ആർ.മനു
ഇവിടെ,
യോനിയുടെ ഭ്രഷ്ടിനാൽ
ജന്മംകൊള്ളാൻ വിധിക്കപ്പെട്ട
തലമുറകളുടെ
കണ്ണുനീർത്തുള്ളിയിലൂടെ
ആയിരംതുള്ളി ചോരയാൽ
നിറമാർന്ന ഒരു കൂട്ടം
സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ.
ഇവിടെ,
വർണ്ണത്തിന്റെ തീച്ചുളയിൽ നിന്ന്
സ്വാതന്ത്ര്യത്തിന്റെ തടാകത്തിലേക്കുള്ള
ഒരു പഴയ പാതയുടെ
ചൂണ്ടുപലക കാണുന്നു
ഈ കളിമൺ ചുമരുകൾ മന്ത്രിയ്ക്കുന്നു.
-പ്രിയ സുഹൃത്തേ,
ഇതു നീയെടുത്തുകൊൾക
കൂരിരിട്ടിലെ മിന്നാമിനുങ്ങായി
മഗധയുടെ വിരിമാറിൽ
സാരാനാഥിലെ മൺത്തരികളിൽ
ഗാസായിലെ തെരുവോരങ്ങളിൽ
നിനക്കിതുനാട്ടാം
ഗർഭപാത്രത്തിന്റെ വാടകചോദിയ്ക്കുന്ന
നിന്റെ അമ്മയോടും
ശുക്ലത്തിന്റെ കണക്കുപറയുന്ന
നിന്റെ അച്ഛനോടും
ക്രോമസോമുകൾ പങ്കുവയ്ക്കുന്ന
നിന്റെ അനുജനോടും
ശയ്യാസുഖം വിലപേശുന്ന നിന്റെ ഭാര്യയോടും
ഓലപ്പുരയിലെ ശാന്തത്തയെപ്പറ്റി
ജന്മാന്തങ്ങളുടെ ഭാഷയിൽ
രണ്ടക്ഷരം മാത്രം പറയുക-
മന്വന്തരങ്ങളുടെ സാന്ദ്രനിയതമായ പ്രത്യയശാസ്ത്രം
ക്രിസ്തുവിൽ നിന്ന് ശ്രീനാരായണനിലേക്ക്.
No comments:
Post a Comment