Wednesday, 4 May 2011

പറന്നു പറന്ന്‌


ദേവേന്ദു ദാസ്

"വാ തുറക്ക്‌ മോളൂ..."
ഇനി കഥ പറയൂ പപ്പാ... അപ്പോ വാ തുറക്കാം.
"കഥ തീർന്നില്ലേ മോളൂ... എന്നിട്ടും ചോറുതീർന്നില്ലേ."
എന്നും പപ്പാ കഥ പറഞ്ഞാലേ മോളു ചോറുണ്ണൂ. കണ്ണുനീർപൈങ്കിളിയുടേയും കഥകഥപ്പൈങ്കിളിയുടേയും കഥ പറഞ്ഞുതീർത്തതേയുണ്ടായിരുന്നുള്ളൂ പപ്പ.
പപ്പാ, മോക്ക്‌ വേറെ കഥ കേക്കണം.
ആമേടം മുയലിന്റേം റേസ്‌ മതിയോ?
അതുവേണ്ട. അത്‌ മോക്കറിയാം. മോക്കറിയാത്ത കഥ വേണം"
പപ്പ അറിയാവുന്ന കഥകളുടെ പട്ടിക നിരത്തി. മോൾക്ക്‌ അതൊന്നും കേൾക്കണ്ടായിരുന്നു.
അങ്ങനെയാണ്‌ പപ്പാ മോളോട്‌ ആ കഥ പറഞ്ഞത്‌: മോള്‌ ഇന്നും ഓർക്കുന്ന ഒരു കഥ. ഇന്നും എന്നു പറയുമ്പോൾ മോൾക്ക്‌ ഇന്ന്‌ ഇരുപത്തിമൂന്ന്‌ വയസ്സ്‌.
നന്ദിനി എന്നു പേരുള്ള, പപ്പായുടെ മോളൂന്റെ സങ്കൽപങ്ങളും വളർന്നു. ശരിക്കും വളർന്നോ?
ചിലപ്പോൾ തോന്നും ചെറുപ്പത്തിലെ മോളൂന്‌ സങ്കൽപങ്ങൾ ഏറെയായിരുന്നു. അന്നും മോളു പലതും ഓർത്താണ്‌ സമയം കളഞ്ഞിരുന്നത്‌. അന്നും മോളു കഥകേട്ട്‌ വേദനിച്ചിരുന്നു. വളരെനേരം അവയെക്കുറിച്ച്‌ ഓർത്തിരിക്കുമായിരുന്നു. സമപ്രായക്കാരായ കുട്ടികൾ മിഠായിക്കും ബിസ്ക്കറ്റിനുംവേണ്ടി വഴക്കുകൂടുമ്പോൾ മോളൂന്‌ അതൊന്നും അന്നു വേണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ മോളൂന്‌ ബിസ്ക്കറ്റ്‌ ഇഷ്ടമാണ്‌. മിഠായി ഇഷ്ടമാണ്‌. മോളൂനെന്നും പ്രായവും കാലവും വിധിക്കുന്നതിനെതിരായ ഇഷ്ടമാണുണ്ടായിരുന്നത്‌.
പപ്പ പറഞ്ഞു.
ദിനേശങ്കിളിന്റെ കഥ.
പപ്പ സത്യം പറഞ്ഞതാണോ പുളുക്കഥ പറഞ്ഞതാണോ?
എന്തായാലും മോളു കേട്ടിരുന്നു.
ഇടയ്ക്കിടയ്ക്ക്‌ പപ്പ തരുന്ന ഉരുളയ്ക്ക്‌ വാ തുറക്കും. മൂളും. കുഞ്ഞിത്തലയാട്ടും.
ഇന്നലെ ഉദയനെ കണ്ടപ്പോൾ വീണ്ടും മോളു എന്ന നന്ദിനിയുടെ മനസ്സ്‌ ഓർമ്മയുടെ തെളിനീരിൽ മുങ്ങാനിറങ്ങി. ഇപ്പോൾ ആ കഥയോർക്കുമ്പോൾ ദിനേശങ്കിളിന്റെ മുഖം ഉദയന്റെ മുഖമാകുന്നു.
ഓർമ്മയിൽ അങ്ങനെ എന്തെല്ലാം സംഭവിക്കുന്നു. ഉദയന്റെ നീണ്ട മൂക്കും തെളിഞ്ഞ നോട്ടവും ചുരുണ്ട മുടിയുമുള്ള ദിനേശങ്കിൾ.
ദിനേശങ്കിൾ നടക്കുന്നു. ഒരു പ്ലാറ്റ്ഫോറം. എയർഫോഴ്സിൽ ടെക്നിക്കൽ ട്രേഡിലേതാ ദിനേശങ്കിൾ. മുടി പറ്റെവെട്ടി, ക്യാപ്‌ വെച്ച്‌, നല്ല ഉയരം, ഒത്തത്തടി...
പപ്പ പറഞ്ഞതോ പറയാത്തതോ.
മോളൂന്റെ സങ്കൽപത്തിലേക്ക്‌ കുടിയേറിയ ദിനേശങ്കിൾ ഇങ്ങനെ. സ്ഥലം പഞ്ചാബ്‌. ദൂരെ കേരളത്തിൽ ഇടതൂർന്ന മുടിയുള്ള, മധുരമായി ചിരിക്കുന്ന അല്ലി. വിവാഹം ഉറപ്പിച്ച്‌ അവധിയിലേക്കുള്ള കാത്തിരിപ്പ്‌.
നീലാകാശം ദിനേശങ്കിളിന്റെ മോഹമായിരുന്നു.
അവിടേയ്ക്ക്‌ ഒരു പക്ഷിയായി പറക്കാൻ... പറക്കാൻ മോഹിച്ച ദിനേശങ്കിൾ. പറന്നുപറന്ന്‌ ഭാരമില്ലാത്ത കാറ്റിൽ ഒഴുകിയൊഴുകി നടക്കാൻ, പക്ഷിയാകാൻ, കാർമേഘമാകാൻ. കാറ്റിലൂടെ ഒഴുകാൻ.
എയർഫോഴ്സിൽ ടെക്നിക്കൽ ഗ്രേഡിൽ ദിനേശങ്കിൾ. വിമാനത്തിൽ കയറാം, റിപ്പയറിംഗ്‌ നടത്താം. പക്ഷേ, പറപ്പിക്കാൻ അവകാശമില്ലത്രെ.
ഇന്നലെ കണ്ടു ഉദയനെ.
ക്ലീൻഷേവ്‌ ചെയ്ത മുഖം.
തെളിഞ്ഞ നോട്ടം.
കേൾക്കാൻ സുഖമുള്ള ശബ്ദം.
"നന്ദിനിയ്ക്കിഷ്ടമുള്ളത്‌ എന്താ?"
വായിക്കുന്നതാ ഇഷ്ടം.
എന്താ ഇഷ്ടം?" പരുങ്ങലോടെ ചോദിച്ചു.
പറക്കണം, അതാ എന്റെയൊരു മോഹം. ഒരു പക്ഷിയെപ്പോലെ."
പെണ്ണുകാണൽ ചടങ്ങിന്റെ ഔപചാരികത മറന്നപോലെ ഉദയൻ.
പോകുമ്പോൾ ഷൂസിനുള്ളിൽ കാൽപാദം കയറ്റുന്ന ഉദയനെ ദൂരെനിന്ന്‌ നോക്കി. തന്റേതെന്ന്‌ തോന്നി. തന്റേത്‌ മാത്രമായവയോട്‌ തോന്നുന്ന സ്നേഹം തോന്നി.
തെളിഞ്ഞ ആകാശത്തിൽ ദൃഷ്ടിയുറപ്പിച്ചു. വെളുത്ത മേഘങ്ങൾ മെല്ലെ പറന്നുകളിക്കുന്നു. കറുത്ത പക്ഷികൾ മേഘങ്ങളുടെ ഘനമില്ലായ്മയിൽകൂടി ചിറക്‌ വീശുന്നു.
ആഞ്ഞാഞ്ഞ്‌ വീശുന്നു.
ദിനേശങ്കിൾ പറക്കുന്നു. പറക്കുന്നു...വിമാനം ആകാശം തുളഞ്ഞുകയറി പോകുന്നു. ഭാരമില്ലാത്ത ബലൂൺപോലെ...അല്ലി; അവളുടെ സുഗന്ധമുള്ള മുടി മുഖത്തേക്ക്‌ വീഴുന്നു. ആകെ ഒരു മൂടൽ. ഒന്നും കാണാൻ വയ്യ. ഒന്നും ചെയ്യാൻ അറിയില്ല. പേപ്പർകഷണങ്ങളിലെ തിയറി ഓർമ്മയിൽ വരുന്നില്ല. ദിനേശങ്കിൾ വെറും ടെക്നിഷ്യൻ. പെയിലറ്റല്ല. പറപ്പിക്കാൻ പ്രായോഗികപരിശീലനമില്ല. പറഞ്ഞുള്ള അറിവ്‌. വായിച്ചുള്ള അറിവ്‌... ഹരംകയറി പറത്തി. ഇപ്പോൾ താഴെയിറക്കാൻ അറിയില്ല.
 "എന്നിട്ട്‌ ദിനേശങ്കിൾ എന്തുചെയ്തു പപ്പാ...എന്നിട്ട്‌ എന്തുചെയ്തു പപ്പാ...?
ഉരുട്ടിപ്പിടിച്ച ഉരുളയുമായി പപ്പാ.
മോളു വാ തുറക്കുന്നില്ല. കിടന്നു കിണുങ്ങുവാ.
"ദിനേശങ്കിൾ ഇനി എങ്ങനെ താഴെയെത്തും പപ്പാ?"
മോൾക്ക്‌ സങ്കടം സഹിക്കാൻമേല.
മോളൂനിനി തൈരുകൂട്ടിയ ഉരുള...
കുഞ്ഞുനെഞ്ച്‌ വിങ്ങിപ്പൊട്ടുവാ. എങ്ങനെയെങ്കിലും ദിനേശങ്കിളിനെ താഴെയിറക്കണം. അല്ലിചേച്ചി കാത്തിരിക്കുവാ. പാവം.
ദിനേശങ്കിളിനെ പഠിപ്പിച്ചുകൊടുത്തുകൂടെ പപ്പാ.
"കൺട്രോൾർറൂമിൽ നിന്ന്‌ പറയുന്നുണ്ട്‌. പക്ഷേ, ദിനേശങ്കിളിന്‌ പരിഭ്രമം കാരണം മനസ്സിലാകുന്നില്ല. ഒന്നും ചെയ്യാൻ പറ്റുന്നില്ല."
ദിനേശങ്കിൾ പറന്നോണ്ടേ ഇരുന്നു. പറന്നോണ്ടേ ഇരുന്നു.
"അങ്ങനെ എത്രനേരം പറക്കാം പപ്പാ?"
ഇന്ധനം തീരുന്നതുവരെ.
എന്നിട്ടെന്തുപറ്റി പപ്പാ?
ദിനേശങ്കിൾ മരിച്ചു
വിമാനം താഴെ വീണോ?
കടലിൽ വീണു.
മോളൂന്‌ സഹിക്കാൻമേല. മോളു കൊച്ചുകണ്ണുകൾ വട്ടംപിടിച്ച്‌ പപ്പയുടെ തുടയിലിരുന്നു തുള്ളി.
പറ്റില്ല പപ്പാ, ദിനേശങ്കിളിനെ രക്ഷിക്ക്‌..."
പപ്പ എന്തുചെയ്യാനാ മോളൂ...
വർഷങ്ങൾ കഴിഞ്ഞിട്ടും മോളൂന്റെ മനസ്സിൽ നേർത്ത പാടപോലെ ആ നൊമ്പരം.
വളർച്ചയുടെ ഏതൊക്കെയോ ഘട്ടത്തിൽ പപ്പയോട്‌ ചോദിച്ചു:
"പപ്പ പണ്ടു പറഞ്ഞ ദിനേശങ്കിളിന്റെ കഥ സത്യമാണോ?"
പപ്പ നിശബ്ദനായി ചിരിക്കും.
പപ്പാ, പാരച്യൂട്ടിൽ ചാടരുതായിരുന്നോ?
അറിയില്ല.
പപ്പ ആ കഥ മറന്നമട്ടിൽ
പപ്പ അന്നൊരിക്കൽ മാത്രമേ ആ കഥ പറഞ്ഞിട്ടുള്ളൂ. താൻ അതിലെ സത്യത്തിന്റെയും അസത്യത്തിന്റെയും അംശങ്ങൾ വേർതിരിച്ചറിയാൻ എത്രതന്നെ ശ്രമിച്ചിട്ടും നടന്നില്ല.
പപ്പ പണ്ടേ ഒരുപാട്‌ കള്ളംപറയും.
ഒരുപാട്‌ ഭാവനയുണ്ട്‌.
അതുപോലെയൊന്ന്‌.
പക്ഷേ, വ്യവച്ഛേദിച്ചറിയാൻ കഴിയാത്ത, ഒരു വിങ്ങുന്ന വികാരം അത്‌ അന്നേ തന്റെയുള്ളിൽ കോരിയിട്ടു.
തന്റേതെന്ന തോന്നലോടെ ഉദയൻ.
ചായക്കപ്പു നീട്ടിയപ്പോൾ വിരൽ സ്പർശിച്ചോ?
അതിലെന്തിരിക്കുന്നു. മനസ്സിലേക്ക്‌ നീട്ടിത്തൊട്ടില്ലേ.
ദിനേശങ്കിൾ പറക്കുന്നു.
ഉദയൻ പറക്കുന്നു.
"മോളൂ, ഊണുകഴിക്കാൻ വാ."
കഥകളില്ലാത്ത ഊണിനായി അവൾ എഴുന്നേൽക്കുന്നു.

No comments:

Post a Comment