പ്രദീപ് പേരശ്ശന്നൂർ
ഓണം, വിഷു തുടങ്ങിയ വിശേഷങ്ങൾ വരുമ്പോൾ ഭയമായിരുന്നു. സന്തോഷപ്രദവും സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.രണ്ട് വിജാതീയധ്രൂവങ്ങളാണ് അച്ഛനുമമ്മയുമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാൻ പാടില്ലായിരുന്ന രണ്ട് ജന്മങ്ങൾ. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങൾക്കാണ് അവർ തമ്മിലുള്ള ശണ്ഠ തുടങ്ങുക. ദേഷ്യം മൂത്താൽ അച്ഛനാദ്യം ചെയ്യുക കയ്യിൽ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടയ്ക്കുകയാണ്. അടുക്കളയിൽ നിന്ന് ചോറും കറികളുമാണാദ്യം പുറത്തേക്ക് തെറിക്കുക. സ്റ്റീൽപാത്രങ്ങൾ പുറത്തേക്ക് തെറിക്കുന്ന ശബ്ദം കേൾക്കുമ്പോൾ എന്റെ ഹൃദയസ്പന്ദനം ദ്രുതഗതിയിലാകും. അപ്പോൾ തീർച്ചപ്പെടുത്താം. ആരംഭിച്ചു കഴിഞ്ഞു.
യുദ്ധം ആരംഭിച്ചാൽ അത് കൊഴുപ്പിക്കാൻ അച്ഛൻ വീണ്ടും ചാരായഷാപ്പിലേക്ക് പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്. ജനാലയിലെ കണ്ണാടികൾ തല്ലിത്തകർക്കുക, വാതിലുകൾ ചവിട്ടിതെറുപ്പിക്കുക പിന്നെ അമ്മയോടുള്ള ശാരീരികപീഡനവും. അതിനിടക്ക് കൺവെട്ടത്തെങ്ങാൻ എന്നെ കണ്ടാൽ അദ്ദേഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാൻ തുടങ്ങും. തന്തക്ക് പിറക്കാത്തവൻ എന്ന് കേൾക്കുമ്പോൾ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകൾ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും. എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കിക്കൊണ്ട്.
എന്തുകൊണ്ടാണ് അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത് എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുൾ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.
ഒരിക്കൽ അതിഘോരമായ ഒരു വക്കാണത്തിനൊടുവിൽ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപ്പോയി. ഞാനും അനിയനും ഞങ്ങളുടെ മുറിയിൽ ഒളിച്ചിരുന്നു. അച്ഛൻ രണ്ടാമതും ഷാപ്പിൽപോയി വന്ന് ചെരിപ്പിട്ടുരച്ചുകൊണ്ട് അകത്തേക്ക് വന്ന് എന്നെ പുകച്ച്പുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോൾ ഉമ്മറത്ത് ചെറിയ ഉരുളൻകല്ലുകൾ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേർക്കെറിഞ്ഞുകൊണ്ട് പറഞ്ഞു- "പന്തീരാൻ മിന്നടാ നായേ....."
പന്തീരാൻ എന്നത് വടികൊണ്ടുള്ള മിന്നൽവേഗത്തിലുള്ള ചുഴറ്റലാണ്. വൈദഗ്ദ്ധ്യപൂർവ്വം മിന്നൽവേഗത്തിൽ വടി ചുഴറ്റുമ്പോൾ ഒരാൾ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്താലോ ഏൽക്കില്ല എന്നാണ് ആയുധപ്പെരുമ.
ഞാൻ വടി മിന്നുമ്പോൾ അദ്ദേഹം വേഗത കൂട്ടാൻ കൽപിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണെന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.
ചുറ്റുവട്ടത്ത് കാഴ്ചക്കാർ കൂടുന്നതും പരിഹസിക്കുന്നതും പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട് കാഴ്ചക്കാർ പിൻവലിഞ്ഞപ്പോഴും അച്ഛൻ ഛർദ്ദിച്ച് ഛർദ്ദിച്ചുറങ്ങിയപ്പോഴും ഞാൻ പയറ്റ് നിർത്തിയില്ല. ദ്വേഷവും സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടിവിട്ട് ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.
ഉമ്മറത്ത് വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാൻ വന്ദിച്ചു മറി കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി പിറവിയെ ശപിച്ചു.
No comments:
Post a Comment