Wednesday 4 May 2011

ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു


ബക്കർ മേത്തല
ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു
ഇന്നലെ,
ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു
ഹരിതവന നിബിഢതയിൽ സീമന്തരേഖപോൽ
കാടിന്റെ കാർക്കൂന്തൽ വകഞ്ഞൊഴുകിയിരുന്നൊരുപുഴ
ഇത്തീരത്തുനിന്നു ചെവിയോർക്കുകിൽ കേൾക്കാം
ഭൂഗർഭത്തിലാണ്ടൊരീപുഴയുടെ തേങ്ങൽ
ഇത്തീരത്തുനിന്നു കൺപാർക്കുകിൽകാണാം
ഭൂമിയുടെ കണ്ണുനീർപ്പാടുപോൽ കുഴികൾ

പൊന്നുരുക്കീടുന്ന വെയിലിൽ തിളങ്ങിയും
ചിത്രം വരക്കുംനിലാവിൽ മയങ്ങിയും
തീരങ്ങളിൽ പീലിവിടർത്തിയാടീടും
അരിയതരുനിരകൾക്ക്‌ സ്വപ്നം കൊടുത്തും
മഴപെയ്തിടുന്നേരമാത്മഹർഷത്താലെ
കൊലുസിട്ടുനർത്തനം ചെയ്തുകൊണ്ടും
മർത്ത്യന്നു ജീവജലം കൊടുക്കാനായി
അമൃതകുംഭങ്ങൾ നിറച്ചിരുന്നു
ഈപുഴ ഇന്നലെ
സ്വർഗ്ഗസംഗീതം പൊഴിച്ചിരുന്നു
അക്കരെയിക്കരെ എന്ന സത്യത്തിന്റെ
കടവുകൾ നിത്യം കടന്നിരുന്നു.
ഇന്നലെ,
മത്സ്യങ്ങൾ നീന്തിക്കളിച്ചൊരീപുഴയിൽ
മനുഷ്യരും നീന്തിത്തുടിച്ചിരുന്നു
കുഞ്ഞിളംകാറ്റിന്റെ കുളിരാർന്നചിറകിൽ
തോണിപ്പാട്ടീണം നിറച്ചിരുന്നു
ചെറുമീനുകൾ കൊത്തിടാൻ നീലപൊന്മകൾ
ചിറകു വിടർത്തിപ്പറന്നിരുന്നു.

പുഴതന്നാഴം അളക്കും കഴുക്കോലാൽ
പേശികൾ പൗരുഷം തീർത്തിരുന്നു
ഒരുനാളൊരു രക്തസാക്ഷിതൻ ചോരയിൽ
ഈ വെള്ളം ചോപ്പായ്‌ ജ്വലിച്ചിരുന്നു.

ഇത്തീരത്തു കതിരിട്ട സംസ്കൃതികളെത്ര
ഇത്തീരത്തു തളിരിട്ട പ്രണയങ്ങളെത്ര
ആടിത്തിമർത്ത മാമാങ്കങ്ങളെത്ര
നീറ്റിൽത്തുടിച്ച തിരുവാതിരകളെത്ര

ഇന്നിവിടെ പുഴയില്ല തിരയില്ല തീരമില്ല
കവിതകൾ മൂളുന്ന കുഞ്ഞിളം കാറ്റിന്റെ കുളിരുമില്ല
പുഴവെള്ളം കോരുവാനിലകൾ നീട്ടീടുന്ന
ചാഞ്ഞചരിഞ്ഞ മരങ്ങളില്ല
തീരങ്ങൾ തോറും തലനീട്ടിനിന്നൊരാ
കണ്ടലിൻ ഇണ്ടലുകളേതുമില്ല
മണൽത്തട്ടിൽ ഞണ്ടുകൾ കാലാൽവരക്കുന്ന
കൗതുക ചിത്രങ്ങളൊട്ടുമില്ല
അടന്തയും കോളാമ്പിപ്പൂക്കളും തോളിൽ
കൈയിട്ടുനിൽക്കുന്ന കാഴ്ചയില്ല
സൂര്യാതപത്തിന്റെ ചുംബനച്ചൂടിൽ
ഇതൾവിരിയും ജലപുഷ്പഭംഗിയില്ല.
ഇന്നിവിടെ ലോറിതൻ നിരകൾ മാത്രം
ആസന്നമരണനായ്‌ ഊർദ്ധംവലിക്കും മനുഷ്യന്റെ
പേടിപ്പെടുത്തും കിതപ്പുപേൽ
ലോറികൾ മണ്ണും കയറ്റിക്കുതിച്ചുപോം
പേടിപ്പെടുത്തുന്നൊരൊച്ചമാത്രം
മാനത്തിൻ നെഞ്ചുതുളച്ചുനിൽക്കുന്നൊരീ
വിഷപ്പുകതുപ്പും കുഴലു മാത്രം!

1 comment:

  1. പുതിയ കാവലാളായി നീ വാഴ്‌വിന്റെ
    വഴികൾ തോറും വെളിച്ചം വിതച്ചിടും!

    അധിനിവേശത്തിനെതിരെ വാക്കിന്റെ വാള്‍
    മുനതറയ്ക്കുന്ന വരികള്‍ക്കു നന്ദി

    ReplyDelete