Wednesday 4 May 2011

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

സന്തോഷ് പാലാ


ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്.

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്.

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്.

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്.

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്.

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്.

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ 
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും 
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്.

പുത്തരിക്കണ്ടത്തെ 
ചില അമ്മമാര്‍
സംഭവം 
എമാന്മാര്‍ രഹസ്യമാക്കണേ 
എന്ന
അപേക്ഷയാണ് വച്ചത്.

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ 
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു 
വരുന്നെന്നാണ് അറിയിച്ചത്.

ഇനിയും സംഭവം 
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും 
ഉച്ചയ്ക്കുള്ള സംഭവവും 
വൈകുന്നേരമുള്ള സംഭവവും  
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും 
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍ 
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
 ‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.



1 comment: