ഇരവിന്റെ സാന്ദ്രമൗനങ്ങളിൽ
പുലരിയുറങ്ങുംപോലെ
മൃതിയുടെ ഇരുളിൻ കാമ്പിൽ
ജനിയുടെ കിരണം പോലെ,
മനസ്സിന്റെ കാണാപ്പുറങ്ങളിൽ
നീയുണർത്തും സ്മൃതികൾ
വേർപാടിൻ മരുവിലാകെ
ഉലയുന്ന കനൽക്കാറ്റിൽ
തനുവിന്റെ തെളിനീർ വറ്റി
പൊലിയുകയാണെൻ കവിത
ഏകയാണു ഞാൻ സഖേ
നീയുമങ്ങകലെയെങ്ങോ
തൂമഞ്ഞിൻ തൂവൽക്കൂട്ടിൽ
കാലം പുതച്ചുറങ്ങുന്നുവോ?
മൗനത്തിന്നഗാധഗർത്തത്തിൽ
വീണുചിതറിയവാക്കുകളിൽ
കരുതിയിരുന്നു ഞാൻ സന്ദേഹത്താൽ
പറയാതെപോയ സന്ദേശം
ഇന്ന്...
നിനക്കായ് ചീന്തിലയിൽ
ഒരു പിടിച്ചോറും എള്ളും
നിലയ്ക്കാത്ത കണ്ണീരിൽ
ഈറനായ് ഞാനും
എൻ അമരദുഃഖങ്ങളും
No comments:
Post a Comment