Sunday, 5 June 2011

ഞാനാരാ മോൻ!



കെ.ജി.ഉണ്ണികൃഷ്ണൻ
 രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടു- ഗൃഹോപകരണ വിപണിയിൽ ഇതുവരെ കേൾക്കാത്ത വാർത്ത പഴയ ടി.വിയുടെ വാങ്ങിയ വില മുഴുവനും തിരികെ നൽകുന്നു. സന്തോഷം കൊണ്ട്‌ സകല നാഡികളും തകർന്നുപോയി. വീണ്ടും സൂക്ഷിച്ചു നോക്കി. ശരിയാണ്‌ കൂടുതൽ വിശദീകരണം ഇങ്ങനെ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കളർ ടി.വി ഏതു കമ്പനിയുടേതായാലും ഏതു ഷോർറൂമിൽ നിന്നും വാങ്ങിയതായാലും ബില്ലിലെ മുഴുവൻ തുകയും ഇപ്പോൾ തിരികെ നേടാം. ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റു തപ്പുന്നതുപോലെ നെഞ്ചിടിച്ചുകൊണ്ട്‌, പത്രം വലിച്ചെറിഞ്ഞ്‌ അലമാരയിലെ പഴയ ബില്ലുകൾക്കായി പരതി. അതാ എന്നെ നോക്കി ചിരിക്കുന്നു. 25000 രൂപയുടെ 29 ഇഞ്ച്‌ ഒനീഡാ ടി.വിയുടെ ബില്ല്‌ സൂക്ഷിച്ചുനോക്കി. ഒറിജിനൽ ബില്ലുതന്നെ. അങ്ങനെ മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളിലേക്കിറങ്ങി. ഇന്ന്‌ ഏതായാലും പരസ്യം കൊടുത്തുവരെ ഒന്നും പറ്റിക്കുകതന്നെ. 10 വർഷം മുമ്പുള്ള ബില്ലൊന്നും സൂക്ഷിക്കുന്ന എന്നപ്പോലെ വട്ടന്മാർ ഏതായാലും അധികമാരും കാണുകയില്ല. 5000 രൂപപോലും കിട്ടാൻ സാധ്യതയില്ലാത്ത, 10 വർഷം പഴക്കമുള്ള ടിവിക്ക്‌ എനിക്കിന്ന്‌ 25000 രൂപ ലഭിക്കുവാൻ പോകുന്നു. 35000 രൂപയുള്ള ടിവി വെറും 10000 രൂപക്ക്‌ വീട്ടിലെത്തിക്കാം.
 ഉടനെ ഭാര്യയെ വിളിച്ചു.'എടീ, ഞാനാരാ മോൻ എന്നു നിനക്കിപ്പോഴെങ്കിലും മനസ്സിലായോ? പഴയ ബില്ലുകൾ സൂക്ഷിച്ചുവയ്ക്കുന്ന എനിക്ക്‌ വട്ടാണെന്നല്ലേ നീ പറയാറുള്ളത്‌? ദേ, ഈ പരസ്യം നോക്കിയേ, പഴയ ഒരു ബില്ലിന്‌ ഞാൻ 25000 രൂപ വാങ്ങാൻ പോകുന്നു.
 ഏതായാലും ഒമ്പതരയ്ക്ക്‌ കട തുറക്കുന്നതിനുമുമ്പേ അവിടെ എത്തണം. അവരെ ആദ്യം ഞെട്ടിക്കുന്നതു ഞാനായിരിക്കണം. ഭാര്യയോട്‌ ബ്രേക്ക്ഫാസ്റ്റ്‌ ഒന്നും എടുക്കണ്ട, എല്ലാം ടിവിയുമായി വന്നിട്ടുമതി എന്നു പറഞ്ഞുകൊണ്ട്‌ തൊട്ടടുത്ത വീട്ടിലെ ബ്ലേഡ്‌ രാമുവിന്റെ അടുത്തു നിന്ന്‌ ബാക്കി തുകയ്ക്കുള്ള 10000 രൂപയും കടം വാങ്ങി ടിവി കൊണ്ടുപോകാനുള്ള ഓട്ടോറിക്ഷയും വിളിച്ചു വീട്ടിലെത്തി.
 ലാഭക്കഥയെല്ലാം കേട്ടപ്പോൾ 25 കി.മീ ഓടാൻ 600 രൂപ ചോദിച്ച ഓട്ടോക്കാരന്‌ 1000 രൂപയും വാഗ്ദാനം ചെയ്ത്‌ (25000 രൂപ വെറുതെ കിട്ടുന്നതല്ലേ) ഒഴിഞ്ഞ വയറും ടിവിയുമായി കടയിലെത്തിയപ്പോൾ കട തുറക്കുന്നതേയുള്ളു. ഏതായാലും ഇന്ന്‌ കണികണ്ടവനെ എന്നും കാണണേ എന്ന്‌ പ്രാർത്ഥിച്ച്‌ കട തുറന്നയുടനെ ഗമയിൽ പഴയ ബില്ലു കാണിച്ച്‌ ബാക്കി എത്രയാതരേണ്ടത്‌ എന്ന്‌ ചോദിച്ചു. അപ്പോൾ  കടക്കാരൻ പറഞ്ഞു. 10,000 രൂപ പഴയ ടിവിക്ക്‌ അതുകഴിച്ച്‌ 25000 രൂപ തരണമെന്ന്‌ ഞെട്ടിപ്പോയി. ജാള്യത മറച്ചുവച്ച്‌ പത്രത്തിന്റെ കട്ടിങ്ങ്‌ കാണിച്ച്‌ വീണ്ടും ഗമയിൽ ' ഇതു നിങ്ങളുടെയല്ലേ പരസ്യം? ഒന്നു വായിച്ചുനോക്കിക്കേ. മുഴുവൻ തുകയും എന്നല്ലേ പറഞ്ഞിരിക്കുന്നത്‌? അപ്പോൾ കടക്കാരൻ ചിരിച്ചുകൊണ്ട്‌ 'മുഴുവൻ തുകയും' എന്ന വാക്കിന്റെ മുകളിലുള്ള നക്ഷത്ര ചിഹ്നം കാണിച്ചിട്ട്‌ പറഞ്ഞു. ഇതു സാർ കണ്ടില്ലേ? അതിന്റെ വിശദീകരണം ഈ മൂലയിൽ കൊടുത്തിട്ടുണ്ട്‌. അതുകൂടി വായിച്ചിട്ട്‌ ബാക്കി പറഞ്ഞാൽ മതി അപ്പോഴാണ്‌ അതു ശ്രദ്ധയിൽപ്പെട്ടത്‌. മൈക്രോസ്കോപ്പുപയോഗിച്ചു പോലും വായിക്കാൻ പറ്റാത്തത്ര ചെറിയക്ഷരത്തിലാണ്‌ എഴുതിയിരിക്കുന്നത്‌. തകർന്നുകുത്തി താഴെയിരുന്നു. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഓട്ടോറിക്ഷാക്കാരനോട്‌ അടുത്ത കടയിൽ നിന്നും ഒരു സോഡാ വാങ്ങിച്ചുതരാൻ പറഞ്ഞു. സോഡ കുടിച്ച്‌ കണി കണ്ടവനെക്കുറിച്ചുള്ള പ്രാർത്ഥന മായ്ച്ചുകളഞ്ഞു. പുതിയ ടിവിയില്ലാതെങ്ങനെ വീട്ടിൽ പോകും? ഭാര്യയാണെങ്കിൽ അടുത്ത വീട്ടിലൊക്കെ പറഞ്ഞുകാണും. കടക്കാരൻ ആശ്വസിപ്പിച്ചതനുസരിച്ച്‌ 15000 രൂപ പൂജ്യം ശതമാനത്തിന്‌ വായ്പകൂടി എടുത്ത്‌ 'ഞാനാരുമല്ലല്ലോ മോൻ' എന്നു പിറുപിറുത്തുകൊണ്ട്‌ നഷ്ടമായ ലീവിനേയും, അടുത്തമാസം മുതൽ അടയ്ക്കേണ്ട ഇൻസ്റ്റാള്‍മന്റിനേയും, പരസ്യം കൊടുത്ത ബുദ്ധിയേയും കുറിച്ചോർത്ത്‌ ടിവിയുമായി ഓട്ടോയിൽ കയറി.


No comments:

Post a Comment