Friday 1 July 2011

വിലാപങ്ങളുടെ ആന്തരശ്രുതികൾ


സി. വി. വിജയകുമാർ
 മാത്യു നെല്ലിക്കുന്നിന്റെ നോവലുകളിലെ ദ്വന്ദ്വാത്മക സംഘട്ടനങ്ങളെപ്പറ്റിയാണ്‌ ഇവിടെ പറയാൻ വിചാരിക്കുന്നത്‌. വിരുദ്ധ ചേരികൾ തമ്മിലുള്ള സംഘർഷഭരിതമായ ആന്തരപരിസരങ്ങളുടെ വികാസപരിണാമങ്ങളാണ്‌ നെല്ലിക്കുന്നിന്റെ സാഹിത്യപ്രപഞ്ചമെന്ന്‌ പൊതുവിൽ പറയാമെന്ന്‌ തോന്നുന്നു. അത്‌, ഗ്രാമ-നഗര ദ്വന്ദ്വങ്ങളുടെ ഏറ്റുമുട്ടലുകൾകൊണ്ട്‌ അത്യന്തം കലുഷമായിരിക്കുന്നു. ഈ വിഷയം നമ്മുടെ കഥയും കവിതയും നോവലുമൊക്കെ മുമ്പ്‌ വളരെ കൂടുതൽ ചർച്ച ചെയ്തിട്ടുണ്ട്‌. നിഗ്രഹോത്സുകരായ നഗര തക്ഷകന്മാർ മനുഷ്യജീവിതത്തിന്റെ ജൈവകാന്തി ഊറ്റിക്കുടിക്കുമ്പോൾ അന്യനും അനാഥനുമാക്കി മാറ്റപ്പെടുന്നവന്റെ ദുരവസ്ഥ നെല്ലിക്കുന്ന്‌ എന്ന എവുത്തുകാരനായ മനുഷ്യനിൽ സംഭവിപ്പിക്കുന്ന ആഘാത സമസ്യകളാണ്‌ ഇങ്ങനെ വിചാരശിൽപങ്ങളായി രൂപാന്തരപ്രാപ്തി കൊള്ളുന്നത്‌. അതുകൊണ്ട്‌ മാത്യു നെല്ലിക്കുന്നിന്റെ രചനകളിലെ ഏറ്റവും ആത്മാർത്ഥമായ ആന്തരശ്രുതി നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ ചൊല്ലിയുള്ള നിലവിളികളുടേതാണെന്ന്‌ പറയാം. ഊഷരമാനുഷികതയുടെയും ശിഥില മൂല്യങ്ങളുടേതുമായ പ്രശ്നോപനിഷത്തുകളായി അവ മാറുകയും ചെയ്യുന്നു. ഒരു പക്ഷേ, ഇത്‌ പണത്തിന്‌ മാത്രം മൂല്യമുള്ളതും മാനവിതകയ്ക്ക്‌ വിലയില്ലാത്തതുമായ പാശ്ചാത്യ ജീവിത രീതിയോടുള്ള പ്രതിഷേധമാണെന്ന്‌ വരാം.
 ആത്മീയവും ഭൗതീകവുമായി കൊണ്ടെത്തിച്ചേക്കാവുന്ന വിപത്തുകളെപ്പറ്റിയുള്ള വേദനാജനകമായ മൂന്നാര്റിയിപ്പുകൾ അത്‌ നമുക്ക്‌ നൽകുന്നുണ്ട്‌. നിർവ്വികാരമാകുന്ന പുതിയ തലമുറകളെപ്പറ്റിയുള്ള ഉത്കണ്ഠ വൈലോപ്പിള്ളി ഒരു കവിതയിൽ പങ്കുവച്ചതു ഇവിടെ ഓർമ്മിച്ചുപോവുകയാണ്‌. അതുപോലെ വെട്ടിപ്പിടുത്തങ്ങളുടെ ഉത്മാദത്തിൽ വരാൻ പോകുന്ന നഷ്ടമാസങ്ങളെയും കഷ്ടരാത്രികളെപ്പറ്റിയും ആരും ഓർക്കാതിരിക്കുന്നതിലുള്ള ഖേദവും ക്ഷോഭവുമാണ്‌ മാത്യുവും പ്രകടിപ്പിക്കുന്നത്‌. ആധുനിക ലോകം രാവും പകളുമില്ലാത്ത കമ്പോളമായി മാറുമ്പോൾ തിരസ്കൃതമാകുന്നത്‌, നമുക്ക്‌ നമ്മെ തന്നെയാണല്ലോ. മൂലധനശക്തികളുടെ ഇച്ഛക്കനുസരിച്ച്‌ പഴയ കുഞ്ഞിരാമന്റെ കിഴവൻ കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന ഉപഭോക്തൃ സമൂഹത്തോടുള്ള രോഷവും സഹതാപവുംകൊണ്ടു കലുഷിതമാകുന്ന മറ്റൊരു സമരമുഖവും മാത്യുവിന്റെ രചനകളുടെ ലക്ഷ്യബോധത്തിലുണ്ട്‌. അതുകൊണ്ടാണ്‌ പടിയിറങ്ങിപ്പോകുന്ന പാരമ്പര്യമൂല്യങ്ങളെ ചൊല്ലി ഇയാൾ ഇത്രയും അസ്വസ്ഥനായിത്തീരുന്നത്‌. വാസ്തവത്തിൽ നമ്മുടെ വർത്തമാനകാല സാമൂഹ്യയാഥാർത്ഥ്യങ്ങൾ അത്യന്തം സ്ഫോടനാത്മകമാണെന്നും നമ്മുടെ നിലനിൽപ്പിന്റെ സീമകൾ ഏറ്റവും വേഗത്തിൽ തീർന്നുപോവുകയാണെന്നും ഈ എഴുത്തുകാരൻ തിരിച്ചറിയുകയാണ്‌. ശാലീനതകളോട്‌ പ്രണയാതുരമായൊരു ഗ്രാമീണ മനസ്സിന്റെ ശുദ്ധഗതിയിൽ നിന്നു വിരിയുന്ന നിർമ്മലഭാവങ്ങളുടെ രമണീയമായ പദവിന്യാസങ്ങൾ കേട്ടുകൊണ്ടിരിക്കാൻ ഈ എഴുത്തുകാരന്റെ മനസ്സ്‌ എപ്പോഴും തന്റെ വാഴക്കുളത്ത്‌ തന്നെ ചുറ്റിത്തിരിയുകയും ചെയ്യുന്നു. യാത്രികതയുടെ മഹാനഗരവിക്രീഡിതങ്ങളിൽപ്പെട്ടുപോകുമ്പോഴും സ്വയം നഷ്ടപ്പെടാതിരിക്കാൻ ഇത്‌ അയാളെ ഏറെ സഹായിക്കുന്നു. അതുകൊണ്ടാണ്‌ അമേരിക്കയുടെ വിചാരഗതികളുമായി നിരന്തരം ഇടപഴകുമ്പോഴും എന്റെ വാഴക്കുളത്തിന്റെ നിസ്സർഗ്ഗസുന്ദരമായ സ്പന്ദനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എനിക്കാവുന്നില്ലെന്ന്‌ നെല്ലിക്കുന്ന്‌ തന്റെ 'പത്മവ്യൂഹം' എന്ന നോവൽ സമാഹാരത്തിന്റെ മുഖക്കുറിപ്പിൽ പറയുന്നതും. അതുതന്നെയാണ്‌ പ്രവാസിയെ പുതുമഴ വീണ മണ്ണിന്റെ മണവുമായി അടുപ്പിച്ചു നിർത്തുന്ന പൊക്കിൾക്കൊടിയും.

No comments:

Post a Comment