ഭൂമിയിലെ എന്റെ സഞ്ചാരം ഞാനും പരാശക്തിയും തമ്മിലുള്ള കരാര്‍ . എനിക്ക് യഥേഷ്ടം സഞ്ചരിക്കാം, ശൈത്താനെ പിന്തുടരാം, വിയോജിക്കാം.
അതിനിടയില്‍ എന്നെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്, എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വയ്ക്കാന്‍ നിങ്ങളെ അധികാരപ്പെടുത്തിയത് ആരാണ്?
നടക്കുന്തോറും പെരുകുന്ന അതിര്‍ത്തികള്‍ , കുരുക്കുകളും... യുദ്ധങ്ങളും വെറികളും... യുദ്ധം കൊണ്ട് സമാധാനം ഉണ്ടാക്കാം എന്ന് ചിലര്‍ . യുദ്ധത്തിനെതിരെ, ഹിംസക്കെതിരെ പോരാടിയ ആള്‍ കൊല ചെയ്യപ്പെടുന്നു. അഹിംസയുടെ പ്രചാചകന്റെ ശവശരീരത്തിനു ചുറ്റും തോക്കുകള്‍ ആചാര വെടി മുഴക്കുന്നു. തോക്കുകള്‍ അഹിംസയെ അവഹേളിക്കുന്നു. അഹിംസക്ക് ഒരിക്കലും ആയുധത്തിന്റെ ചാങ്ങാതിയാവാന്‍ കഴിയില്ലല്ലോ.
ഞാന്‍ പര്‍ദ ധരിക്കട്ടെ, ധരിക്കാതിരിക്കട്ടെ, എന്നെ വിലക്കാന്‍ നിങ്ങള്‍ ആരാണ്?
ലോകമേ, വിശ്വാസത്തില്‍ നിര്‍ബന്തമില്ലെന്ന പ്രവാചക മൊഴി എന്തേ മറക്കുന്നു?
എന്റെ പ്രാര്‍ത്ഥന പ്രണയമാണ്... അത് ഉടലും ഉടലും തമ്മിലല്ല... അതുകൊണ്ട്
എനിക്ക് ഉടലിനെ അലങ്കരിക്കെണ്ടതില്ല.
പ്രണയം തിരഞ്ഞു നടക്കുന്ന എന്നെ നിങ്ങള്‍ എവിടെക്കാണ് ആട്ടിയോടിക്കുന്നത്? ആകാശത്തിനുമപ്പുറത്തേക്കോ?
അല്ലയോ പരാശക്തീ, നരകവാതില്‍ എനിക്കായി തുറന്നു തരിക... ഭൂമിയെക്കാള്‍
അതിര്‍ത്തിയില്ലാത്ത നിന്റെ നരകത്തെ ഞാനിഷ്ടപ്പെടുന്നു...
നിയമങ്ങളേ,
മാറി പോകൂ,
ആരാധനാലയങ്ങളേ,
ഒഴിഞ്ഞു പോകൂ,
ഞാന്‍ പ്രാര്‍ഥനയിലാണ്...
എന്റെ ജപം നാവുകൊണ്ടുളളതല്ല,
ശ്വാസത്തിലൂടെയാണ് ഞാന്‍
പ്രാര്‍ത്ഥനയിലാകുന്നത്....
No comments:
Post a Comment