Wednesday 4 May 2011

ഭ്രമം


ഇസ്മയിൽ മേലടി
മരുഭൂമിയിൽ
പെരുമ്പറ മുഴങ്ങുന്നു
ചത്തമോഹങ്ങളുടെ
മറുപ്പച്ചയിൽ
ഒട്ടകത്തിന്‌
കുടിനീര്‌ കിട്ടുന്നു
കുറ്റിക്കാട്ടിൽ
ആർക്കോ വേണ്ടി
കിനിയുന്ന മധുരവുംപേറി
പനിനീർപ്പൂ
വിടർന്നുപരിലസിക്കുന്നു
വിജനവനത്തിന്റെ
ഉള്ളിന്റെയുള്ളിൽ
അസുലഭഭാഗ്യമായ്‌
പെട്ടെന്നുയരുന്നു
വെട്ടിത്തിളങ്ങുന്നകൊട്ടാരം
പാമ്പ്‌ മകിടിയൂതുന്നു
ജനം ആടിക്കുഴയുന്നു
ആട്ടം മൂക്കുന്നു
ലോകം കറങ്ങുന്നു
ആട്ടത്തിനൊടുവിൽ
ജനം പാമ്പിനെക്കടിക്കുന്നു
അമ്പരപ്പടക്കാൻ കഴിയാതെ
ഞാൻ പെരുവഴിയിലിറങ്ങുന്നു
ആനന്ദവേരുതേടിയലയുന്നു
കല്ലുംമുള്ളും ചവിട്ടുന്നു
മലയും നദിയും താങ്ങുന്നു
മറുപ്പച്ചയിൽ നീരില്ല
പനിനീരും കൊട്ടാരവും കണ്ടില്ല
പെരുമ്പറയും കേട്ടില്ല
സർപ്പം എന്റെ തലയ്ക്കകത്തേക്ക്‌
ഇഴഞ്ഞു കയറുന്നു
അതിനു കൊടുക്കാൻ
എന്റെ കയ്യിൽ
മകിടിയില്ലല്ലോ
ആടിത്തിമർക്കാൻ
എനിക്കു ചുറ്റും
ജനമില്ലല്ലോ.

No comments:

Post a Comment