Wednesday, 4 May 2011

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...



അനൂപ് കിളിമാനൂർ


വോ, ഈ എന്‍ഡോസള്‍ഫാനോക്കെ അങ്ങു വടക്ക് കാസര്‍ഗോഡും കണ്ണൂരുമോക്കെയല്ലേ, അതിനു നമുക്കെന്താ എന്ന് ചിന്തിക്കുന്ന ആരേലും ഉണ്ടേല്‍ അവരുടെ ശ്രദ്ധക്ക്. ഈ എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകത്തിലുമൊക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിരോധിച്ചിട്ടില്ല. അവിടെ ഇപ്പോഴും ഇതു ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറിയില്‍ കൂടിയ പങ്കും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നതെന്നറിയാമല്ലോ. ഈ പച്ചക്കറികളില്‍ എന്‍ഡോസള്‍ഫാന്‍ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പച്ചക്കറിയില്‍ ഈച്ചയും പ്രാണികളും മറ്റും വന്നിരിക്കാതിരിക്കുന്നതിനായി അവിടത്തെ കച്ചവടക്കാര്‍ ഇതു പച്ചക്കറിയില്‍ തളിക്കുന്ന പതിവും ഉണ്ടത്രേ. ഇതങ്ങട് തളിച്ചാല്‍ ഈച്ചയും പൂച്ചയുമോന്നും ഏഴയലത്ത് വരില്ല എന്നവര്‍ക്കറിയാം. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ചു അവര്‍ ബോധവാന്മാരല്ല എന്നതിനാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. എന്‍ഡോസള്‍ഫാന്‍ അകത്തു ചെന്നാല്‍ പെട്ടെന്ന് നമുക്കൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ കാലാന്തരത്തില്‍ നമുക്കും വരും തലമുറക്കും വന്‍ദോഷങ്ങളാണ് ഈ വിഷം ഉണ്ടാക്കുക. മാരക രോഗങ്ങള്‍ക്ക് ഇതു കാരണമാകും. ഇതുമൂലമുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ കരളലിയിക്കുന്ന കാഴ്ചകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഭോപാല്‍ ദുരന്തത്തെയും കവച്ചു വെക്കുന്ന വന്‍ ദുരന്തമാകും നമ്മളെ കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. മിക്ക ലോകരാഷ്ട്രങ്ങളും ഇതു നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതു നിരോധിക്കുന്നതിനുള്ള പ്രധാന തടസ്സം കേന്ദ്രഗവണ്മെന്റിന്റെ നിലപാടാണ്.


വിജയ്‌ മല്യയും മറ്റുമാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിമാര്‍. ഈ രാജ്യത്തെ ജനങ്ങളുടെ താല്പര്യമാണോ അതോ ഈ വന്‍ പണച്ചാക്കുകളുടെ താല്പര്യമാണോ കേന്ദ്രഗവണ്മെന്റിനു പ്രധാനം എന്നുള്ളതാണ് പ്രശ്നം. ആസിയാന്‍ കരാറിന്‍റെ കാര്യത്തിലും ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലും ഭോപാല്‍ ദുരന്തത്തിന്റെ കാര്യത്തിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് അവരുടെ താല്പര്യം എന്താണെന്ന് വെളിവാക്കുന്നുണ്ടല്ലോ. എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ കുത്തകകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞാനീ പറയുന്നത് രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല; മറിച്ച് തീര്‍ത്തും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. കീടനാശിനികളെയും മറ്റും സംബന്ധിച്ച സ്റ്റോക്ക്‌ഹോം അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത ഏക രാജ്യം നമ്മുടെ ഇന്ത്യയാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ ദുരിതം സംബന്ധിച്ച് നിര്‍മ്മിച്ച പരിപാടികളാണ് ആസ്ട്രേലിയയിലും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കാരണമായത്‌ എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും പരിഹാസ്യമായി തീരുന്നത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വി.എസ് കേന്ദ്രത്തിനയച്ച കത്ത് ആ ഉച്ചകോടിയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു എന്നും അറിയുക. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളിലെ പ്രമുഖരും ഉണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ ഈ സംഘത്തില്‍ കയറിക്കൂടിയത്. ഇതു ആദ്യമായല്ല ഇത്തരക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും അറിയുക. അന്ന് ആ ഉച്ചകോടിയില്‍ പങ്കെടുത്ത സി.ജയകുമാര്‍ പറഞ്ഞത് മലയാളിയായതില്‍ അഭിമാനിക്കുകയും എന്നാല്‍ ഇന്ത്യക്കാരനായത്തില്‍ നാണിക്കുകയും ചെയ്ത അഞ്ച് ദിവസം എന്നാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ പോരാട്ടം ഈ വിഷത്തെ അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളും നിരോധിക്കാന്‍ ഒരു ചാലക ശക്തിയായി തീര്‍ന്നിരുന്നു എന്നോര്‍ക്കുക.

ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി പറയുന്നു കാസര്‍ഗോട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് പറയാന്‍ കഴിയില്ല. പിന്നെന്തു കുന്തമാണ് ഇതിനു കാരണമെന്ന് പറയാന്‍ ഈ മന്ത്രി ബാധ്യസ്ഥനാണ്. ഇതു അദ്ദേഹത്തിന്റെ (അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ ഖേദിക്കുന്നു) മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നിലപാടാണെന്ന് വ്യക്തം. ജനങ്ങളുടെ ആരോഗ്യമല്ല, എന്‍ഡോസള്‍ഫാന്‍ വിട്ടു കിട്ടുന്ന പണമാണ് അവര്‍ക്ക് മുഖ്യം. ദേ, ഇത്രേ കാലം നടത്തിയ പഠനങ്ങളൊന്നും പോരാഞ്ഞിട്ട് പിന്നേം രണ്ട് സംഘങ്ങളെ വെച്ചിരിക്കുന്നു. അതിലൊന്നിന്റെ മുതലാളി പണ്ട് ഈ എന്‍ഡോസള്‍ഫാന്‍ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് റിപ്പോര്‍ട്ട്‌ കൊടുത്ത മഹാനാണ്. ഒരു മലയാളിയെക്കൂടി ഈ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നു ഒരു ഔദാര്യവും കാണിച്ചിരിക്കുന്നു. വേണ്ടത് പഠനമല്ല, നിരോധനമാണ്. നിരോധിച്ചിട്ടു എത്ര വേണേലും പഠിച്ചോട്ടെ, അല്ല പിന്നെ. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് അവനവന്റെയും വേണ്ടപ്പെട്ടവരുടെയും ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടെയും കര്‍ത്തവ്യമാണ്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ഈ പ്രതിഷേധത്തിന്റെ ശക്തി നാം കണ്ടതാണ്. കാര്യമായ ഗുണം ഉണ്ടായില്ലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ ഈ ബില്ലില്‍ ഉണ്ടാക്കാന്‍ ഈ പ്രതിഷേധം കാരണമായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശക്തമായി ആവശ്യമുയര്‍ത്തുക. വീണ്ടും ചോദിക്കുക, ഇവര്‍ക്ക് ആരോടാണ് ബാധ്യത? അതോ ഇവര്‍ നമുക്ക് വെറും ബാധ്യതകള്‍ മാത്രമോ?

വാല്‍ക്കഷണം: പറയുമ്പോള്‍ അറിയാത്തോര്‍.......
നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
-ലെനിന്‍
ചിലപ്പോള്‍ എന്‍ഡോസള്‍ഫാന്റെ രൂപത്തിലും...!!

No comments:

Post a Comment