സി. വി. വിജയകുമാർ
ബലിമൃഗത്തിന്റെ നിലവിളിപോലെ അശാന്തിപ്പെടുത്തുന്ന സ്വസ്ഥതയിൽ വച്ചാണ് ഒരാൾ എഴുത്തുകാരനാകാൻ വിധിക്കപ്പെടുന്നത്. അയാൾ ചുറ്റുപാടുകളെ സൂക്ഷ്മേന്ദ്രിയം കൊണ്ട് വീക്ഷിക്കുകയും അനുഭവങ്ങളുടെ ചോരകലർന്ന പുഴകളെ ഉള്ളിൽ സംഭരിക്കുകയും ചെയ്യും. ഏകാന്തത്തയുടെ സിരാകേന്ദ്രം തകർത്തുവരുന്ന ലാവപോലെ അയാൾ എഴുതിപ്പോവുകയാണ് ചെയ്യുന്നത്. അങ്ങനെ വരുന്ന വേദനാജനകങ്ങളായ ആവിഷ്ക്കാരങ്ങളെയാണ് നല്ല സാഹിത്യമായി കാലം ഏറ്റെടുത്തിരിക്കുന്നത്. അത്, ദേശത്തിനും ഭാഷയ്ക്കുമപ്പുറമുള്ള ഒരസ്തിത്വത്തിന്റെ മൂന്നാം തീരത്തെ സ്വയം അടയാളപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ് ഭൂഖണ്ഡദൂരങ്ങളെ മനസ്സിനും ഹൃദയത്തിനുമിടയിലേക്ക് ചെറുതാക്കിക്കൊണ്ട് വിദേശസാഹിത്യം നമ്മുടെ ആസ്വാദനത്തിന്റെ ഇരുപ്പിടങ്ങളെ സമാകർഷിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ, പ്രവാസിമലയാളിയുടെ എഴുത്തിടങ്ങളിലേക്ക് നാം അത്രമാത്രം തീഷ്ണമായി നോക്കിയിട്ടുള്ളതായി തോന്നുന്നില്ല. ഭാരതത്തിന് വെളിയിൽ ജീവിച്ചുകൊണ്ട് മലയാളത്തിൽ എഴുതുന്നവരെയാണ് ഉദ്ദേശിച്ചതു. വളരെക്കാലം സിങ്കപ്പൂരിൽ ജീവിച്ചുകൊണ്ട് നമ്മുടെ നോവൽസാഹിത്യത്തെ പുഷ്ടിപ്പെടുത്തിയ വിലാസിനിയും അമേരിക്കയിൽ സ്ഥിരതാമസമാക്കി മലയാളത്തിൽ കവിത പറഞ്ഞുകൊണ്ടിരിക്കുന്ന ചെറിയാൻ കെ. ചെറിയാനെയുമൊന്നും വിസ്മരിക്കുന്നില്ല. പിന്നെ, ഒബ്രിമേനനെപ്പോലുള്ള മലയാളി വംശജരായ പല ഇംഗ്ലീഷ് എഴുത്തുകാരുമുണ്ട്. ടി. വി. കൊച്ചുവാവയെപ്പോലുള്ള ഗൾഫ് മലയാളികളുടെ കാര്യവും ഭിന്നമല്ല.ഇന്ന് മലയാളത്തിൽ ഈ ഗന്ധപവനൻ ഏഴാംകടലിനപ്പുറമുള്ള വൻകരയിലെ നാട്ടുമാവുകളിൽ ഊഞ്ഞാലാടുന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുള്ള വിലാസം മാത്യു നെല്ലിക്കുന്നിന്റേതാണ്. കഴിഞ്ഞ നാല് ദശകങ്ങളിലധികമായി അമേരിക്കയിൽ വസിക്കുമ്പോഴും മലയാളത്തിന്റെ ഹേമദ്രുമമായ മഹാകവി പി. അലഞ്ഞുനടന്നിടത്തെല്ലാം നിളയെ കൊണ്ടുനടന്നത്പോലെ, തന്റെ കൊച്ചുവാഴക്കുളത്തിന്റെ ഓമൽ മലയാളത്തെ മാത്യു നെല്ലികുന്നും പോയിടത്തൊക്കെയും ചോരയിൽ
ലയിപ്പിച്ചുകൊണ്ടും ചന്ദനത്തിൽ ചാലിച്ചുകൊണ്ടും നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മാത്യുനെല്ലിക്കുന്നിന്റെ അമ്മ മലയാളത്തിന് വിശുദ്ധ ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകന്റെ ആത്മവിശുദ്ധിയുണ്ട്. മാതൃഭാഷയെ അവഗണിക്കാനുള്ള എല്ലാ ധാരാളിത്തവുമുണ്ടായിട്ടും എന്തുകൊണ്ടാണ് മാത്യു നെല്ലിക്കുന്നിന് അങ്ങനെയാവാൻ കഴിയാത്തത്. പ്രത്യേകിച്ചും തനത് പൈതൃകത്തോടും ജീവിതമൂല്യങ്ങളോടും സ്വദേശി മലയാളിക്ക് ഏറ്റവും കൂടുതൽ പുച്ഛം തോന്നുന്ന ഇക്കാലത്ത്. തീർച്ചയായും ഇതിനുള്ള ഉത്തരം നെല്ലിക്കുന്നിനെപ്പോലുള്ള പ്രവാസികളുടെ അനേകം വായ്ത്തലകളുള്ള ഗൃഹാതുരതയിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദേശാടന പക്ഷികളുടെ ഓർമ്മയിൽ മടക്കയാത്രയുടെ കൃത്യമായ കാലബോധം അടയിരിക്കുംപോലെയാണ് പ്രവാസിയുടെ ഉള്ളിൽ ജന്മദേശത്തിന്റെ ലാവണ്യപരിസരങ്ങൾ സംക്രമശോകമാകുന്നത്. അത് അയാളെ സ്വപ്നാടകനും ദാർശനികനും വിഷാദിയുമൊക്കെയാക്കി മാറ്റും. നൈരാശ്യവും പ്രതീക്ഷയും ഇടകലരുന്ന സംഘർഷാത്മകമായ ഒരാന്തരിക പരിസരത്തിൽ വച്ചയാൾ നടത്തുന്ന ആത്മാവിഷ്ക്കാരങ്ങളാണ് പ്രവാസി എഴുത്തായി തീരുന്നതെന്ന് പറയാം. ഗൃഹാതുരതയുടെ രാസഘടികാരം കൊണ്ടുള്ള കാലത്തെ അടയാളപ്പെടുത്തലാണ് ശരിക്കും നെല്ലിക്കുന്നിന്റെ എഴുത്ത്. തീവ്രതയുടെ ഭ്രമണപഥങ്ങളിലൂടെ മുറുകിയോടുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങൾ കൊണ്ടാണിത് നമ്മോട് ആത്മനിവേദനം ചെയ്യുന്നത്. കടപുഴകുന്ന വൻകരകളെ പിടിച്ചുനിർത്താനുള്ള ആത്മാർത്ഥതയും ലക്ഷ്യബോധവും കൊണ്ടത് കാലത്തോട് വല്ലാത്ത പ്രതിബദ്ധത ചുമന്ന് നടക്കുന്നവന്റെ വിഹ്വലതകളുടെ കർമ്മഭൂമിയായങ്ങനെ മാത്യുനെല്ലിക്കുന്നിന്റെ നോവലുകൾ മാറുകയും ചെയ്യുന്നു. പ്രവാസം ഹൃഹാതുരത എന്നീ ദന്ദ്വങ്ങളുടെ സംഘർഷത്തിലൂടെ കുതിച്ചുപായുകയും കുതറി ഓടുകയും ചെയ്യുന്ന ഈ ഇരട്ട ജീവിതത്തിന്റെ സ്വപ്നാടനങ്ങളും സൂക്ഷ്മബോധത്തിന്റെ തിരിച്ചറിവുകളുമായി അത് വായനക്കാരെ അനുഭവങ്ങളുടെ സൗന്ദര്യമുള്ള നരകവിതാനങ്ങളിലേക്കും അപ്രിയ സത്യങ്ങളുടെ സ്വർഗ്ഗങ്ങളിലേക്കും മാറി മാറി കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു. ബുദ്ധിപരമായ ജാടകളുടെയും ഭാഷാപരമായ സങ്കീർണ്ണതകളുടെയും ജീർണ്ണജീവിതത്തോട് മാത്യുവിന്റെ ഭാഷക്ക് ആഭിമുഖ്യമില്ല. അത് ലളിതമായ പദവിന്യാസങ്ങളോടുകൂടി തികച്ചും ആർജ്ജവത്തോടെ വായനക്കാരനോട് പെരുമാറുന്നു. ഈ പെരുമാറ്റച്ചട്ടം പാലിക്കുമ്പോഴാണ് ഒരാൾ എഴുത്തുകാരന്റെ ജീവിതത്തിൽ വിജയത്തിലേക്ക് പുറപ്പെടുന്നത്. അങ്ങനെ വൈരുദ്ധ്യത്തിന്റെയും സമന്വയത്തിന്റെയും തിരുരൂപങ്ങൾക്ക് ദിവ്യബലി നൽകികൊണ്ടു മാത്യുനെല്ലിക്കുന്ന് എഴുത്തെന്ന കുരിശിന്റെ വഴിയിൽ ഒറ്റയ്ക്ക് നടന്നുപോകുന്നു.
No comments:
Post a Comment