Sunday, 1 May 2011

ഒരേ ഒരു ലക്ഷ്യം നിയമസഭ'


  1. കെ.ജി.ഉണ്ണികൃഷ്ണൻ
 തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്‌ സീറ്റുംവിജയവും ഭരണവും ഉറപ്പിക്കാനുള്ള ചെറുതുംവലുതുമായ പാർട്ടികളുടെയും പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകളുടെയും ഈർക്കിൽ പാർട്ടികളുടെയും ഇതിനകത്തെല്ലാമുള്ള അധികാരാർത്തിപ്പണ്ടാരങ്ങളുടെയും ചരടുവലികളും പിളർക്കലും ലയനവും കൂടുവിട്ടുകൂടുമാറലും, സ്ഥാനാർത്ഥിനിർണ്ണയ ചർച്ചകളും പത്രിക സമർപ്പിക്കലുമെത്തിയപ്പോൾ ചെറുപടക്കങ്ങളിൽ തുടങ്ങി കൂട്ടവെടിപൊട്ടിക്കുന്ന ഉത്സവപ്പരിപാടികളുടെ ചേലിലായി.
നിയമസഭയിൽ ഒരു സീറ്റെങ്കിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തർട്ട്‌ രാഷ്ട്രീയം എന്ന മട്ടിലാണ്‌ എല്ലാവരുടെയും പ്രവർത്തനം. ഭരണം ഇത്തവണ യു.ഡി.എഫിനാകുമെന്ന തോന്നലിൽ വിമാനപ്രശസ്തനായ മുൻ മന്ത്രി അച്ചായനാണ്‌ ലയനവുമായി പരിപാടി തുടങ്ങിവച്ചതു. അതിനു മുൻപു തന്നെ അലിയും കുട്ടിയും മനോജുമെല്ലാം കൂടുവിട്ടുകൂടുമാറ്റം നടപ്പാക്കിത്തുടങ്ങിയിരുന്നു.

ഒരു സീറ്റിനു വേണ്ടി എന്തെല്ലാം കളികളാണ്‌ ഓരോരുത്തരും നമ്മെ ലജ്ജിപ്പിച്ചുകൊണ്ടുകളിക്കുന്നത്‌.?
 ഒരേഒരുലക്ഷ്യം, 'നിയമസഭ' എന്നതാണത്രെ പുതിയ മുദ്രാവാക്യം. സീറ്റുകിട്ടിയില്ലെങ്കിൽ തങ്ങളുടെ സഭാ നേതാക്കളെക്കൊണ്ടോ, സമുദായ നേതാക്കളെക്കൊണ്ടോ, തങ്ങൾക്കുവേണ്ടി പ്രസ്താവനയിറക്കുകയാണ്‌ ഒരു രീതി. മണ്ഡലത്തിലെ ജാതിക്കാരിൽ തന്റെ ജാതിക്കാർക്കാണ്‌ ഭൂരിപക്ഷം എന്നു സ്ഥാപിക്കുവാൻ ഇടതുവലതുഭേദമെന്യേ സ്ഥാനാർത്ഥിമോഹികൾ രംഗത്തുവരുന്നു.

ചെങ്ങന്നൂർ എന്റെ മണ്ണാണ്‌" എന്നു പറഞ്ഞ്‌ പഴയ വ്യാജരേഖവനിതാ റിബലാകാൻ നോക്കി പിന്മാറിയപ്പോൾ കോട്ടയം അമ്മയുടെ മണ്ണാണെന്ന്‌ വയലാർവികാരവുമായി മറ്റൊരുവൾ. വേറെ ഒരുത്തിയാകട്ടെ സീമയ്ക്കുരാജ്യസഭാ സീറ്റുകൊടുത്തപ്പോൾ തുടങ്ങിയ വിങ്ങിപ്പൊട്ടൽ ഇത്തവണ ചാവേറായിപ്പോലും സീറ്റില്ലെന്നറിഞ്ഞപ്പോൾ പൊട്ടിക്കരയാനായി പഴയ എതിരാളി കുഞ്ഞൂഞ്ഞിന്‌ മൂന്നുരൂപ നൽകി മെമ്പർഷിപ്പുവാങ്ങി  പരിഹാസ്യയായി. ഇതിലും പരിഹാസ്യനായത്‌ പൂഞ്ഞാറിന്റെ അവകാശിയായ മുൻ ഐ.എ.എസ്സുകാരന്റെ കാവിയുടുക്കലാണ്‌. മുസ്തഫാച്ചേട്ടനാകട്ടെ, സീറ്റില്ലെന്നുറപ്പായപ്പോൾ ഒരു റെബലായി അപ്പുറത്തെ പൈന്തുണതേടാനാണോ എന്നറിയില്ല, നേതാവിനെതിരെ സത്യവാങ്ങ്മൂലത്തിനും തയ്യാറായി. എനിക്കു 89 ആയില്ല, 87 ആയിട്ടേയുള്ളു എന്നു മുഖ്യനും 90 കഴിഞ്ഞ പഴയ വിപ്ലവകാരിയും മത്സരിക്കുമ്പോൾ ഒരങ്കത്തിനുകൂടി ബാല്യമുണ്ടെണ്ണമോഹം പൊലിഞ്ഞു.


 ഇതിനെക്കാളൊക്കെ കഷ്ടം അടുത്തവീട്ടിൽ ഒളിഞ്ഞു നോക്കി, ഭർത്താവിനോടു വഴക്കിടുന്ന ഭാര്യയെ സ്വന്തം വീട്ടിലേയ്ക്കു വിളിക്കുന്ന അവിഹിതക്കാരെ വെല്ലുന്ന തൊലിക്കട്ടിയോടെ പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ തഴഞ്ഞ്‌, കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങുന്ന മുഖ്യമുന്നണികളുടെ മനോഭാവമാണ്‌. ജയാഡോളിയും ജോർജ്ജ്മാത്യുവുംപോലെയുള്ളവർക്കു പൈന്തുണപ്രഖ്യാപിക്കുന്നവർ കാര്യം കഴിഞ്ഞാൽ കരിവേപ്പിലയാകുമെന്നൊന്നും ഓർക്കാറില്ല. അങ്ങിനെ പണ്ടുചാടിയ ചെറിയാൻ ഫിലിപ്പ്‌ ഇത്തവണയും രക്ഷപ്പെടുന്നകാര്യം 'ക്ഷ' പ്രയാസമാണെന്നുവേണം പറയാൻ. പണ്ടുകരഞ്ഞ ശരത്ചന്ദ്രപ്രസാദിനിപ്പോൾ കണ്ണീരുപോലുമില്ലെന്നു തോന്നുന്നു. 140 സീറ്റിനുവേണ്ടി അതിന്റെ പത്തിരട്ടി രാഷ്ട്രീയഭിക്ഷാംദേഹികൾ ഓരോ പാർട്ടിയിലുമുള്ളപ്പോൾ ചിലർക്ക്‌ ശ്രീശാന്തിന്റെ അവസ്ഥ ഓർമ്മവരും.

എങ്ങനെയെങ്കിലും സ്ഥാനാർത്ഥിയാകണമെന്നും, ഒരിക്കൽ ജയിച്ചാൽ ആ മണ്ഡലം ആജീവനാന്തം കുത്തകയാക്കണമെന്നും അങ്ങനെ കുത്തകയായാൽ കാലശേഷം ഭാര്യയ്ക്കോ മക്കൾക്കോ ആയി എഴുതിവയ്പിക്കണമെന്നുമുള്ള ചിന്താഗതി മാത്രമായി അധഃപതിച്ചിരിക്കുന്ന നമ്മുടെ ജനാധിപത്യം കുറഞ്ഞപക്ഷം, സ്ഥാനമോഹികളായി കൂടുമാറുന്നവരെ സ്വീകരിക്കില്ലെന്നു രണ്ടുമുന്നണികളും ധാരണയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment