Sunday 5 June 2011

സാഹിത്യ ചിന്തകളുടെ രാജയോഗഗാംഭീര്യം



കെ.എസ്സ്‌. ചാർവ്വാകൻ
 എന്റെ മുഖം നിങ്ങളുടെ ധ്യാനത്തിൽ കണ്ടാൽ ആ മുഖം വെട്ടിമാറ്റണം എന്നുപറഞ്ഞ ബുദ്ധനിൽ നവീനാദ്വൈതമുണ്ട്‌. ഒരു നായയ്ക്ക്‌ ഭിക്ഷാപാത്രമില്ലാതെ ജീവിയ്ക്കാമെങ്കിൽ എനിയ്ക്കും ജീവിയ്ക്കാം എന്നു പ്രഖ്യാപിച്ച ഡയോജനീസിൽ നവീനാദ്വൈതമുണ്ട്‌. നിങ്ങൾ ഒരു ശിശുവാകാത്തിടത്തോളം എന്റെ പിന്നാലെ വരാൻ കഴിയില്ല എന്നു പ്രഖ്യാപിച്ച ക്രിസ്തുവിൽ നവീനാദ്വൈതമുണ്ട്‌. ദൈവത്തേയും ജാതികളേയും അട്ടിമറിച്ച ചാർവ്വാകനിൽ നവീനാദ്വൈതമുണ്ട്‌. എം.കെ.ഹരികുമാർ 'എന്റെ മാനിഫെസ്റ്റോ'യിൽ അവതരിപ്പിയ്ക്കുന്ന നവീനാദ്വൈതചിന്തകൾക്ക്‌ ഇവരുമായി രക്തജ്ഞാനമുണ്ടെന്ന്‌  ഞാൻ കരുതുന്നു.
 സാഹിത്യലോകത്തിന്റെ ആന്തരബാഹ്യ വൈരുദ്ധ്യങ്ങളെയും യുക്തിരാഹിത്യത്തേയും അടുത്തറിയാനുള്ള ശ്രമമാണ്‌ ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ നിർവ്വഹിക്കുന്നത്‌. ഈ നവീനാദ്വൈതത്തിന്‌ വ്യവസ്ഥാപിതചിന്തകളുമായി പുലബന്ധംപോലുമില്ല. മറിച്ച്‌ വ്യവസ്ഥാപിത ചിന്തകളെ ദർശനങ്ങളെ ചലനാത്മകമാക്കുകയാണ്‌. അങ്ങനെ നവീനാദ്വൈതം ആന്തരബാഹ്യലോകങ്ങളിൽ വെളിപാടുകളായി വരുന്നു. എം.കെ.ഹരികുമാറിന്റെ നവീനാദ്വൈതം സാഹിത്യലോകത്തിലെ നവചിന്തകളാണ്‌. സാഹിത്യവും സാഹിത്യചിന്തകളും നിശ്ചലമാകുമ്പോൾ സാഹിത്യചരിത്രം മൃതപ്രായമാകുന്നു. ആ മൃതപ്രായസാഹിത്യചരിത്രത്തെ എം.കെ.ഹരികുമാർ നവീനാദ്വൈതചിന്തകൾകൊണ്ട്‌ അട്ടിമറിക്കുന്നു.  ഈ ചിന്തകൾ സാഹിത്യസൗന്ദര്യ ജീർണ്ണതയ്ക്കു നേരെയുള്ള ബുദ്ധിയുടെ ധീരമായ ചുറ്റികയടികളാണ്‌.
 എന്റെ 'മാനിഫെസ്റ്റോ'യിൽ മൂന്നുഭാഗങ്ങളുണ്ട്‌. ആലോചന,മനനം,കാഴ്ച എന്നീ ത്രിനാമങ്ങളായി അവ അവതരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 ശാസ്ത്രത്തിന്റെ വൈവിദ്ധ്യത്തിൽ നിന്നും സാഹിത്യകലയുടെ യുക്തിരാഹിത്യത്തിൽ നിന്നും മതത്തിന്റെ തച്ചിൽനിന്നും ജീവിതത്തിന്റെ പിടിതരാത്ത വ്യാമോഹങ്ങളിൽ നിന്നും തത്ത്വചിന്തകളുടെ ഉൾക്കാഴ്ചയിൽ നിന്നും നവീനാദ്വൈതം മനസ്സും വപുസ്സും സ്വീകരിച്ച്‌ മലയാളസാഹിത്യലോകത്തിൽ  ഒരു പുതിയ ആകാശം തേടുകയാണ്‌. ഇത്‌ കലയിലെ ക്ലോണിംഗ്‌ ആണെന്നു ഞാൻ കരുതുന്നു. എഴുത്തുകാരന്റെ ഫിസിക്സറിയൊനുള്ള ഗ്രന്ഥകാരന്റെ ഉൾക്കാഴ്ച ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌. എം.കെ.ഹരികുമാർ ശാസ്ത്രത്തിൽ നിന്ന്‌ സാഹിത്യകലയുടെ നിരന്തരമായ ലോകത്തിലേക്ക്‌ പായുകയാണ്‌.
 ഈ എഴുത്തുകാരൻ സാഹിത്യകലയെ ചിന്തകളെ നവീനാദ്വൈതത്തവും സംബന്ധിപ്പിയ്ക്കുന്നു. ജലാത്മകതയുടെ ആന്തരസ്ഥിതിരാഹിത്യം ചലനമായി മാറുന്ന ആ നിരീക്ഷണം രചനയുടെ ചലനാത്മകത തന്നെ. കലാചിന്തകളെ ഒരു നല്ല എഴുത്തുകാരൻ ചലനാത്മകമാക്കുന്നു. തന്റെ തന്നെ അഹത്തിലെ ജ്ഞാനഖനികളെ പുറത്തെറിഞ്ഞ്‌ വീണ്ടും ശൂന്യതകൾ കാന്തിയുടെ ജ്ഞാനാക്ഷരങ്ങളെ വിളയിക്കുന്ന രചനയുടെ ധ്യാനമാണിത്‌. ഈ രചനാധ്യാനത്തിന്‌ മതവുമായി ബന്ധമില്ല. ഇവിടെ നിരീക്ഷണമെന്ന അനുഷ്ഠാനം നിലനിൽക്കുന്ന വ്യവസ്ഥകളെ അട്ടിമറിയ്ക്കുകയാണ്‌. അങ്ങനെ നല്ല എഴുത്തുകാരന്റെ രചനാധ്യാനം ചലനാത്മകമായി പുതിയ കലാസംസാരത്തെ വിരിച്ചിടുന്നു. അങ്ങനെ അയാൾ കലാസംസാരത്തിലെ പ്രജാപതിയാകുന്നു.
 സാഹിത്യകലയുടെ ചരിത്രത്തിന്‌ സദാപരിണമിയ്ക്കുന്ന ചിന്തകളുടെ ലോകത്തെ പ്രദർശിപ്പിക്കേണ്ടതുണ്ട്‌. മറിച്ച്‌ സാഹിത്യകല പരിണാമങ്ങൾക്ക്‌ വിധേയമാകാതിരിയ്ക്കുമ്പോൾ ആശയങ്ങളുടെ പിറവി അസാദ്ധ്യമായിത്തീരുന്നു. ബീയിംഗും ബിക്കമിംഗും ഇരുതലങ്ങളെയാണ്‌ കാണിയ്ക്കുന്നത്‌. ബിക്കമിംഗിലൂടെ കലാകാരൻ സ്വതന്ത്രനായിത്തീരുന്നു. എഴുത്തുകാരന്റെ ഈ സ്വാതന്ത്ര്യം അയാളുടെ നല്ല സൃഷ്ടിക്കുള്ള പ്രേരണയാകുന്നു.
 എം.കെ.ഹരികുമാർ നവീനാദ്വൈതത്തിന്റെ ആശയപ്പുരയെ പഴമയുടെ അടിത്തറയിൽ പടുത്തുകെടുന്നില്ല. നിത്യപരിണാമങ്ങളുടെ തന്നെ ലോകത്തിൽ നിന്നും കലാചിന്തകളെ സ്ഫുടം ചെയ്തെടുക്കുകയാണ്‌.
 'സ്വയം നിരാസ'ത്തെ കലാപരമാക്കി മാറ്റുന്ന എം.കെ.ഹരികുമാർ 'ആശയങ്ങളുടെ ശൂന്യത'യിൽ സൗന്ദര്യത്തിന്റെ മഹാമുദ്രകൾ ദർശിക്കുന്നുണ്ട്‌. ഇത്‌ കലയുടെ ആത്മീയതയാണ്‌. പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ നിഗോ‍ൂഢതയിലേയ്ക്ക്‌ ത്രിക്കണ്ണെറിഞ്ഞ്‌ അദൃശ്യതയിലെ ദൃശ്യത നിരീക്ഷിയ്ക്കുകയാണ്‌.
 'സൗന്ദര്യത്തിന്റെ എഞ്ചിനിയറിംഗും' 'ജലാത്മകതയും' സാഹിത്യകലയുടെ സ്ഥിതിരാഹിത്യത്തെ കാണിയ്ക്കുന്നു. 'വാക്യങ്ങൾ' ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങളെ സുവ്യക്തമാക്കുന്നു. സദാജാഗ്രത്തിലിരിയ്ക്കുന്ന ഒരു ചിന്തകന്റെ ബോധസൗന്ദര്യത്തെ 'വാക്യ'ങ്ങൾ അടയാളപ്പെടുത്തുന്നു.
 ചിലപ്പോൾ മായ എന്റെ തോളിലേറുന്നെന്നും, ചിലപ്പോൾ ഞാൻ മായയുടെ തോളിലേറുന്നെന്നും എഴുതിയ മഹാദേവി അക്കന്റെ വിശുദ്ധിയുടെ അനുഭൂതി എം.കെ.ഹരികുമാറിന്റെ നവീനാദ്വൈതത്തിലുണ്ടെന്ന്‌ ഞാൻ കരുതുന്നു. ഈ നിമിഷത്തിന്റെ നിമിഷത്തിലെ വർത്തമാനംപോലും മാറുന്ന ഘട്ടത്തിൽ എഴുത്തുകാരൻ എന്താണ്‌ സ്വീകരിയ്ക്കുകയെന്ന ദുരന്തബോധവും, താൻ സ്വീകരിച്ചവാക്കുകളുടെ അർത്ഥശൂന്യതയും, തന്നിൽ നിന്ന്‌ വിട്ടുപോകുന്ന രചനയുടെ അടയാളങ്ങളും, ഉത്തര-ഉത്തരാധുനികതയ്ക്കുമപ്പുറമുള്ള സാഹിത്യസംസാരത്തെ ധ്യാനിച്ചെടുക്കുവാനുള്ള അഭിവാഞ്ചയും ചേർന്നൊരുക്കുന്ന ഒരു ആന്തരമായ അരക്കില്ലത്തെ തന്നെയാണ്‌ എം.കെ.ഹരികുമാർ അവതരിപ്പിയ്ക്കുന്നത്‌. ഈ ചിന്തയുടെ അരക്കില്ലം മലയാള സാഹിത്യകലയിൽ വേറിട്ടു നിൽക്കുന്നു. ഈ നവീനാദ്വൈത ദർശനം സാഹിത്യചിന്തകളുടെ രാജയോഗ ഗാംഭീര്യമാണ്‌.

No comments:

Post a Comment