Sunday, 5 June 2011

മഴ

റോളി സൈമൺ

മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്‌.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്‌.

- കുട്ടൂക്കാരന്‍* -

മഴ
ഒരു വിഷമഭുജമാണ്‌.
ചീറിയടുത്ത്‌,
തോറ്റ്‌ തൊപ്പിയിട്ട്‌
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.

- അവള്‍ -

മഴ
വെയിലേറ്റു
നരച്ച വിരസതയാണ്‌.
വേനലിന്റെ നുരയും പതയുമാണ്‌.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്‌.

- അമ്മ -

മഴ
മാനത്തിന്‌
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്‌.

കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ്‌ സഞ്ചരിച്ചിട്ടുണ്ട്‌
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച്‌ മരിച്ചിട്ടുണ്ട്‌.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്‌
എനിക്ക്‌ ഇഷ്ടമാണ്‌.

കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.

No comments:

Post a Comment