Wednesday, 4 May 2011

പൂർണ്ണിമ

പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - ആറ്‌
 "സ്ത്രീ സൗന്ദര്യം കണ്ട്‌ മനസ്സിലാക്കാത്തവനല്ല അവിനാശൻ, എന്നാൽ എല്ലാ സുന്ദരികൾക്കും മനസ്സിനെ ആകർഷിക്കാൻ സാധിക്കുകയില്ല. രാജേശ്വരിയെ കണ്ടു മുട്ടിയത്‌ മുതൽ അയാളുടെ മനസ്സിന്റെ ഭിത്തിയിൽ നിർമ്മലവും ഗുപ്തവുമായ ചില രേഖകൾ പതിഞ്ഞു. ഏകാന്തത്തയിൽ അയാൾ ധ്യാനനിരതനായിരുന്നുകൊണ്ട്‌ ആ രേഖകൾ വീക്ഷിച്ചാനന്ദിക്കാറുണ്ട്‌. ആ രേഖയ്ക്ക്‌ രാജേശ്വരിയുമായി സൗമ്യമുണ്ട്‌, കാൽ തുടങ്ങി. ഉറ്റചങ്ങാതിയായ രജനിയോട്പോലും ഈ രഹസ്യം പറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല. തന്റെ മനോവ്യഥയുടെ കാരണം തിട്ടമായി അയാൾക്കറിഞ്ഞു കൂടാ. എന്നാൽ രാജേശ്വരിയെ കണ്ടുമുട്ടിയത്‌ മുതലാണതുണ്ടായതെന്ന്‌ അന്തിമമായി അയാൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അയാൾ രജനിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
 രജനി വീട്ടിലില്ല. രമയേയും കണ്ടില്ല. വീട്‌ പൂട്ടിക്കിടക്കുന്നു. അയൽപക്കത്തുകാർക്കും, അവർ എവിടെപോയെന്നറിഞ്ഞു കൂടാ ടൗൺ വരെ ഒന്നുപോകാമെന്നയാൾ നിശ്ചയിച്ചു. വണ്ടി തിരിച്ചയച്ചു, കാൽനടയായി യാത്രചെയ്തു. പട്ടണം കഴിഞ്ഞു ഗ്രാമത്തിലേക്ക്‌ യാത്രയായി.
 സമയം സന്ധ്യയാകാറായി. അസ്തോന്മുഖനായ സഹസ്രമരീചി മാലിയുടെ ചരിഞ്ഞ ചെങ്കിരണങ്ങൾ വൃക്ഷത്തലപ്പുകളിലും നെൽപ്പാടങ്ങളിലും ശോണിതാഭ ചൊരിഞ്ഞു. ഒരു ചെറുകാറ്റ്‌ അയാളെ തഴുകിക്കൊണ്ട്‌ വഴിയോരത്തിലുള്ള ചെടികളെ ചലിപ്പിച്ചു മുന്നോട്ട്‌ പോയി. രണ്ട്‌ ചെറുപ്പക്കാരായ യൂറോപ്യൻ യുവതിയുവാക്കൾ കൈകോർത്തു തോളോട്‌ തോളുരുമ്മി നർമ്മാലാപ നിരതരായി അയാളുടെ വലതുവശത്തുകൂടെ മന്ദം മന്ദം നടന്നുപോയി. രണ്ട്‌ സ്കൂൾ കുട്ടികൾ തങ്ങളുടെ പുസ്തകങ്ങൾ മാറോട്‌ ചേർത്തുപിടിച്ചു. അന്യോന്യം വർത്തമാനം പറഞ്ഞു. ഇടയ്ക്കിടയ്ക്കു നിന്നും കൈ ദൂരത്തേയ്ക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ടെന്തോ പറഞ്ഞു ചിരിച്ചും മുന്നോട്ട്‌ പോകുന്നതയാൾ വീക്ഷിച്ചു. അയാൾ ചിന്തിച്ചു. നമ്മുടെ സ്ത്രീകൾ തൊട്ടുരുമ്മി റോഡിൽ കൂടെ പോകാറുണ്ടോ? പ്രത്യേകിച്ച്‌ യുവതിയുവാക്കൾ! അവർ പർദയുടെ ഉള്ളിൽ കിടന്നു വീർപ്പ്‌ മുട്ടിയാണല്ലോ ജീവിക്കുന്നത്‌. ശുദ്ധവായു കിട്ടാതെ വിറളിവെളുത്ത അവരുടെ മുഖം കാണേണ്ടതാണ്‌. ആ പോയ യൂറോപ്യൻ യുവമിഥുനങ്ങളുടെ മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ രക്തഛായയില്ലാത്ത കടലാസുപോലെയല്ലേ നമ്മുടെ സ്ത്രീകളുടെ മുഖം കാണുന്നത്‌. ഉന്മേഷം നശിച്ച അവരുടെ ജീവിതം എത്ര ശോചനീയമാണ്‌. എന്നാൽ രാജേശ്വരി അങ്ങനെയല്ല.
 അവളുടെ ഓർമ്മ അയാളെ ഉന്മേഷവാനാക്കി ഉള്ള്‌ പിടയ്ക്കാൻ തുടങ്ങി. അവളുടെ ഓർമ്മയാകുന്ന വലയിൽ കിടന്നുപിടയ്ക്കാൻ തുടങ്ങി അയാളുടെ മനസ്സാകുന്ന മത്സ്യം.
 "അനിയാ, വല്ലതും തരണെ! രാവിലെ മുതൽ വിശന്നു നടക്കേണ്‌" ഒരു സ്ത്രീയുടെ മധുരമായ സ്വരം. അയാൾ തിരിഞ്ഞു നോക്കി. പുറകിൽ ഒരു സ്ത്രീ തലമുഴുവൻ മൂടിക്കൊണ്ട്‌ നിൽക്കുന്നു. മുഖം കാണാൻ കഴിയുന്നില്ല. എന്നാലും തിളങ്ങുന്ന സുന്ദരമായ നേത്രങ്ങൾ. നക്ഷത്രംപോലിരിക്കുന്നു. വിശ്വ വശ്യങ്ങളാണാ മിഴികളെന്ന്‌ ഒറ്റനോട്ടത്തിൽ അയാൾ മനസ്സിലാക്കി. വായും മൂക്കും അവൾ കൈകൊണ്ട്‌ പൊത്തിപ്പിടിച്ചിരിക്കുന്നു. ഒരു ഭയാനകത ആ മുഖത്ത്‌ ദൃശ്യമായിരുന്നു. ആ മുഖത്തിന്‌ എന്തോ വൈകൃതമുള്ളതായി തോന്നി. അവളുടെ മൂക്ക്‌ മുറിഞ്ഞുപോയിരിക്കുന്നു. അവളുടെ സ്വരം കിളികൂജനം പോലിരിക്കുന്നു.
 പോക്കറ്റിൽ  നിന്ന്‌ ഒരുരൂപ എടുത്തവൾക്ക്‌ കൊടുത്തു. രണ്ട്‌ കൈയും താഴ്ത്തിപ്പിടിച്ചുകൊണ്ട്‌ ഒരു പ്രത്യേകരീതിയിലാണവൾ രൂപ വാങ്ങിയത്‌. ഒരു പ്രത്യേകരീതിയിൽ തലകുനിച്ചു നമസ്കരിച്ചുകൊണ്ടവൾപോയി.
 അവളുടെ മൂക്കിന്റെ സ്ഥാനത്തിൽ ഒരു ദ്വാരവും എന്തോ ഒരു വെളുത്തഭാഗവും അവിനാശൻ ദർശിച്ചു. ആ വികൃതമായ മുഖം കണ്ടപ്പോൾ അയാൾ ഭയന്നുപോയി. എന്നാൽ തേജോമയങ്ങളായ ആ നേത്രങ്ങൾ ഇതിന്‌ മുമ്പേതോ സ്ത്രീയിൽ അയാൾ ദർശിച്ചിട്ടുള്ളതായി തോന്നി. അവളുടെ വികൃതമുഖം മനസ്സിൽ നിന്നകറ്റാൻ ശ്രമിക്കുന്തോറും ഉത്തരോത്തരം മനസ്സിൽ രൂപം തെളിഞ്ഞുവരുന്നതായി തോന്നി. ഏതെങ്കിലും ഒരു സുന്ദരരൂപം കണ്ടേതീരു. അയാൾ രാജേശ്വരിയെ ഓർത്തു. ഈ വഴിയേപോയാലവളെ കാണാൻ പക്ഷേ സാധിച്ചേക്കുമെന്നയാൾ ഓർത്തു. ഏതാണ്ടീ വഴിക്കാണല്ലോ അവൾ വണ്ടിയിൽ നിന്നിറങ്ങി നടന്നത്‌. പക്ഷേ വീടെവിടെയാണെന്നയാൾക്ക്‌ നിശ്ചയമില്ല. ഒരിടവഴിയിൽ അയാൾ പ്രവേശിച്ചു. ആരോടെങ്കിലും ചോദിക്കാം. എല്ലാവരും പുച്ഛിച്ചുതള്ളികളയുന്ന വഴിയാണത്‌. പക്ഷേ അക്കൂട്ടർ തന്നെ പാത്തും പതുങ്ങിയും ആ വഴിയിൽ പോകുന്നുണ്ടെന്നും അയാൾക്കറിയാം.
 രാജേശ്വരി പാട്ടുകാരിയാണെന്നയാളോട്‌ പറഞ്ഞതെന്നയാളോർത്തു. അയാൾ മുന്നോട്ട്‌ നടന്നു. ഓരോവീടുവാതുക്കലും അയാൾ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.
 രണ്ട്‌ മൂന്നുതവണ അയാൾ ഈ വഴിയേ പോയിട്ടുണ്ട്‌ വണ്ടിയിലാണ്‌. നടന്നുപോകുന്നതാദ്യമാണ്‌. രണ്ട്‌ മൂന്നു കോളേജ്‌ കുമാരന്മാർ ഒരു വീട്ടുവാതുക്കൽ ഒരു സ്ത്രീയോടെന്തോ പറഞ്ഞു രസിക്കുന്നതയാൾ കണ്ടു അവർ ആ സ്ത്രീയോട്‌ എന്തോ കാര്യത്തിൽ തർക്കിക്കുന്നുണ്ടായിരുന്നു. അവിനാശന്റെ കൈകാലുകൾ വിറച്ചുകൊണ്ടിരുന്നു. തൊണ്ടവരണ്ടും തലകറങ്ങുംപോലെത്തോന്നി. ഒരുവീടിന്റെ ചുമരും ചാരി അൽപനേരം നിന്നു. "വരു ബാബു. അകത്ത്‌ വരൂ" ഒരു യുവതി ജനൽപാളിവഴി തലനീട്ടിക്കൊണ്ടയാളെ കൈകാട്ടിവിളിച്ചു. അതേസമയം ഒരു പുരുഷൻ ആ വീട്ടിൽ നിന്നിറങ്ങി വരുന്നതും അയാൾ കണ്ടു" ഞാൻ നാളെയും കാത്തിരിക്കും." അകത്ത്‌ നിന്നവളുടെ ശബ്ദം കേട്ടു അവിനാശനതിശയം തോന്നി. ഒരുത്തൻ പുറത്തേക്ക്‌ പോയതേയുള്ളു, വേറൊരാളെ അകത്തേക്ക്‌ ക്ഷണിക്കുന്നു. അൽപസമയമയാൾ ചിന്തിച്ചുകൊണ്ടവിടെ നിന്നുപോയി.
 തന്റെ തോളിൽ ആരോ കൈവച്ചതായി അവിനാശന്‌ അനുഭവപ്പെട്ടു. അയാൾ തിരിഞ്ഞുനോക്കിക്കൊണ്ട്‌ ചോദിച്ചു" എന്തു വേണം? മിസ്റ്റർ എന്റെ കൂടെവരൂ ഒരുഒന്നാന്തരം സാധനമാണ്‌ പുത്തൻസാധനമാണ്‌ കാണിച്ചുതരാം. വരണം സർ'
 'എവിടെയാണ്‌' അവിനാശൻ ചോദിച്ചു; അപരിചിതനാണ്‌. തന്നെ എവിടെയെങ്കിലും കൊണ്ടുപോയി ചാടിച്ചേക്കുമോ?
 ഫസ്റ്റ്ക്ലാസ്സാണ്‌ സാർ, എന്റെ കൂടെ ഒന്നു വന്നാൽ മതി"
എന്തിനാണെന്നാണ്‌ ഞാൻ ചോദിച്ചതു.
നല്ല കുടുംബത്തിലേതാണ്‌. പഠിപ്പുള്ളവളാണ്‌ സാർ ഒരിക്കൽ കണ്ടാൽ പിന്നെ വേറെ ഒരുസ്ഥലത്തും പോകൂല്ല സാർ, അത്രയ്ക്ക്‌ സുന്ദരിയാണ്‌.
അവിനാശൻ ഓർത്തും ഇങ്ങനെയുള്ളയിടങ്ങളിൽ ദല്ലാളുമാരുണ്ടാകും. ആഗതനോടയാൾക്ക്‌ വെറുപ്പുതോന്നിയെങ്കിലും ഇയാൾ തനിക്കുപകരിച്ചേക്കുമെന്നു പിന്നീട്‌ ഓർത്തും രാജേശ്വരിയുടെ വീട്ടിലേക്കയാൾ തന്നെ നയിക്കുമെന്നും അയാൾ ആശിച്ചു.
എനിക്കു രാജേശ്വരിയെ കാണണം - പാട്ടുകാരിയെ. ദല്ലാൾ അൽപസമയം ചിന്തിച്ചു നിന്നു. പിന്നീടയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു "ശരി എന്നാലവിടെകൊണ്ടുപോകും. വരൂ സാർ,.
രണ്ട്‌  പേരും മുന്നോട്ട്‌ നടത്തും" സാർ രാജേശ്വരിയുടെ വീട്ടിൽ മാത്രമേ പോയിട്ടുള്ളോ"
ഞാൻ ആരുടെ വീട്ടിലും പോയിട്ടില്ല. രാജേശ്വരിയുടെ വീട്ടിലും.
ആദ്യമായാണല്ലേ.
അതെ. എന്നയാൾപറഞ്ഞു. പക്ഷേ അങ്ങനെ പറയണ്ടായിരുന്നെന്നയാൾ പിന്നീടോർത്തു. തനിക്കിങ്ങനത്തെ സ്ഥലങ്ങളുമായി പരിചയമില്ലെന്നാരും അറിയരുതെന്നാണയാൾ കരുത്തിയത്‌. പക്ഷേ ഇനി ചിന്തിച്ചിട്ടെന്തു കാര്യം.
 സാരമില്ല സാർ, ധൈര്യമായിരിക്കൂ, ഞാൻ കാണിച്ചുതരാം വീട്‌. രണ്ട്‌ രൂപതരണം സാർ. അയാൾ കൈ നീട്ടി. രൂപ കൊടുക്കുന്നതവിനാശനിഷ്ടമല്ലായിരുന്നു. എന്നാൽ കാര്യം കാണണ്ടേ, അയാൾ രൂപകൊടുത്തു.
അടുത്തു തന്നെ ഒരു ബീഡിക്കടകണ്ടു. അവിനാശനെ ദല്ലാൾ അവിടേയ്ക്കു വിളിച്ചു കൊണ്ടുപോയി.
എന്താണു ബാബു വേണ്ടത്‌? ആനയോ കത്തൃകയോ, അവിനാശനതിന്റെ സാരം മനസ്സിലായില്ല.
എന്ത്‌ വേണമെന്നാണ്‌ ചോദിച്ചതു.
സിഗററ്റേ, സിഗററ്റ്‌. സാറിന്‌ ഏത്‌ തരം സിഗററ്റ്‌ വേണമെന്നാണ്‌ ചോദിച്ചതു. കൊമ്പൻമീശക്കാരൻ ബീഡിക്കാരൻ വിശദമാക്കി.
ഞാൻ സിഗരറ്റ്‌ വലിക്കാറില്ല.
ഓ അങ്ങിനെയോ - എന്നാലും വിഷയമില്ല. നാലണ തരണം സർ, മുറുക്കരുതോ.
ഞാൻ മുറുക്കിപ്പരിചയച്ചിട്ടില്ല.
കൊള്ളാം. സാർ ആള്‌ മോശം ഇവിടെവരുന്നവരാരും മുറുക്കാതിരുന്നിട്ടില്ല.
രണ്ട്‌ പായ്ക്കറ്റ്‌. ദല്ലാൾ കടക്കാരനോട്‌ സിഗരറ്റ്‌ വാങ്ങി.
റൊക്കോ - പേരിലോ
വേണ്ട - റൊക്കം
സാറെ നാലണ തരണം'
ചില്ലറയിൽ അവിനാശൻ അൽപംനീരസത്തോടെ പറഞ്ഞു.
അപ്പോൾ കുറിച്ചോളു
ദല്ലാൾ അവിനാശനെയും കൂട്ടി മുന്നോട്ട്‌ നടന്നു. ഒരു വീടിന്റെ വാതുക്കൽ ചെന്നപ്പോൾ ചോദിച്ചു.
എന്തു പേരാണ്‌ പറഞ്ഞത്‌
രാജേശ്വരി.
അതെ. ശരിയാണ്‌. ഇതാണ്‌ വീട്‌. വേഗം ചെല്ലു, ദല്ലാൾ അകത്തു  കടന്നു.
തളത്തിൽ ഒരു തടിമാടൻ മുണ്ടൻ വടി ചുഴറ്റിക്കൊണ്ട്‌ ഉലാത്തുന്നുണ്ടായിരുന്നു. ദല്ലാൾ അയാളോട്‌ ചോദിച്ചു എങ്ങനെയുണ്ട്‌ ചങ്ങാതി - സുഖമല്ലേ.
വരണം ബാബു" മുണ്ടൻ വടിക്കാരൻ അവിനാശനെ സ്വാഗതം ചെയ്തു.
അവിനാശൻ ഒരു മുറിയിൽ കടന്നു. അലങ്കരിച്ചു ഭംഗിയുള്ള മുറി. നാലഞ്ചു യുവതികൾ ഒരു കട്ടിലിൽ ഇരിക്കുന്നു. അവിനാശനെ കണ്ട മാത്രയിൽ അവർ ഒപ്പം എണീറ്റ്‌ അയാളുടെ നേരെ ചെന്നു. ഒരുത്തി അയാളുടെ കൈപിടിച്ച്‌ വലിച്ചു. അയാൾ കൈവിടുവിച്ചു പുറകോട്ട്‌ വലിഞ്ഞു. ഇങ്ങനെയുള്ള പെരുമാറ്റം അയാൾക്ക്‌ പുത്തിരിയായിരുന്നു.
ഇരുന്നൽപം വിശ്രമിക്കൂ സാർ. ദല്ലാൾ ഒരുത്തിയെ നോക്കി കണ്ണിറുമ്മി കാണിച്ചുകൊണ്ട്‌ സ്ഥലം വിടാനൊരുങ്ങി.
രാജേശ്വരിയെ കാണിച്ചു തന്നില്ലല്ലോ.
ഇപ്പോൾ വരും സർ, അൽപം സമയം ഇരുന്നു വിശ്രമിക്കൂ.
ദല്ലാൾ സ്ഥലം വിട്ടുകഴിഞ്ഞു.

No comments:

Post a Comment