Sunday 5 June 2011

വിപ്ലവം ഉണ്ടാവുന്നത്‌


രാജേന്ദ്രപ്രസാദ്‌ 

 കേശവന്റെ വിലാപങ്ങളിൽ എം.മുകുന്ദൻ അപ്പുക്കുട്ടന്റെ മുടിമുറിക്കുന്ന അമ്പുട്ടേട്ടനെക്കുറിച്ച്‌ പരാമർശിക്കുന്ന ഭാഗം നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ?
അതിൽ മുകുന്ദൻ ചോദിച്ചു.
ചരിത്രത്തിലെവിടെയെങ്കിലും എന്നെങ്കിലും ഒരു ബാർബർ കമ്മ്യൂണിസ്റ്റല്ലാതിരിന്നിട്ടുണ്ടോ?
(കേശവന്റെ വിലാപങ്ങൾ...പുറം...)
മലബാറിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്‌.
ബാർബർമാർ എന്നും കമ്മ്യൂണിസ്റ്റുകാരായിരുന്നു.
കണ്ണൂരുകാരനായ ചലച്ചിത്രകാരൻ ടി.വി.ചന്ദ്രൻ തന്റെ ഓർമ്മകളുണ്ടായിരിക്കണം എന്ന ചിത്രത്തിൽ വടക്കൻ മലബാറിലെ ബാർബർമാരെ ഏറെ പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നത്‌ നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമല്ലോ?
നമ്മുടെ കഥയിലും കഥാനായകൻ ഒരു കമ്മ്യൂണിസ്റ്റുകാരനായ മുടിമുറിക്കൽ തൊഴിലാളിയാണ്‌.
'ടി'യാൻ ചന്ദ്രന്റെ പടം കാണുന്നതോടെ നമ്മുടെ കഥ ആരംഭിക്കുകയാണ്‌.
വർഷങ്ങൾക്കു മുമ്പ്‌ കോളയാട്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഒരു കേസിന്റെ ആവശ്യത്തിനായി എറണാകുളത്തെ ഹൈക്കോടതിയിൽ പോയപ്പോഴാണ്‌ സ.വൽസന്‌ ടി.വി. ചന്ദ്രന്റെ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന ചിത്രം സരിതയിൽ നിന്നു കാണുവാൻ ഭാഗ്യമുണ്ടായത്‌.
ആദ്യമായായിരുന്നു സഖാവ്‌ വൽസൻ ശീതീകരിച്ച ഹാളിലിരുന്ന്‌ ഒരു സിനിമ കാണുന്നത്‌. പിന്നീട്‌ അതേ സിനിമ തന്റെ അറിവിൽ എവിടെ കളിച്ചാലും സഖാവ്‌ വൽസൻ പോയി കാണാറുണ്ട്‌ എന്നതാണ്‌ സത്യം.
ഒരു സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടാൽ വിരസത തോന്നില്ലേ? നിങ്ങളുടെ സംശയം ശരിയാണ്‌. വൽസന്റെ അവകാശവാദം ശരിയാണെങ്കിൽ പതിനാലോ പതിനഞ്ചോ തവണ ആ പടം കണ്ടിട്ടുണ്ട്‌. നിങ്ങളിൽ ചിലരെങ്കിലും തീയ്യേറ്ററുകളിൽ വച്ച്‌ വൽസനെ കണ്ടു കാണുമല്ലോ?
ദർശനയിൽ നിന്നും സിനിമ കഴിഞ്ഞ്‌ പൂത്തലത്തെ വീട്ടിലേക്ക്‌ നടക്കവെ സഖാവിന്റെ തീയത്തി ചോദിച്ചു.
'എട്ടനഭിനയിച്ച പടാണെന്ന്‌ പറഞ്ഞിട്ട്‌ ഏട്ടനെ അതിലൊന്നും കണ്ടില്ലല്ലോ?'
'അതില്‌ ഞങ്ങടെ റോളാ നമ്മുടെ ശ്രീനിവാസൻ ചെയ്തെ....'
ശ്രീനിവാസൻ സ്റ്റെലിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ ഓൾക്ക്‌ ചിരി സഹിക്കാനായില്ല.
ആ സിനിമ കുറച്ചൊന്നുമല്ല വൽസനെ സ്വാധീനിച്ചതെന്ന്‌ ഇപ്പോൾ നിങ്ങൾക്കും മനസ്സിലായിക്കാണുമല്ലോ?
സിനിമ കണ്ടുകഴിഞ്ഞ്‌ കൊച്ചിയിൽ നിന്ന്‌ തലശ്ശേരിക്ക്‌ യാത്ര ചെയ്യവെ ആണ്‌ സഖാവ്‌ വൽസൻ ആത്മകഥ എഴുതുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയത്‌.
ഇതുവരെ വമ്പന്മാർ മാത്രമേ ആത്മകഥകളെഴുതിയതായി വൽസന്‌ അറിയാവൂ. തന്നെപോലൊരു മുടിമുറിക്കൽ തൊഴിലാളിക്ക്‌ ആത്മകഥ എഴുതാനാവുമോ?
പലകുറി മനസ്സിൽ ആ ചോദ്യം തികട്ടി വന്നു. ആ ചോദ്യത്തിനുത്തരം തേടി വൽസൻ പല തവണ ലക്ഷ്മിയേടത്തിയുടെ വാറ്റു പുരയിലെത്തി. ചാരായത്തിന്റെ ചൂരിനൊപ്പം ആത്മകഥ തികട്ടി വന്നു.
ദിവസങ്ങൾ... മാസങ്ങളായി....
ഒടുവിൽ കുഞ്ഞികൃഷ്ണൻ മാഷാണ്‌ വൽസന്റെ താത്വികപ്രശ്നത്തിന്‌ പരിഹാരം നിർദ്ദേശിച്ചതു.
നിനകെന്താ വൽസാ ഒരു കുറവ്‌?
മാഷ്‌ ചോദിച്ചു.
' കമ്യൂണിസം കേരളത്തിൽ വേരോടാൻ പ്രയത്നിച്ചവരിൽ ബാർബർമാരെ മാറ്റി നിർത്തി ഏതു ചരിത്രകാരനാണ്‌ കേരളത്തിന്റെ ചരിത്രം എഴുതാനാവുക?'
മാഷുടെ ചോദ്യം വൽസനെ വല്ലാതെ വേട്ടയാടി.

No comments:

Post a Comment