Wednesday 4 May 2011

മഴക്കാലം




മാത്യു നെല്ലിക്കുന്ന്‌
 അമേരിക്കയിലാണെങ്കിൽപോലും മഴ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. കേരളത്തിലായിരുന്നപ്പോൾ മീനം മേടം മാസങ്ങളിലെ കടുത്ത ചൂടിനുശേഷം വന്നണഞ്ഞിരുന്ന പുതുമഴ എനിക്കെന്നും ഒരനുഭവമായിരുന്നു. പുതുമഴത്തുള്ളികൾ ഉണങ്ങിവരണ്ട മണ്ണിൽ വന്നുപതിക്കുമ്പോൾ പതഞ്ഞുയരുന്ന കൊതിപ്പിക്കുന്ന മൺമണവും, ചാഞ്ഞമഴ ഇലത്തുമ്പുകളിലും തോട്ടുവെള്ളത്തിലും പതിക്കുമ്പോൾ ഉണ്ടാകുന്ന സംഗീതവും, കാറ്റിന്റെ താളമേളങ്ങളും, തവളകളുടെ കരച്ചിലും, ഈയലുകളും മഴമേഘപ്പക്ഷിയും നൃത്തംവയ്ക്കുന്ന ആകാശവും നോക്കിയിരിക്കുക എന്നത്‌ എനിക്ക്‌ ഹരമായിരുന്നു. മഴവെള്ളത്തിൽ കടലാസുതോണിയുണ്ടാക്കിക്കളിക്കുന്നതും കുട്ടിക്കാലത്ത്‌ എന്റെയൊരു വിനോദമായിരുന്നു. ഇവയെല്ലാം ഇന്നലേക്കഴിഞ്ഞതുപോലെ തോന്നുകയാണ്‌.
 സ്കൂൾതുറക്കുന്ന ദിവസംതന്നെ വന്നണയുന്ന കാലവർഷപ്പെയ്ത്തിൽ പുത്തനുടുപ്പും പാഠപുസ്തകങ്ങളും പാതിനനഞ്ഞും, ഒരുകുടക്കീഴിൽ മുന്നും നാലും കൂട്ടുകാരോടൊത്ത്‌ വെള്ളം തട്ടിച്ചിതറിച്ചും കൊണ്ട്‌ സ്കൂളിലേക്ക്‌ പോയിരുന്നകാലം ഇന്നുമെനിക്ക്‌ നിറം പിടിപ്പിച്ച ഓർമ്മകളാണ്‌. എന്റെ ചെറുപ്പക്കാലത്ത്‌ കനത്ത കാലവർഷം ഒരു പതിവനുഭവംതന്നെയായിരുന്നു. വനനശീകരണത്തിലൂടെ പ്രകൃതിയുടെ താളംതെറ്റിയതിനാൽ ഇന്ന്‌ മഴകുറഞ്ഞു. കാരണവന്മാർ പറഞ്ഞിരുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന ഇടവപ്പാതിയും തോരാതെപെയ്യുന്ന മഴയിൽ തോടും പാടവും നിറഞ്ഞൊഴുകുന്ന കർക്കിടവും, മിന്നൽപ്പിണരുകളാലും ഇടിമുഴക്കത്താലും ഭയന്നുവിറച്ചിരുന്ന തുലാവർഷവും ഇന്ന്‌ പഴയതുപോലെ കൃത്യസമയങ്ങളിൽ വന്നണയാറില്ല. മഴയ്ക്കും താളംതെറ്റിയിരിക്കുന്നു.
 2004 മാർച്ചിൽ അവിചാരിതമായി എനിക്ക്‌ കേരളത്തിൽ വരേണ്ടിവന്നു. അന്ന്‌ കേരളം മുഴുവൻ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സമയം. ഭൂഗർഭജലവിതാനം താഴ്‌ന്നതിനാൽ കുഴൽക്കിണറുകളിൽപോലും വെള്ളം വറ്റിയിരുന്നു. ആളുകൾ കൂട്ടംകൂട്ടമായി ജലം ശേഖരിക്കാൻ പ്ലാസ്റ്റിക്‌ ടാങ്കുകളും മറ്റുമായി വാഹനങ്ങളിൽ മൂവാറ്റുപുഴയാറിൽ എത്തുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. പഴയകാലം എന്റെ ഓർമ്മകളിലെത്തി. അന്നൊരിക്കൽപോലും വെള്ളത്തിനുവേണ്ടി ആളുകൾ അലയുന്നത്‌ കണ്ടിട്ടില്ല. എങ്ങും എവിടെയും ജലസമൃദ്ധിയായിരുന്നു. മഴനനഞ്ഞ്‌ മാമ്പഴവും കശുവണ്ടിയും പെറുക്കി, മഴവെള്ളത്തിൽ കുളിച്ചുകുളിച്ച്‌ മഴയെ കൂസാതെ നടന്നിരുന്ന ആളുകൾക്ക്‌, അന്തരീക്ഷമലിനീകരണംമൂലം ഏറ്റവും ശുദ്ധമെന്ന്‌ കരുതിയിരുന്ന മഴവെള്ളത്തെപ്പോലും ഭയമാണിപ്പോൾ.
 കാലവർഷാരംഭത്തോടുകൂടി പുഴയിൽനിന്നും ധാരാളം മത്സ്യങ്ങൾ തോടുകളിലൂടെ മുട്ടയിടുന്നതിനായി പാടത്തെത്താറുണ്ടായിരുന്നു. അവിടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ അവ ഓളങ്ങൾ സൃഷ്ടിച്ച്‌ പാഞ്ഞു നടക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ഇവയെ പിടിക്കുവാൻ ആളുകൾ വലകളും മീൻകൂടുകളും മറ്റുമായി പാടത്തുകൂടും. എല്ലാവർക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്യും. ഇപ്പോഴോ, കർക്കിടകത്തിലും ഇടവപ്പാതിയിലുംപോലും പുഴയിലും തോടുകളിലും വെള്ളം നന്നേകുറവാണ്‌.
 ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴയുടെ സംഗീതവും അതിന്റെ തണുപ്പും കേൾക്കുവാനും അനുഭവിക്കാനും എനിക്കിന്നും കൊതിയാണ്‌. കുഞ്ഞായിരുന്നപ്പോൾ കോരിച്ചൊരിയുന്ന മഴയിലൂടെ അമ്മയുടെ കൈപിടിച്ച്‌ പള്ളിയിലേക്കും ആശാൻകളരിയിലേക്കും പോയിരുന്ന ആ കാലം ഇന്നും ഓർമ്മയിൽ തെളിയുന്നു.

No comments:

Post a Comment