക്‌ നന്ദി പറയാനുണ്ട്‌.
 "അത്‌ നാളെയായാലും മതിയല്ലോ. ഇന്നു തന്നെ കൂടിയേതീരു എന്നെന്നാണിത്ര വാശി. കുടിക്കാൻ എന്ത്‌ വേണം ബിയറോ വിസ്കിയോ."
ഞാൻ മദ്യം കഴിച്ചിട്ടില്ല. ബിലാത്തിയിൽ വച്ചുപോലും അവിനാശത്‌ വെറുത്തിരുന്നു.
എന്നാൽ ജിംജർ കൊണ്ടുവരു. ആറ്‌ ജിംജർ അവൾ ഒരു കുട്ടിയെ വിളിച്ച്‌ ആർഡർ കൊടുത്തു.
 ഈ ചെറിയ കുട്ടി. ഇങ്ങനെയുള്ള സ്ഥലവുമായി ബന്ധപ്പെട്ടല്ലോ അവിനാശന്‌ അതിശയംതോന്നി. പയ്യൻ ആ സാധനവുമായി വന്നു. അയാൾ ആ മുറിയിലാകമാനം ഒന്നു കണ്ണോടിച്ചു. രണ്ട്‌ വലിയ നിലക്കണ്ണാടികൾ. ഒന്നിനൊന്നഭിമുഖമായി ഭിത്തിയിൽ വച്ചിരിക്കുന്നു. നഗ്നവും അർദ്ധനഗ്നവുമായ യുവതികളുടെ ചിത്രങ്ങൾ മുറിയിൽ അവിടവിടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നു. ഒരു നഗ്നസുന്ദരി തോളിൽ ഒരു കുടവുമായി നിൽക്കുന്ന പ്രതിമ സ്റ്റാന്റിൽ വച്ചിരിക്കുന്നു. ആഗതരുടെ മനസ്സിൽ വാസന ഉദ്ദേ‍ീപിപ്പിക്കുന്നതാണ്‌ രംഗം. മറ്റ്‌ നാലു സുന്ദരികളും നൃത്തം ചവിട്ടുന്നതരത്തിൽ നടന്നു വിലാസരംഗം സൃഷ്ടിക്കുന്നു. അവർ ഓരോരോ ചേഷ്ഠകളെകൊണ്ട്‌ അയാളുടെ മനസ്സിൽ ഇക്കിളികൊളുത്താൻ ശ്രമിക്കുന്നു.  അവിനാശന്‌ ഈ പരിസ്ഥിതി നന്നേ ബോധിച്ചു. എന്നാലും ശ്വാസം മുട്ടുന്ന തരത്തിലുള്ള അനുഭവമുണ്ടായി. ഭയസംഭ്രമാദികൾ അയാളെ ആവരണം ചെയ്തുതുടങ്ങി. യുവതി അയാളോട്‌ ചേർന്നിരുന്നു. ഒരു സിഗരറ്റ്‌ വലിച്ചു പുക അവിനാശന്റെ മുഖത്തേക്കവൾ ഊതിവിട്ടു. അയാളത്‌ ഇഷ്ടപ്പെട്ടില്ല. ഒരു സിഗരറ്റ്‌ അയാളുടെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു "വാങ്ങി വലിക്കണം. ബാബു കൽക്കണ്ടമാണ്‌.
"ഞാൻ സിഗരറ്റ്‌ വലിച്ചിട്ടില്ല.
"ഏയ്‌,കളവു പറയല്ലേ"
"എനിക്കിഷ്ടമല്ല ഈ സാധനം"
 എല്ലായുവതികളും ഇത്‌ കേട്ടു കുടുകുടെ ചിരിച്ചും അവൾ അവിനാശന്റെ തോളിൽ കൈവച്ചു കൊണ്ടു ചോദിച്ചു. "ഞാൻ വലിക്കുന്നത്‌ ബാബൂനിഷ്ടമല്ല, അല്ലേ.
"വലിക്കരുത്‌"
എന്നാൽ ഞാനിത്‌ കളയട്ടെ ബാബു'
'കളയൂ'
"ശരി, കളയാം, പക്ഷേ ഇത്‌ ഒരു തവണ ബാബു ഉപയോഗിച്ചു നോക്കൂ! ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനിതു കളഞ്ഞേക്കാം. അവൾ അയാളുടെ വിരലുകൾക്കിടയിൽ സിഗരറ്റ്‌ തിരുകിക്കൊടുത്തും ഹൃദയം പിടച്ചു തുടങ്ങി. തലയിൽ രക്തം ഇരച്ചുകയറുന്നു. തന്റെ നിസ്സാരമായ ഒരു പ്രവൃത്തിമൂലം ഈ യുവതിയുടെ  സിഗരറ്റ്‌ വലി നിൽക്കുകയാണെങ്കിൽ അതിലെന്തു കുഴപ്പം. അയാൾ സിഗരറ്റ്‌ വായിൽ വച്ചു ഇത്‌ കണ്ട്‌ എല്ലാവരും ചീറിക്കാൻ തുടങ്ങി. അയാൾ ഇളിഭ്യനായി. അവർ ചിറിക്കുന്നതെന്തുകൊണ്ടെന്നയാൾക്ക്‌ മനസ്സിലായില്ല. അടുത്തിരുന്ന യുവതി അയാളുടെ താടിപിടിച്ചുയർത്തിക്കൊണ്ട്‌ പറഞ്ഞു." ബാബു, ഇങ്ങനെയല്ല സിഗരറ്റ്‌ പിടിക്കുന്നത്‌. അവൾ ശരിയായരീതി കാണിച്ചു കൊടുത്തും നേരെ പിടിച്ചു കൊണ്ടയാൾ ഒന്നുവലിച്ചു. ഒരു സീൽക്കാരത്തോടെ അയാൾ സിഗററ്റ്‌ വലിച്ചെറിഞ്ഞു, ഒരു തുമ്മലും.
"എത്ത പിണഞ്ഞു ബാബു
എനിക്കീ പണി പറ്റൂല്ല'
അങ്ങയ്ക്കെന്തു വേണം. അത്‌ ഞാൻ തരാം. യുവതി അയാളുടെ കൈ മെല്ലെ തലോടിക്കൊണ്ടു അവളുടെ കവിളിൽ ചേർത്തമർത്തി. അവളുടെ മിഴികളിൽ വിലാസം വർഷിക്കാൻ തുടങ്ങി. അയാളുടെ ശരീരം വിയർത്തു. രോമാഞ്ചമുണ്ടായി. ഹൃദയം ദ്രുതഗതിയിൽ മിടിച്ചു ചെവിയിൽ ടി.ടി എന്നു മുഴക്കമുണ്ടായി. യുവതി അയാളെകെട്ടിപ്പിടിച്ചു ഒരു കൈകൊണ്ട്‌ ലലാടം തോലാടാൻ തുടങ്ങി. അയാൾക്കതിൽ ഒരു തരം സുഖം അനുഭവപ്പെട്ടു. അയാളനങ്ങാതിരുന്നു. യുവതി ഇരുകൈകളും കൊണ്ടയാളെ ചുറ്റിപ്പിടിച്ചു മാറോടണക്കാൻ ശ്രമിച്ചു. അയാളുടെ ഹൃദയത്തുടിപ്പു ഉച്ചകോടിയിലെത്തി. രക്തം തിളച്ചുമറിയുന്നത്‌ പോലെ തോന്നി. യുവതി അയാളുടെ മുഖം പിടിച്ചു തന്റെ മുഖത്തോടടുപ്പിച്ചു.
 അവിനാശൻ ഒന്നിളകിയിരുന്നു. മുഖം തിരിച്ചു കളഞ്ഞും അവളുടെ ശ്വാസത്തിന്‌ ചാരായത്തിന്റെ ഗന്ധം. അയാൾക്കത്‌ അസഹ്യമായിതോന്നി. യുവതി ഒരുതവണയും കൂടി ശ്രമിച്ചെങ്കിലും ഇത്തവണയും അവൾ പരാജയപ്പെട്ടു. സാധാരണക്കാരിൽ കാണാത്ത ഒരു പ്രത്യേകത അവളീയുവാവിൽ ദർശിച്ചു. ജീവിതത്തിൽ ആദ്യമായി അവൾക്കു പരാജയബോധമുണ്ടായി. അവൾക്കു വാശിയായി. സകലവശീകരണ ശക്തികളും സംഭരിച്ചവൾ ഒരു ശ്രമംകൂടി നടത്തി. ഫലം തഥൈവം.
 അവിനാശന്റെ പതന ദശ അതിക്രമിച്ചു കഴിഞ്ഞിരുന്നു. രാജേശ്വരിയെ കാണാനാണയാൾ ഇവിടെവന്നത്‌. യുവതിയുടെ ദൂസ്സാമർത്ഥ്യം അയാളുടെ മുമ്പിൽ തോറ്റുതുന്നം പാടി. അവളുടെ കരവലയത്തിൽ നിന്നും അയാൾ വിട്ടുമാറിനിന്നുകൊണ്ട്‌ ചോദിച്ചു. "രാജേശ്വരി എന്തേ വരാത്തത്‌.
 "ഞാനാണ്‌ രാജേശ്വരി" അവൾ അയാളെവീണ്ടും കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷേ തോൽവിതന്നെ ഫലം ഇത്തവണ അയാൾ കർക്കശസ്വരത്തിൽ പറഞ്ഞു. "നിങ്ങൾ രാജേശ്വരിയല്ല ഞാനവളെ നന്നായറിയും. "ഞാൻ രാജേശ്വരിയെക്കാൾ മോശമാണോ ബാബു, അവൾ തന്റെ വിശ്വവശ്യങ്ങളായ നോട്ടം കൊണ്ടയാളെ അഭിഷേകം ചെയ്തും പക്ഷേ ഫലം മുമ്പത്തെപ്പോലെ തന്നെ എന്നിട്ടും അയാളെ പരിരംഭണം ചെയ്യാൻ ഒന്നുകൂടി ശ്രമിച്ചുനോക്കി. "പോ ദൂരെ" എന്നു പറഞ്ഞു അവളെ തള്ളിമാറ്റിയിട്ട്‌ ധൃതിയിൽ ആ മുറിവിട്ടയാൾ പുറത്തിറങ്ങിപ്പോയെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
 യുവതി അസ്തപ്രജ്ഞയായി. കുറേ നേരം നിന്നു. ഇതവളുടെ ആദ്യത്തെ പരാജയമാണ്‌. അവൾ സുന്ദരിയാണ്‌ വിലാസവതിയാണ്‌. ആകർഷകത്വമുണ്ട്‌. വശീകരണകലയിൽ അവൾ അദ്വിതീയയുമാണ്‌. എന്നാൽ ഈ യുവാവിന്റെ മുമ്പിൽ അവൾക്കു ദയനീയമായി പരാജയപ്പെടേണ്ടിവന്നു. പരിഹാസ്യയുമായി. മുറിയിൽ പരിഹാസച്ചിരിമുഴങ്ങി. പാവം, അവൾക്കും ആ ചിരിയാൽ പങ്കുകൊള്ളാതെ നിവൃത്തിയില്ലാതായി. ജിംജറിന്റെ പൈസപോലും തരാതെ കടന്നുകളഞ്ഞു ബാബു.
അവിനാശനതു കേട്ടെങ്കിലും തിരിഞ്ഞുനോക്കാതെ അവിടെ നിന്നും വേഗം നിഷ്ക്രമിച്ചു.
പുറത്തു കാവൽക്കാരൻ തടിമാടൻ അയാളോടടുത്തത്‌ കണ്ടു. യുവതിയുടെ വാക്കുകളും അയാൾ കേട്ടു. തന്റെ കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു. "ഇന്നയാൾ ഓടിപ്പോകട്ടെ, നാളെ അയാൾ വരാതിരിക്കില്ല അത്‌ നമുക്കു കാണാം, ലോകത്തിന്റെ ദുർബ്ബലവശങ്ങളുമായി കണ്ടു പഴകിയ ആളാണോ കാവൽക്കാരൻ.
 ഒരു തെരുവ്‌ കഴിഞ്ഞതിന്‌ ശേഷമാണ്‌ അവിനാശന്‌ ശ്വാസം നേരെവീണത്‌. തന്റെ ഇന്നത്തെ പ്രവൃത്തിനല്ലതോ ചീത്തയോ എന്നയാൾ വിശകലനം ചെയ്തില്ല. വാച്ച്‌ നോക്കി, സമയം 12 മണി. വേഗം ഒരു ജഡുക്ക വിളിച്ചു അതിൽ കയറി രജനിയുടെ വീട്ടിലേക്ക്‌ തിരിച്ചു രജനിവരാന്തയിൽ നിൽപുണ്ടായിരുന്നു. തെരവുവിളക്കിന്റെ പ്രകാരത്തിൽ അവിനാശനെ തിരിച്ചറിഞ്ഞു ചോദിച്ചു." ഈ അർദ്ധരാത്രിവരെ എവിടെയായിരുന്നു ചുറ്റിക്കറങ്ങിയത്‌.
 "രജനി എന്തേ ഉറങ്ങാതിരുന്നത്‌
 "നാം രണ്ടു പേരും ഒരുപോലെയല്ലേ"
ഒരു കാര്യം പറയാനുണ്ട്‌. വണ്ടിക്കാരനോട്‌ നിൽക്കാൻ പറഞ്ഞിട്ട്‌ അവിനാശൻ അകത്ത്‌ കയറി കട്ടിൽ ഒരുക്കിയിട്ടിരിക്കുന്നു.
"രമച്ചേച്ചി എവിടെ.
രജനി തറയിൽ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ പറഞ്ഞു അതാ കിടക്കുന്നു ഉറക്കമാണ്‌.
ഉണർന്നു കിടക്കുകയാണോ.
അല്ലെന്നാണ്‌ തോന്നണത്‌. ഞാൻ ഇപ്പോഴാണ്‌ വന്നുകയറിയത്‌. വാതൽ തുറന്നു. വസ്ത്രം മാറി. എന്നിട്ടും ഉണർന്നില്ല.
നിങ്ങളുറങ്ങിക്കാണുമെന്നു കരുതിയാണ്‌ വന്നത്‌. ഉറങ്ങിയിരുന്നെങ്കിലും വിളിച്ചുണർത്തിയേനെ! ഈ സമയം വരെ നിങ്ങളെവിടെയായിരുന്നു."
പത്തുമിനിട്ടിലധികമായിട്ടില്ല വന്നിട്ട്‌. അൽപം മൗനം പൂണ്ടതിന്‌ ശേഷം രജനി പറഞ്ഞു.
"നിങ്ങൾ കട്ടിലീലല്ലേ കിടക്കുന്നത്‌, ചേച്ചി താഴെയും.
അതെ അതിനെന്താ?
അതിനെന്താ നാണമില്ലല്ലോ ഇങ്ങനെ പറയാൻ
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ചങ്ങാതി.
അർദ്ധരാത്രിയിൽ ഒരാളുടെ വീട്ടിൽ കയറി വന്നിട്ട്‌ പറയുന്നു നിങ്ങൾ എന്തെ കട്ടിലിൽ കിടക്കുന്നത്‌. ഭാര്യയെന്തേ നിലത്ത്‌ കിടക്കുന്നത്‌ അമ്മ അടുക്കളയിലും കുട്ടികളെല്ലാം തട്ടിൻപുറത്തും എന്തൊക്കെ ചോദിക്കുന്നതു ഉചിതമല്ല പോരുമ്പോൾ തലച്ചോറ്‌ വീട്ടിൽവച്ചിട്ടല്ല വരണ്ടത്‌. കണ്ണും തലച്ചോറും കൂടെ കൊണ്ടുവരണം.മനസ്സിലായോ എന്ന്‌ അൽപം ദേഷ്യം തോന്നുന്നവിധത്തിലും എന്നാൽ സ്നേഹസ്വരത്തിലും രജനി പറഞ്ഞു.
"അക്രമി, നേരെ ചൊവ്വേ ഒന്നും പറയൂല്ല, വളച്ചൊടിച്ചേ പറയൂ.'
 അങ്ങനെ തന്നെ കരുതാം. വിരോധമില്ല. നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വിപ്ലവം മുഴക്കിക്കോളും ഞാനതിനെതിരല്ല. ഒരുകാര്യം ഓർക്കണം കട്ടിൽ ഒന്നേയുള്ളു. അതു ചെറുതും രണ്ട്‌ പേർക്ക്‌ കിടക്കാൻ ഇടമില്ല രമയുടെ നിർബന്ധം കൊണ്ടാണ്‌ ഞാനതിൽ കിടക്കുന്നത്‌ ഞാവർക്ക്‌ സർവ്വസ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്‌ എന്നാലവളത്‌ ഉപയോഗിക്കാറില്ല പാവം!
 ഞാൻ നിങ്ങളോടൊരുകാര്യം പറയാനാണ്‌ ഈ സമയത്തിത്തിവിടെ വന്നത്‌.
"പറയൂ, കേൾക്കട്ടെ എനിക്കും ഒരു കാര്യം പറയാനുണ്ട്‌.
"ഞാനിന്ന്‌ വേശ്യാലയത്തിൽ പോയിവരുംവഴിയാണ്‌ ഇവിടെ വന്നത്‌.
"ബലേ ശബാശ്‌. ഇത്‌ ഇന്നലെയാണ്‌ നിങ്ങൾ പറഞ്ഞിരുന്നതെങ്കിൽ ഞാനത്‌ വിശ്വസിക്കയില്ലായിരുന്നു പക്ഷേ ഇന്നത്തെ സ്ഥിതിവേറെയാണ്‌ കാരണം" രജനി നിർത്തിക്കളഞ്ഞു.
"എന്താണ്‌ കാരണം"
ഞാനും അവിടെപോയിട്ടാണു വന്നത്‌.
എന്ത്‌ അവിനാശൻ കണ്ണു തുറിച്ചു രജനിയെ നോക്കി.
ഞാൻ സത്യമാണ്‌ പറഞ്ഞത്‌, ഉറക്കപ്പിച്ചല്ല.
പോയതെന്തിനെന്ന്‌ പറയൂ
പതുക്കെപ്പറയൂ, ഞങ്ങടെ അയൽപക്കത്തുകാർ ഞങ്ങളെ ഇവിടെ നിന്നും ഇറക്കിവിട്ടേക്കാം.
രമചേച്ചീടെ മുഖം കണ്ടിട്ട്‌ നിങ്ങൾക്കവിടെ പോകാൻ തോന്നിയല്ലോ. കഷ്ടം തന്നെ. ആ പാവത്തിനോട്‌ അൽപം നീതികാണിക്കേണ്ട.
പറയുന്നതു മുഴുവൻ കേൾക്കൂ. അതൊരിക്കൽ വക്കീൽ പത്മനാഭൻ രണ്ട്‌ സ്ത്രീകളുമൊത്ത്‌ രാത്രി വരുന്നതു കണ്ടതോർമ്മയുണ്ടല്ലോ.
"അതെ അതുകൊണ്ട്‌ നിങ്ങളവിടെ പോയതെന്തിനാണെന്നറിയേണ്ടത്‌.
നിങ്ങളുദ്ദേശിച്ചതു ആ സ്ത്രീകളുമായി വക്കീലിന്‌ യാതൊരു ബന്ധവുമില്ലെന്നല്ലോ.
അതേ ഇപ്പോഴും ഞാനങ്ങനെയാണ്‌ വിശ്വസിക്കുന്നത്‌ വെറെ ഏതോപുരുഷനാണെന്നാണ്‌.
ആ സംശയം തീർക്കാനാണ്‌ ഇന്നു ഞാനവിടെ പോയതു സംശയം തീർന്നു. പോയസ്ഥലവും കണ്ടുപിടിച്ചു.
ഞാനതു വിശ്വസിക്കൂല്ല. വക്കീൽ ചീത്ത സ്ഥലങ്ങളിൽ പോകുന്ന ആളല്ലതന്നെ.
നിങ്ങളെ നേരിട്ട്‌ കാണിച്ചു തന്നാലേ.
എന്നാലും ഞാൻ വിശ്വസിക്കൂല. വേറെ എന്തെങ്കിലും കാര്യത്തിനായി കൂടെ.
അതേ പ്രാർത്ഥിക്കാൻ പോയതാണെന്ന്‌ കരുതണം! അല്ലോ അതിനു യോജിച്ചസ്ഥലമോ വേശ്യാലയം" എന്താ സംഗതിമോശമാണോ?
"പതിത സ്ത്രീകളെ ഉദ്ധരിക്കാനായിക്കൂടെ."
അതെ, അതിനു പറ്റിയ സമയം അർദ്ധരാത്രി തന്നെ തന്നെയല്ല ഒറ്റയ്ക്ക്‌ കള്ളനെപ്പോലെ പാത്തുപതുങ്ങിയും പകൽ സാമൂഹ്യപ്രവർത്തകരുമൊത്തുപോകാമല്ലോ. ഇത്‌ കള്ളത്തരമാണ്‌ അവിനാശ'
 വക്കീൽ പത്മനാഭൻ സ്ത്രീ ജനങ്ങളോട്‌ ബഹുമാനത്തോടെയാണ്‌ പെരുമാറുന്നതെന്നാണ്‌ അവിശാൻ കരുതുന്നത്‌ ദുർഗ്ഗാവതിയെ ശുശ്രൂഷിക്കുന്നതുകാണുമ്പോൾ മറിച്ചൊരു വിചാരം അയാൾക്ക്‌ തോന്നിയില്ല.
"അവരുടെ ജീവിതരീതി കണ്ടു പഠിക്കാനായി കൂടെ.
"അവർ വേശ്യകളാണ്‌. വേശ്യകളുടെ ജീവിതരീതിയെക്കുറിച്ചെന്താണ്‌ പഠിക്കാനുള്ളത്‌. നിങ്ങൾ വക്കീലിനെ അന്ധമായ ബഹുമാനത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. യുക്തിപൂർവ്വം ചിന്തിച്ചു നോക്കണം.
എന്തിന്‌
എന്തിനെന്നോ, വിശ്വാസത്തിന്‌ ഒരതിരുണ്ട്‌ അതിനപ്പുറം സ്ഥാനമില്ല. എന്നാൽ യുക്തിവിചാരത്തിനതിരില്ല. എല്ലാ സംഗതികളും കാര്യകാരണസഹിതം ചർച്ച ചെയ്യാവുന്നതാണ്‌.
"ഞാനിക്കാര്യം നേരിട്ട്‌ കാണാതെ വിശ്വസിക്കില്ല.
"ഓ- കാണാത്ത കുറവേയുള്ളു. കണ്ടാൽ നിങ്ങളും ആ കുളത്തിൽ മുങ്ങിക്കുളിക്കാം. അക്കൂട്ടർ നശിക്കാൻ ഒരുങ്ങിയവരാണ്‌. നമ്മളും നശിക്കണമെന്നുണ്ടോ? അവരെ ഉദ്ധരിക്കാൻ നാം ശ്രമിക്കുന്നത്‌ വെറുതെയാണ്‌.
എന്തുകൊണ്ട്‌ ശാസിക്കില്ല.
"നമ്മുടെ സമുദായനീതി, യൗവനകാലം വാസന ഇവയൊക്കെത്തന്നെ കാരണം.
നമ്മളെല്ലാം ഗാന്ധിജിയെപ്പോലായാലേ സാദ്ധ്യമാവുകയുള്ളു എന്നാണോ രജനിയുടെ വിശ്വാസം.
"ആ കാര്യത്തിലും നിങ്ങൾക്ക്‌ കാതലായ തെറ്റ്‌ പറ്റിയിട്ടുണ്ട്‌. ഗാന്ധിജി സ്വന്തം സ്വഭാവത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും ആത്മകഥയിൽ വിവരിച്ചെഴുതിയിട്ടുണ്ട്‌. യൗവ്വനകാലത്ത്‌ അദ്ദേഹം വിഷയസുഖാസക്തനായിരുന്നെന്നതിൽ കാണാം ബ്രഹ്മചര്യം ആരംഭിച്ചതു തന്നെ 40 വയസ്സിനു ശേഷമാണ്‌. അപഥസഞ്ചാരം മിക്കവാറും എല്ലാവരിലും ആ പ്രായത്തിൽ കാണാൻ സാധിക്കും. സാമർത്ഥ്യം കൊണ്ടാവക കാര്യങ്ങൾ ലോകമറിയാതെ മൂടിവയ്ക്കും. ദാഹം ശമിച്ചാലേ ജലപാനത്തിനുള്ള താൽപര്യം കുറയുകയുള്ളു അവിനാശ"
 നിങ്ങളുടെ നോട്ടത്തിൽ നല്ലവരാരാണ്‌
 കാറ്റിൽ പറന്നുപോകുന്ന കരിയിലപോലത്തെ ശുദ്ധി മാത്രമേ എല്ലാവർക്കുമുള്ളു. നിങ്ങൾക്കും എനിക്കും അത്‌ ഒരുപോലെബാധകമായിരിക്കും.'
അപ്പോൾ നമുക്കവരെ ഉദ്ധരിക്കാൻ കഴിയില്ലെന്നാണോ രജനി വിശ്വസിക്കുന്നത്‌.
ഒരു കാര്യം സാധിച്ചേക്കും ഒരുപതിതസ്ത്രീയെ വിവാഹം ചെയ്യാൻ ധൈര്യമുള്ള ഒരാദർശയുവാവിനു മാത്രം സാധിച്ചെന്നുവരും.
"രജനി പറയുന്നതു ശരിയായിരിക്കും. മുങ്ങിച്ചാകാനൊരുങ്ങുന്നവരെ രക്ഷിക്കണമെങ്കിൽ കഴുത്തുവരെ വെള്ളത്തിൽ നീന്താതെ തരമില്ലല്ലോ.
പക്ഷേ അവിനാശന്റെ കൈക്ക്‌ പിടിക്കാൻ ഒരവകാശിവരുന്നുണ്ട്‌. അതിനുശേഷം നിങ്ങൾ രണ്ടുപേരും ചേർന്നു ശ്രമിച്ചാൽ ചിലകാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നുവരും.
'എന്റെ വിവാഹമോ, നിങ്ങളെന്താണീ പറയണത്‌.
നിങ്ങളത്‌ ഇതുവരെ അറിഞ്ഞില്ലേ
ഞാനെന്തിറിയാൻ. ആരാണിതു നിങ്ങളോട്‌ പറഞ്ഞത്‌.
നിങ്ങളുടെ പിതാവ്‌ തന്നെ. ഇന്നു രാവിലെ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ പോയിരുന്നും പത്തുമണിവരെ നിങ്ങളെ കാത്ത്‌ ഞങ്ങളിരുന്നു. എവിടെ പോയെന്നാർക്കും അറിഞ്ഞുകൂടായിരുന്നു. മടക്കത്തിന്‌ രമയെ വീട്ടിലാക്കിയതിന്‌ ശേഷം ഞാനും പുറത്തേക്കിറങ്ങി.
"കൊള്ളാം ഞാനും ഇവിടെ വന്നു. മുറിപൂട്ടിക്കിടക്കുന്നു അങ്ങനെ ഞാനും പുറത്തേക്കിറങ്ങി.
വധു ആരാണെന്നാണ്‌ നിങ്ങളോട്‌ പറഞ്ഞത്‌
അതറിഞ്ഞിട്ടെന്തു പ്രയോജനം. ഏതെങ്കിലും ഒരു സുന്ദരിപ്പെണ്ണിന്റെ കഴുത്തിൽ മംഗല്യം ചാർത്തണം. അത്രതന്നെ.
വധുവിനെ നിശ്ചയിക്കുന്നത്‌ എന്റെ സമ്മതം കൂടാതെയാണോ. അതെന്ത്‌ ന്യായം.
സമ്മതം എന്നുകിട്ടിയിട്ടാണ്‌.
അപ്പോഴെക്കും രമ എണീറ്റു. കണ്ണുതിരുമ്പി നോക്കിയപ്പോൾ അവിനാശനെ കണ്ടു.
എപ്പോൾ വന്നു ബാബു. അവൾ ചോദിച്ചു.
ഇയാൾ വിവാഹം ചെയ്യാൻ പോണ്‌ രമേ, അതറിയാൻ വരുന്നതാണ്‌.
നല്ലത്‌. അമ്മയ്ക്കെന്ത്‌ സന്തോഷമായിരിക്കുമെന്നോ. ഒരു കുഞ്ഞിക്കാലടി മുറ്റത്ത കാണാൻ ആ അമ്മ കൊതിച്ചിരിക്യേണ്ട്‌. ഞാൻ പോയി ചായ തെളിപ്പിക്കട്ടെ.
വേണ്ട ചേച്ചി, ഞാനിതാ പോയിക്കഴിഞ്ഞു. അയാൾ വണ്ടിക്കാരന്റെ അടുത്തെത്തി.
വിചാരസാഗരത്തിൽ മുങ്ങിക്കുളിച്ചിരുന്ന അവിനാശന്‌ ദൂരം പോയതറിഞ്ഞില്ല. വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തിയപ്പോഴാണ്‌ പരിസരബോധമുണ്ടായത്‌. ക്ഷേത്രനടയിൽ ഒരു സ്ത്രീ തലമൂടിപ്പുതച്ചിരിക്കുന്നു.
നിങ്ങളാരാണ്‌. എന്ത്‌ വേണം.
എന്തുവേണമെന്നോ. എന്ത്‌ കാര്യം. പോയിവല്ല ജോലിയും നോക്കൂഹേ, അപമാനിതയുടെ സ്വരത്തിൽ അവൾ പറഞ്ഞു.
വല്ല സഹായവും വേണമെങ്കിൽ
പറഞ്ഞുതീർന്നില്ല, അവർ പൊട്ടിത്തെറിച്ചു. മതി, മതി ഒരു സഹായക്കാരൻ വന്നേക്കണ്‌. അവൾ വേഗം അവിടെനിന്നെണീറ്റ്‌ പോയി.
വീടിന്റെ ഗെയിറ്റിൽ വണ്ടി നിർത്തി. വണ്ടിക്കാരനു കൂലികൊടുത്തു പറഞ്ഞയച്ചു.
കുഞ്ഞേ ഇത്രനേരം ഉറക്കിളക്കരുത്‌ ശരീരം ക്ഷീണിക്കും- കാവൽക്കാരൻ.
സാരമില്ലമ്മാവ, ചിലപ്പോഴൊക്കെ അങ്ങനെ വേണ്ടിവരും.
വൃദ്ധൻ ഒന്നിരുത്തി മൂളി കട്ടിലിൽ ചെന്നിരുന്നു.
അവിനാശൻ ചെന്ന പാടെ കട്ടിലിൽ കയറിക്കിടന്നു ക്ഷണത്തിൽ നിദ്രയിലാണ്ടുപോയി.

No comments:

Post a Comment