Wednesday 4 May 2011

വഴിവെട്ടം


പ്രഭാവർമ്മ
പൊരുതിവീണോരു ധീരചൈതന്യമേ
പൊലിയുകില്ല നിൻ നിർഭയത്വത്തിന്റെ
രുധിരശോണപ്രകാശം; കിരാതമാം
അധിനിവേശത്തൊടേറ്റുമുട്ടുന്നിട-
ത്തെവിടെയും കരുത്തിന്നൂര്ർജ്ജമായ്‌, ദീപ-
ശിഖകളായ്‌ ജ്വലിച്ചെത്തുമേക്കാളവും!

കഴുമരത്തിന്റെ കീഴിലും സൂര്യനായ്‌
തല,യുയർത്തിപ്പിടിച്ച നേതൃത്വമേ
കുനിയുകില്ലാ ശിരസ്സു സാമ്രാജ്യത്വ-
കുടിലതന്ത്രങ്ങളെച്ചെറുക്കും നൂറു
പടനിലങ്ങളിൽ ആത്മാഭിമാനമായ്‌
നിണപതാകയായ്‌ നാളെത്തെളിഞ്ഞിടും!

കൊടിയ പീഡനത്തിന്റെ കാരാഗൃഹ-
ത്തടവു തീരുന്നു; കാരിരുമ്പിന്റെ കാൽ-
ത്തുടലു പൊട്ടുന്നു; നീ എന്തിനുംമേലെ
ജ്വലിതസൂര്യനായ്‌ നിൽക്കുന്നു;ദുർമ്മദ-
ക്കുരുതിമേഘക്കറുപ്പിന്നു മായ്ക്കുവാ-
നരുതു നിന്റെ ധീരോദാത്തപൈതൃകം!
ചതിയിലെല്ലാമൊടുക്കുന്ന സാമ്രാജ്യ-
ദുരയെ നേരിടും നാടിന്റെ യൗവനം
ഒടുവിലത്തെ നിൻ ശ്വാസവേഗംകൊണ്ടു
നെടിയ പോരിന്റെ കരവാളു തീർത്തിടും!
മിഴിയിൽ മിന്നിപ്പോളിഞ്ഞ വെട്ടത്തിൽനി-
ന്നുദയസൂര്യനെ ഊതിത്തെളിച്ചിടും!
പുതിയ കാവലാളായി നീ വാഴ്‌വിന്റെ
വഴികൾ തോറും വെളിച്ചം വിതച്ചിടും!

2 comments:

  1. കൊടിയ പീഡനത്തിന്റെ കാരാഗൃഹ-
    ത്തടവു തീരുന്നു; കാരിരുമ്പിന്റെ കാൽ-
    ത്തുടലു പൊട്ടുന്നു; നീ എന്തിനുംമേലെ
    ജ്വലിതസൂര്യനായ്‌ നിൽക്കുന്നു;ദുർമ്മദ-
    ക്കുരുതിമേഘക്കറുപ്പിന്നു മായ്ക്കുവാ-
    നരുതു നിന്റെ ധീരോദാത്തപൈതൃകം!

    ReplyDelete
  2. പുതിയ കാവലാളായി നീ വാഴ്‌വിന്റെ
    വഴികൾ തോറും വെളിച്ചം വിതച്ചിടും!

    അധിനിവേശത്തിനെതിരെ വാക്കിന്റെ വാള്‍
    മുനതറയ്ക്കുന്ന വരികള്‍ക്കു നന്ദി

    ReplyDelete